കൊച്ചി: മധ്യ കിഴക്കൻ ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം കൂടുതൽ ശക്തി പ്രാപിച്ചു പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ദ്ദരുടെ പ്രവചനം.

സെപ്റ്റംബർ മാസത്തിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന നാലാമത്തെ ന്യൂനമർദ്ദമാണിത്. ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിന്റെ ഫലമായി കേരളത്തിൽ സെപ്റ്റംബർ 25 മുതൽ 28 വരെ മഴ സജീവമാകാൻ സാധ്യതയുണ്ട്. മധ്യ തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. കാലാവസ്ഥ പ്രക്ഷുബ്ധമാവാനുള്ള സാധ്യത മുൻനിർത്തി സെപ്റ്റംബർ 27 മുതൽ 28 വരെ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 24 മുതൽ 28 വരെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട്ചേർന്ന തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും കന്യാകുമാരി മേഖലകളിലും മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

27- 28 തീയ്യതികളിൽ മാലിദ്വീപ് പ്രദേശത്ത് മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെവേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളല്ല.