ബുദാബിയിൽ സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറുകളുടെ വില മൂന്ന് ദിർഹം കുറച്ചു. അഡ്നോക് ആണ് പാചക വാതക സിലിണ്ടറുകൾക്ക് വില കുറച്ചതായി പ്രഖ്യാപിച്ചത്. പുതിയ വിലയനുസരിച്ച് 46 ദിർഹമായിരുന്ന 25 പൗണ്ട് സിലിണ്ടറിന് ഇനി മുതൽ 43 ദിർഹമായിരിക്കും ഈടാക്കുക. ഇതോടൊപ്പം 92 ദിർഹമായിരുന്ന 50 പൗണ്ട് സിലിണ്ടറിന് 86 ദിർഹമായും വില കുറച്ചിട്ടുണ്ട്.

അബുദാബിയിലും വടക്കൻ എമിറേറ്റുകളിലുമുള്ള അഡ്നോക്കിന്റെ എല്ലാ കേന്ദ്രങ്ങളിലും ഇന്നു മുതൽ പുതിയ വില നിലവിൽ വരും. അതേസമയം റഹാൽ ഇഗ്യാസ് കാർഡ് ഉള്ളവർക്ക് അഡ്നോക് സബ്സിഡി നൽകുന്നുണ്ട്. 25 പൗണ്ട് സിലിണ്ടറിന് വെറും 20 ദിർഹവും 50 പൗണ്ട് സിലിണ്ടറിന് 30 ദിർഹവുമാണ് ഇത്തരക്കാരിൽ നിന്നും ഈടാക്കുന്നത്. അടുത്ത ഒരു മാസക്കാലത്തേക്കുള്ള വിലയാണ് ഇപ്പോൾ അഡ്നോക് നിശ്ചയിച്ചത്. ഇത്തരത്തിൽ എല്ലാ മാസവും പത്തിന് വില നിശ്ചയിക്കാനാണ് അധികൃതരുടെ തീരുമാനം.