ബർലിൻ: മുസ്‌ളിം വിദ്യാർത്ഥിനി മുഖത്തു നിന്ന് ബുർഖ മാറ്റാൻ വിസമ്മതിച്ചതിനെ ത്തുടർന്നുണ്ടായ വിവാദങ്ങളുടെ പിന്തുടർന്ന് ലോവർ സാക്‌സണി സ്‌കൂളുകളിൽ പുതിയ നിയമനിർമ്മാണത്തിന് പദ്ധതിയിടുന്നതായി സൂചന. ലോവർ സാക്‌സണി സ്റ്റേറ്റിലെ സ്‌കൂളുകളിൽ ബുർഖയും നിഖാബും ഉൾപ്പെടെ മുഖം മറയ്ക്കുന്ന തരത്തിലുള്ള എല്ലാത്തരം വസ്ത്രധാരണ രീതികളും നിരോധിക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്. ഇതു സംബന്ധിച്ച പ്രഖ്യാപനം ഈ മാസം തന്നെ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നിരോധനത്തിന് ആവശ്യമായ നിയമ നിർമ്മാണം സ്റ്റേറ്റ് പാർലമെന്റ് ഏകകണ്ഠമായി പാസാക്കിയിട്ടുണ്ട്്. സർക്കാരിന്റെ അനുമതി കൂടി ലഭ്യമായാൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.

നിരോധനം എങ്ങനെ നടപ്പാക്കണമെന്നതു സംബന്ധിച്ച മാർഗനിർദേശങ്ങൾ സ്‌കൂളുകൾക്കായി വിശദമായി തന്നെ സർക്കാർ തയാറാക്കി നൽകും. അതേസമയം, ഇത്തരം കാര്യങ്ങൾ സ്‌കൂളുകൾ നേരിട്ടു കൈകാര്യം ചെയ്യുന്നതാണു നല്ലതെന്നും, സർക്കാർ ഇടപെടൽ അനാവശ്യമാണെന്നും ചില സ്‌കൂൾ മാനെജ്‌മെന്റുകൾ അഭിപ്രായപ്പെടുന്നുണ്ട്.

അതുപോലെ തന്നെ പുതിയ തീരുമാനത്തിനെതിരെ എതിർപ്പുമായി ചില രക്ഷിതാക്കളും രംഗത്തുണ്ട്. എന്നാൽ അദ്ധ്യാപകരുടെ സംഘടന പുതിയ തീരുമാനത്തിനെ അനുകൂലിച്ച് രംഗത്തുണ്ട്.