ജിദ്ദ: സ്വദേശികൾക്കു വിദേശികൾക്കും അടക്കം ആയിരക്കണക്കിന് ആശ്വാസകരമാകുന്ന തരത്തിൽ ചെലവു കുറഞ്ഞ ആഭ്യന്തര ഹജ്ജ് സർവീസിന് ഹജ്ജ് മന്ത്രാലയം സൗകര്യമൊരുക്കുന്നു. ഇതിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഇന്നു മുതൽ ആരംഭിക്കും.

2500 റിയാൽ ചെലവിൽ ഹജ്ജ് നിർവഹിക്കാമെന്നതാണ് ഇതിന്റെ മെച്ചം. അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ രണ്ടു ദിവസത്തിനകം ഫീസ് അടയ്ക്കുകയും അടുത്ത 48 മണിക്കൂറിനുള്ളിൽ അനുമതി പത്രം കൈപ്പറ്റുന്നതടക്കമുള്ള തുടർ നടപടികൾ പൂർത്തിയാക്കുകയും വേണം. അനുവദിച്ച സമയപരിധിക്കുള്ളിൽ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയിരിക്കണമെന്ന് ഹജ്ജ് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

വരുമാനം കുറഞ്ഞവർക്ക് ഹജ്ജിനുള്ള സൗകര്യമൊരുക്കുകയാണ് ഈ കുറഞ്ഞ ചെലവിലുള്ള പദ്ധതി പ്രകാരം. ഇടനിലക്കാരെ ഒഴിവാക്കി മന്ത്രാലയം നേരിട്ട് നടത്തുന്നതായതിനാൽ ഇത്തരക്കാർക്ക് ഏറെ ആശ്വാസകരമാകുകയാണ് പുതിയ പദ്ധതി. സ്വദേശികൾക്കും വിദേശികൾക്കും ഹജ്ജ് മന്ത്രാലയത്തിന്റെ വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാം. എന്നാൽ നിശ്ചിത ദിവസത്തിനകം അന്വേഷണം നടത്താത്തവരുടെ രജിസ്‌ട്രേഷൻ കാൻസലാകുകയും പകരം സീറ്റ് മറ്റൊരാൾക്ക് അനുവദിക്കുകയും ചെയ്യും.
വിശദ വിവരങ്ങൾക്ക്  locallowfare.haj.gov.sa