- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുക്കളകളിൽ ആശ്വാസമാകുന്നു; എൽപിജി സിലിണ്ടറുകൾക്ക് ഇനി എല്ലാ മാസവും വിലക്കുറയും; ഗുണകരമാകുന്നത് അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിലുണ്ടായ കുറവ്
ന്യൂഡൽഹി: തുടർച്ചയായ വില വർദ്ധനയ്ക്ക് ശേഷം പാചകവാതക വില ഇന്ന് കുറഞ്ഞു. 10 രൂപയാണ് ഇന്ന് കുറച്ച വിലയെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചു. സബ്സിഡിയില്ലാത്ത ഗാർഹിക സിലിണ്ടറിനാണ് വിലക്കുറവുണ്ടായത്. വരും ദിവസങ്ങളിലും പാചകവാതക വില വീണ്ടും കുറയുമെന്നാണ് സൂചന. അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിലുണ്ടായ നേരിയ കുറവാണ് രാജ്യത്ത് 10 രൂപ കുറയ്ക്കാൻ കാരണമായത്.
മാർച്ച് മാസത്തിൽ സബ്സിഡിയില്ലാത്ത സിലിണ്ടറിന് 125 രൂപ വർദ്ധിപ്പിച്ചിരുന്നു.2020 നവംബർ മുതൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന് വില കുതിച്ചുയരുകയാണ്. ഇറക്കുമതി ചെയ്യുന്ന ക്രൂഡോയിലിൽ ഏറെ ഇന്ത്യ ആശ്രയിക്കുന്നതിനാൽ രാജ്യത്തെ ആഭ്യന്തര വിപണിയിലും പെട്രോളിയം വില വലിയ വർദ്ധന രേഖപ്പെടുത്തിയിരുന്നു.എന്നാൽ ഏഷ്യയിലും യൂറോപ്പിലും രണ്ടാംഘട്ട കോവിഡ് രോഗവ്യാപനം ശക്തമായതോടെ അന്താരാഷ്ട്ര വിപണിയിൽ പെട്രോളിയം ഉൽപന്നങ്ങളുടെ വില മാർച്ച് രണ്ടാം പകുതിയോടെ കുറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പെട്രോളിന്റെയും ഡീസലിന്റയും ചില്ലറ വിൽപന വില പെട്രോളിയം കമ്പനികൾ രാജ്യത്ത് കുറച്ചു. ഇതോടെ കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ പെട്രോൾ 61 പൈസയും ഡീസൽ 60 പൈസയും കുറഞ്ഞു.തുടർന്ന് വിലക്കയറ്റത്തിനും നേരിയ കുറവ് വന്നിട്ടുണ്ട്.എൽപിജി വിലക്കുറവ് വരുത്തിയതോടെ 14.2 കിലോ സബ്സിഡിയില്ലാത്ത സിലിണ്ടറിന് ഡൽഹിയിലും മുംബയിലും 809 രൂപയായി.
കൊൽക്കത്തയിൽ 835.50 രൂപയായി. ചെന്നൈയിൽ 825 രൂപയായി. രാജ്യത്ത് പാചകവാതക വില നിർണയിക്കുന്നത് ഓരോ മാസം കൂടുമ്പോഴാണ്. എൽപിജിയുടെ അന്താരാഷ്ട്ര മാർക്കറ്റ് അനുസരിച്ചും ഇന്ത്യൻ രൂപ അമേരിക്കൻ ഡോളറിനെതിരെ നില മെച്ചപ്പെടുത്തുമ്പോഴോ ആണ് വിലക്കുറവ് ഉണ്ടാകുക. രാജ്യത്ത് എൽപിജി സിലിണ്ടറിന് ഏറ്റവുമധികം വില ഉയർന്നത് 2018 നവംബറിലാണ്. അന്ന് 939 രൂപയായിരുന്നു വില.
മറുനാടന് മലയാളി ബ്യൂറോ