തിരുവനന്തപുരം: തിരുവനന്തപുരം ലൊയോള സ്‌കൂളിന്റെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ ലൊയോള ഓൾഡ് ബോയ്‌സ് അസോസിയേഷന്റെ (ലോബ) ഈ വർഷത്തെ ഗ്ലോബൽ ലീഡർഷിപ് അവാർഡിന് ഉദാര കലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഹരിയാനയിലെ പൂർണ റെസിഡെൻഷ്യൽ, ഇന്റർഡിസിപ്ലിനറി, മൾട്ടി ഡിസിപ്ലിനറി സര്വകലാശാലയായ അശോക യൂണിവേഴ്‌സിറ്റിയിലെ പ്രൊ വൈസ് ചാൻസലർ ശങ്കർ കൃഷ്ണനും, യങ് അചീവേഴ്‌സ് അവാർഡിന് ലോക ബാങ്കിന്റെ ആന്ധ്രാ പ്രദേശ്, തെലങ്കാന സർക്കാരുകളുടെ റസിഡന്റ് പ്രതിനിധിയായ ബാലകൃഷ്ണൻ മാധവൻകുട്ടിയും അർഹരായി.

ലോകമെമ്പാടും നാലായിരത്തോളം അംഗങ്ങളുള്ള പൂർവ വിദ്യാർത്ഥി സംഘടനയാണ് ലോബ. 2015 മുതലാണ് ലൊയോള ഓൾഡ് ബോയ്‌സ് അസോസിയേഷൻ അവാർഡുകൾ ഏർപ്പെടുത്തിയത്. അവാർഡ് ദാന ചടങ്ങ് 2018 ജനുവരി 19 ന് വൈകുന്നേരം 6.30 മണിക്ക് തിരുവനന്തപുരം ഗോൾഫ് ക്ലബ്ബിൽ വെച്ച് നടക്കും. മേക് എ ഡിഫറൻസ് (MAD), സഹസ്ഥാപകനും സി ഇ ഒ യുമായ ജിതിൻ സി നെടുമല ചടങ്ങിൽ വിശിഷ്ടാതിഥിയാകും.

സി ഇ ടിയിൽ നിന്ന് ബിടെക്കും ഐ ഐ എമ്മിൽ നിന്ന് എം ബി എ യും നേടിയ ശങ്കർ കൃഷ്ണൻ മക്കിൻസിയുടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പങ്കാളികളിൽ ഒരാളായിരുന്നു. മക്കിൻസിയിൽ ഏഷ്യയിലും യൂറോപ്പിലുമുടനീളമുള്ള മുൻനിര ഫാർമസ്യുട്ടിക്കൽ, ഹെൽത്ത് കെയർ സ്ഥാപനങ്ങൾക്ക് തന്ത്രപരമായ നിർദേശങ്ങൾ നൽകുന്നതിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇന്ത്യയിലെയും ചൈനയിലെയും ഹെൽത്ത് കെയർ പരിശീലനത്തിന് നേതൃത്വം നൽകിയ ശങ്കർ ആറു വർഷത്തോളം മക്കിൻസിയുടെ പ്രീമിയർ നേതൃത്വ പദ്ധതിയുടെ ഗ്ലോബൽ ഡീനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ലാഭേച്ഛയില്ലാതെ കൺസൾട്ടിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ടെസ്സറാക്ട് കൺസൾട്ടിങ്ങിന്റെ സി ഇ ഒ കൂടിയാണ് ഗ്ലോബൽ ലീഡർഷിപ് അവാർഡ് ജേതാവ് ശങ്കർ കൃഷ്ണൻ. ഇന്ത്യയിലെ തങ്ങളുടെ എയ്ഡ്‌സ് പ്രതിരോധ പദ്ധതികളുടെ പ്രവർത്തനം മനസ്സിലാക്കുന്നതിനും ഭാവിയിലേക്ക് ഒരു സംഘടനാ മാതൃക വികസിപ്പിക്കുന്നതിനുമായി ഒരു ആഗോള ഫൗണ്ടേഷനുമായി ചേർന്ന് പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം. 2011ൽ കേരള സർക്കാരിനായി പഞ്ച വത്സര പദ്ധതി തയ്യാറാക്കുന്ന ഹെൽത്ത് കെയർ വർക്കിങ് ഗ്രൂപ്പിലെ ഒരംഗം കൂടിയായിരുന്നു ശങ്കർ. കൂടാതെ സംഭാഷണ ഭാഷയും കേൾവി അസ്വസ്ഥതയുമുള്ള വ്യക്തികളുടെ പഠനത്തിനും പുനരധിവാസത്തിനുമായി പ്രവർത്തിക്കുന്ന അർദ്ധ സർക്കാർ സ്ഥാപനമായ നിഷിന്റെ ഉപദേശക സമിതി അംഗമായും നിരവധി സംരംഭങ്ങൾക്കും സാങ്കേതിക സ്ഥാപനങ്ങൾക്കും മുഖ്യ ഉപദേഷ്ടാവായി അമേരിക്കയിലും യൂറോപ്പിലും പുതിയ മാനേജർമാർക്കായി നേതൃത്വ വികസന പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്.

