- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരഞ്ഞെടുപ്പു ബഹളങ്ങൾ കഴിഞ്ഞത് പിന്നാലെ ഇരുട്ടടി; ഗാർഹിക പാചക വാതക വില 50 രൂപ ഉയർന്ന് 701 ആയി; വാണിജ്യ സിലിണ്ടറിന് 1,330 രൂപയിലെത്തി; ഒരു മാസത്തിനുള്ളിൽ എൽപിജി വില ഉയർത്തുന്നത് രണ്ടാം തവണ; സാധാരണക്കാരുടെ വീടുകളിൽ അടുപ്പെരിയാൻ ഇനി തീവില നൽകണം
ന്യുഡൽഹി: പാചക വാതക വിലയിൽ വീണ്ടും വൻ വർധനവ്. ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറിന് 50 രൂപ ഉയർന്ന് 701 രൂപയായി. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 37 രൂപയാണ് ഉയർന്നത്. 1,330 രൂപയിലെത്തി. പുതുക്കിയ വില ഇന്നു മുതൽ നിലവിൽ വന്നു. ഒരു മാസത്തിനുള്ളിൽ രണ്ടാം തവണയാണ് എൽ.പി.ജി വില ഉയരുന്നത്.
കേരളത്തിൽ അടക്കം തദ്ദേശ തെരഞഞ്ഞെടുപ്പു ബഹളങ്ങൾ കഴിഞ്ഞ ശേഷമാണ് പാചകവാതക വില വീണ്ടും ഉയർത്തിയത്. ഈ മാസം രണ്ടാം തവണയാണ് പാചകവാതക വില കൂട്ടുന്നത്. ഈ മാസം രണ്ടിനാണ് ഇതിനു മുമ്പ് വില കൂട്ടിയത്. ഇപ്പോഴത്തെ അവസ്ഥയിൽ സാധാരണക്കാരുടെ വീട്ടിൽ അടുപ്പെരിയണമെങ്കിൽ തീവില നൽകി ഗ്യാസ് വാങ്ങേണ്ട അവസ്ഥയാണുള്ളത്.
പാചക വാതക വില ഉയർന്നതിന് പുറമേ സബ്സിഡി മാസങ്ങളായി ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് എത്താത്ത അവസ്ഥയുമുണ്ട്. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അഞ്ചുമാസമായി സബ്സിഡിത്തുക വരുന്നില്ലെന്നതാണ് വസ്തുത. സബ്സിഡിയുള്ള പാചകവാതകത്തിനും ഇല്ലാത്തതിനും ഒരേ വിലയായതോടെയാണ് സബ്സിഡിത്തുക 'പൂജ്യ'മായത്. ഫലത്തിൽ സബ്സിഡിയുള്ളവരും ഇല്ലാത്തവരും ഒരേ വിലയാണു നൽകുന്നത്.
കോവിഡിനെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഇടിഞ്ഞതോടെ സബ്സിഡിയില്ലാത്ത പാചകവാതകത്തിന്റെ വില കുത്തനെ കുറഞ്ഞു. കൊച്ചിയിൽ കേന്ദ്ര-സംസ്ഥാന ജി.എസ്.ടി. ഉൾപ്പെടെ രണ്ടുവിലയും മാസങ്ങളായി 6051 രൂപയിയായിരുന്നു. ഇതിൽ നിന്നും ഏതാനും ദിവസം മുമ്പ് 50 രൂപ കൂടി ഉയർത്തുകയും ചെയ്തു. ദൂരപരിധിയനുസരിച്ച് മറ്റു പ്രദേശങ്ങളിൽ വ്യത്യാസമുണ്ടാകും. ഇന്ത്യയിൽ പാചകവാതകവില കണക്കാക്കുന്നത് ഇറക്കുമതിക്കു സമമായ തുകയ്ക്കാണ് (ഐ.പി.പി.). അന്താരാഷ്ട്ര വിപണിയിലെ വില, കടത്തുകൂലി, ഇൻഷുറൻസ്, തുറമുഖക്കൂലി, കസ്റ്റംസ് ഡ്യൂട്ടി തുടങ്ങിയ ഘടകങ്ങൾ ഉൾപ്പെടെയാണ്. ഇതിനുപുറമേ ബോട്ടിലിങ് ചാർജ്, ഡീലർ കമ്മിഷൻ ജി.എസ്.ടി. എന്നിവയും ഉൾപ്പെടുന്നു.
അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്നാലും രൂപയുടെ വില ഇടിഞ്ഞാലും പാചകവാതകത്തെ നേരിട്ടു ബാധിക്കും. ഇതിനാൽ ഓരോ മാസത്തിന്റെയും തുടക്കത്തിൽത്തന്നെ എണ്ണക്കമ്പനികൾ പാചകവാതക വില നിശ്ചയിക്കും. ഇക്കാരണത്താൽ സർക്കാർ പ്രതിമാസമാണ് സബ്സിഡിത്തുക നിശ്ചയിക്കുക. പാചകവാതകവില നിശ്ചയിക്കുന്നതിലെ മറ്റു മാനദണ്ഡങ്ങൾ 'രഹസ്യാത്മക'മാണെന്നാണ് എണ്ണക്കമ്പനി അധികൃതർ പറയുന്നത്. ജൂൺ മുതൽ ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക വില വ്യത്യാസമില്ലാതെ തുടരുകയാണ്. ഇതേ വിലയിലേക്ക് സബ്സിഡിയില്ലാത്ത പാചകവാതക വിലയും എത്തിയതോടെ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡി.ബി.ടി.) പദ്ധതിയനുസരിച്ച് സബ്സിഡിത്തുക 'പൂജ്യം' ആയെന്നാണ് എണ്ണക്കമ്പനികൾ പറയുന്നത്. സബ്സിഡിയുള്ള പാചകവാതകത്തിന് ഒരുവർഷംകൊണ്ട് പടിപടിയായി ഇരുനൂറ് രൂപയോളമാണ് ഇപ്പോൾ വർദ്ധിപ്പിച്ചത്.
കോവിഡിനെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഇടിഞ്ഞതോടെ ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോ സിലിൻഡറിന്റെ വില ഏപ്രിലിൽ കുറച്ചിരുന്നു. ഇതോടെ, ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ 850.50 രൂപവരെയായിരുന്ന കൊച്ചിയിലെ വില ഏപ്രിലിൽ 734 രൂപയായി. പാചകവാതകം സാധാരണക്കാരന് താങ്ങാവുന്നതാക്കുന്നതിനാണ് സബ്സിഡി ഏർപ്പെടുത്തിയത്. 14.2 കിലോയുടെ 12 സിലിൻഡറാണ് സബ്സിഡിയോടെ ഒരുവർഷം ഉപയോക്താവിന് ലഭിക്കുക. സബ്സിഡി ഇല്ലാത്ത പാചകവാതക വില നിശ്ചയിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്ന വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിനുപോലും സർക്കാരോ എണ്ണക്കമ്പനികളോ വ്യക്തമായ ഉത്തരം നൽകുന്നില്ല.
സബ്സിഡി ഇല്ലാതാക്കുന്നത് എണ്ണക്കമ്പനികളുടെ സ്വകാര്യവൽക്കരണത്തിനു വേണ്ടിയാണെന്നും സംശയമുണ്ട്. സ്വകാര്യകമ്പനികൾ സബ്സിഡി ഭാരം ഏറ്റെടുക്കില്ല എന്നതാണ് കാരണം. എണ്ണക്കമ്പനികൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിന്റെ ഒന്നാംഘട്ടമായി ബിപിസിഎലിനെ വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണ്. ബിപിസിഎൽ സ്വകാര്യവൽക്കരിച്ചാൽ എൽപിജി സബ്സിഡിക്ക് എന്ത് സംഭവിക്കുമെന്ന് ഇനിയും സർക്കാർ പറഞ്ഞിട്ടില്ല.
ബിപിസിഎലിന്റെ പാചകവാതക സബ്സിഡി ഉപയോക്താക്കളെ തൽക്കാലം ഐഒസിക്കും എച്ച്പിസിഎലിനും വീതംവച്ച് നൽകാനാണ് നീക്കം നടക്കുന്നത്. വിൽപ്പനയ്ക്ക് മുമ്പുതന്നെ പാചകവാതകം സബ്സിഡി ഇല്ലാത്ത ഉൽപ്പന്നമാക്കി മാറ്റി പ്രശ്നത്തിൽനിന്ന് ഒഴിയാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നും ആക്ഷേപമുണ്ട്. സബ്സിഡി ഒഴിവാക്കിയാൽ അടുത്ത സാമ്പത്തിക വർഷത്തിൽ 20,000 കോടി രൂപ ലാഭിക്കാമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ.
മറുനാടന് മലയാളി ബ്യൂറോ