മെൽബൺ: നാലു വർഷമായി ശമ്പള വളർച്ചാ നിരക്കിൽ മാന്ദ്യം അനുഭവപ്പെടുന്നത് പലിശ നിരക്ക് കുറയ്ക്കാൻ കാരണമായേക്കുമെന്ന് സൂചന. റിസർവ് ബാങ്കിന്റെ കഴിഞ്ഞ സമ്മേളനത്തിന്റെ കരട് രേഖ അനുസരിച്ച് തൊഴിലാളികളുടെ ശമ്പള നിരക്കിൽ മന്ദഗതിയിലുള്ള വളർച്ചയാണ് രേഖപ്പെടുത്തുന്നതെന്നാണ് വിലയിരുത്തിയിട്ടുള്ളത്.

കഴിഞ്ഞ നാലു വർഷമായി ലേബർ ചെലവുകൾ മാറാതെ നിലനിൽക്കുന്നതായാണ് നാഷണൽ അക്കൗണ്ട്‌സ് കണ്ടെത്തിയിട്ടുള്ളത്. ലേബർ പ്രൊഡക്ടിവിറ്റിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്തരത്തിൽ ശമ്പള വളർച്ചാ നിരക്ക് കുറവാണെന്നാണ് റിസർവ് ബാങ്ക് വിലയിരുത്തൽ. അതേസമയം വേജ് ഗ്രോത്തിലുള്ള മാന്ദ്യത്തിന് മറ്റൊരു നല്ല വശം കൂടിയുണ്ടെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇത് തൊഴിലില്ലായ്മ കുറയ്ക്കുന്നതിൽ ഏറെ പങ്കുവഹിക്കുന്നുവെന്ന് ആർബിഎ വെളിപ്പെടുത്തുന്നു. ഫെബ്രുവരിയിൽ തൊഴിലില്ലായ്മ നിരക്ക് 5.8 ശതമാനമായി കുറയുകയായിരുന്നു. മാർച്ചിലും ഇത് 5.7 ശതമാനമായി ചുരുങ്ങി.

തുടർച്ചയായി തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു വരുന്നത് ലേബർ മാർക്കറ്റിനെ ശക്തിപ്പെടുത്തുന്നുവെന്നും ആർബിഎ വിലയിരുത്തുന്നു. താഴ്ന്ന നാണ്യപ്പെരുപ്പ നിരക്കും ഡോളർ വിലയിലുണ്ടായ വർധനയും പലിശ നിരക്ക് നിജപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. നിലവിൽ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ രണ്ടു ശതമാനമാണ് പലിശ നിരക്ക്. ഏപ്രിൽ അഞ്ചിനു ചേർന്ന ആർബിഎ മീറ്റിംഗിലും നിരക്ക് മാറ്റമില്ലാതെ തുടരാൻ തീരുമാനിക്കുകയായിരുന്നു.

മെയ്‌ മൂന്നിനാണ് അടുത്ത ആർബിഎ മീറ്റിങ്. ഉടനെയെങ്ങും പലിശ നിരക്ക് താഴ്‌ത്തിയില്ലെങ്കിലും ഈ വർഷം അവസാനത്തോടെ നിരക്കിൽ വെട്ടിച്ചുരുക്കൽ നടത്തുമെന്നാണ് പ്രതീക്ഷ. രണ്ടു ശതമാനമെന്നത് ചുരുങ്ങി 1.75 ശതമാനത്തിലെത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. അടുത്ത ആർബിഎ മീറ്റിംഗിൽ ഫെഡറൽ ബജറ്റായിരിക്കും പ്രധാന ചർച്ചാ വിഷയം. വർഷാവസാനത്തോടെ പലിശ നിരക്കിൽ വെട്ടിക്കുറയ്ക്കൽ നടത്തുമെന്നാണ് 50 ശതമാനം പേരുടേയും പ്രതീക്ഷ.