ലോക ബാങ്കിൽ ആന്ധ്രാ പ്രദേശ്, തെലങ്കാന സർക്കാരുകളുടെ റസിഡന്റ് പ്രതിനിധിയായ യങ് അചീവേഴ്‌സ് അവാർഡ് ജേതാവായ ബാലകൃഷ്ണൻ മാധവൻകുട്ടി ഇന്ത്യൻ സർക്കാരിന്റെ ഗ്രാമീണ വികസന പദ്ധതികൾ, ദേശിയ ഗ്രാമീണ ഉപജീവന മിഷൻ, ഗൈഡിങ് പോളിസി ഫോർമുലേഷൻ, 150 മില്യൺ ഡോളർ മുതൽമുടക്ക് കണക്കുകൂട്ടുന്ന മുൻനിര വികസന പ്രവർത്തനങ്ങളും, ഗ്രാമങ്ങളെ ഉൾപ്പെടുത്തി വിവിധ ഘട്ടങ്ങളായുള്ള വികസന പദ്ധതികളുമടങ്ങുന്ന പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു.

ഇദ്ദേഹം മുൻകാലത്ത് കേംബ്രിഡ്ജിലെ യൂണിറ്റേറിയൻ യൂണിവേഴ്‌സലിസ്റ്റ് സർവീസ് കമ്മിറ്റിയുടെ സ്ട്രാറ്റജിക് മാനേജ്‌മെന്റ് കൺസൾട്ടന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സി ഇ ടി യിൽ നിന്നും എഞ്ചിനീയറിംഗിൽ ബിരുദവും ഐ ആർ എം എ യിൽ നിന്നും എം ബി എ യും കരസ്ഥമാക്കിയിട്ടുണ്ട്. ഇതിനു പുറമെ ഹാർവാർഡിൽ പബ്ലിക് അഡ്‌മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദവും അഭ്യസിക്കുന്നുണ്ട്.
'പുതിയ തലമുറയ്ക്ക് മാർഗദർശികളായ വ്യക്തികളെ ആദരിക്കുന്നതിനോടൊപ്പം അവാർഡിനർഹരാകുന്ന വ്യക്തികൾ പുതിയ തലമുറയ്ക്ക് പ്രചോദനമാകുമെന്നും ഞങ്ങൾക്ക് വിശ്വാസമുണ്ടെന്ന് ലൊയോള ഓൾഡ് ബോയ്‌സ് അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് സുതൻ അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ തന്നെ മികച്ച പൂർവ വിദ്യാർത്ഥി അസ്സോസിയേഷനുകളിൽ ഒന്നായ ലോബ കഴിഞ്ഞ വർഷം 120 ലൊയോള സ്‌കൂൾ അംഗങ്ങൾക്ക് മെഡിക്കൽ ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തിയിരുന്നു. ഈ വർഷം അനദ്ധ്യാപകർക്കായി അസോസിയേഷൻ പെൻഷനും ആരംഭിക്കും. ലോബയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ ഇൻഷുറൻസിനും പെൻഷനും ഉള്ള ധനസഹായം നൽകും അദ്ദേഹം കൂട്ടിച്ചേർത്തു.