കൊച്ചി: പാചക വാതക-ഇന്ധന വില വർധനയിൽ കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചു. ഭാരവാഹികൾ തലമൊട്ടയടിച്ച് പ്രതീകാത്മകമായി പിച്ച ചട്ടിയെടുത്താണ് പ്രതിഷേധിച്ചത്.

കൊച്ചിയിൽ രാവിലെ 11 ന് പനമ്പിള്ളി നഗർ ഐഒസി ഓഫീസിന് മുന്നിലാണ് പ്രതിഷേധിച്ചത്. സംസ്ഥാന, ജില്ലാ ഭാരവാഹികൾ ഉൾപ്പെടെ നിരവധി പേർ തലമൊട്ടയടിച്ചു.പാചകവാതകത്തിന് വിലകൂട്ടിയതോടെ ഹോട്ടലുകൾക്ക് ദിവസം 1500 രൂപയുടെ അധിക ബാധ്യതയാണ് വരുന്നത്. കോവിഡിനെ തുടന്ന് പ്രതിസന്ധിയിലായ ഹോട്ടൽ മേഖലക്ക് കനത്ത തിരിച്ചടിയാണ് ഇതുണ്ടാക്കിയത്.

ഹോട്ടലുടമകളിൽ ഭൂരിഭാഗവും കടക്കെണിയിലാണെന്ന് ഭാരവാഹികൾ പറയുന്നു. ഭക്ഷണവിഭവങ്ങൾക്ക് വില വർധിപ്പിക്കാതെ പിടിച്ചുനിൽക്കാൻ കഴിയാത്ത സാഹചര്യമാണ്. പാചകവാതകത്തിന്റെ വില കുത്തനെ ഉയർന്നതോടെ, വരുമാനത്തേക്കാൾ കൂടുതൽ ചെലവ് ഉയർന്നതായി ഭാരവാഹികൾ പറയുന്നു.