- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി മുതൽ എല്ലാ മാസവും ഒന്നാം തീയ്യതി പുതിയ പാചകവാതക വില; ആദ്യഘട്ടത്തിൽ വർധിപ്പിച്ചത് 25 രൂപ; ആറുമാസത്തിനിടെ വർധിപ്പിച്ചത് 140 രൂപ; ജനജീവിതത്തെ നിശ്ചലമാക്കി പാചകവാതക വിലയും ഉയരുമ്പോൾ
തിരുവനന്തപുരം: കോവിഡ് മഹാമാരിക്കാലത്ത് ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് ഇനി മുതൽ പാചക വാതക വിലയും മാസം ആദ്യദിനം മാറും.ജനങ്ങളെ ബാധിക്കുന്ന എഴ് സുപ്രധാന മാറ്റങ്ങളാണ് ബാങ്കിങ്ങ് മേഖലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉണ്ടായത്.എസ്‌ബിഐ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനുള്ള ചാർജ്, ഒരു വർഷം പത്ത് ചെക്ക് ബുക്കുകൾ മാത്രം,പാചകവാതക വിലയും മാറും, ആദായനികുതി സമർപ്പണം, ഐഎഫ്എസ്സി കോഡ് എന്നിങ്ങനെ ഏഴോളം മാറ്റങ്ങലാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ഇതിൽ സാധാരണക്കാരെപോലും നേരിട്ട് ബാധിക്കുന്ന പ്രധാന പ്രശ്‌നം മാസമാസം ഒന്നാം തീയതി മാറാൻ പോകുന്ന പാചക വാതക വില വർധനവാണ്.
മാറ്റത്തിന് തുടക്കം കുറിച്ച് കഴിഞ്ഞ ദിവസം ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25.50 രൂപയാണ് കൂടിയത്. ഇതോടെ കൊച്ചിയിലെ പുതുക്കിയ വില 841.50 രൂപയായി. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ കൂട്ടി 1550 രൂപയായി. പുതുക്കിയ വില നിലവിൽ വന്നു.14.2 കിലോ ഗാർഹിക സിലിൻഡറുകളുടെയും വാണിജ്യാവശ്യങ്ങൾക്കുള്ള 19 കിലോ സിലിൻഡറിന്റെയും വിലയാണ് വർധിച്ചത്.
പൊതുമേഖലാകമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചത്. ഇതോടെ ഡൽഹിയിൽ 14.2 കിലോ സിലിൻഡറിന് വില 834.50 രൂപയും 19 കിലോ സിലിൻഡറിന് 1550 രൂപയുമായി. കൊച്ചിയിലിത് യഥാക്രമം 841.50 രൂപയും 1550 രൂപയുമാണ്. ചെന്നൈയിലാണ് ഗാർഹികാവശ്യങ്ങൾക്കുള്ള സിലിൻഡറിന് ഏറ്റവുംകൂടിയ വില -850.50 രൂപ. പുതുക്കിയ വില പ്രാബല്യത്തിൽ വന്നു.
ആറുമാസത്തിനിടെ ഗാർഹിക പാചകവാതകത്തിന് വർധിച്ചത് 140 രൂപയാണ്. ഫെബ്രുവരി നാലിന് 25 രൂപ, 15-ന് 50 രൂപ, ഫെബ്രുവരി 25-നും മാർച്ച് ഒന്നിനും 25 രൂപ എന്നിങ്ങനെയാണ് മുമ്പ് വില കൂട്ടിയത്. ഇങ്ങനെ 125 രൂപ കൂട്ടിയശേഷം അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞതിനാൽ 10 രൂപ കുറച്ചു. തുടർന്നാണിപ്പോൾ വില വീണ്ടുംകൂട്ടിയത്.
രാജ്യത്തുടനീളം പെട്രോൾ, ഡീസൽ നിരക്ക് റെക്കോർഡ് ഉയരത്തിലെത്തിയിരിക്കുന്ന സമയത്താണ് എൽപിജി വില വർദ്ധന. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ, പെട്രോളിയം ഉൽപന്നങ്ങളുടെ വില ഉയരുന്നതാണ് ആഭ്യന്തര വിപണിയിൽ വില വർദ്ധനക്ക് കാരണമാകുന്നത് . ഇതാണ് പാചക വാതക സിലിണ്ടർ വിലയിലും പ്രതിഫലിക്കുന്നത്.രാജ്യത്ത് പെട്രോൾ-ഡീസൽവിലയും റെക്കോഡ് ഉയരത്തിലെത്തിയിരിക്കയാണ്. ഒട്ടേറെ നഗരങ്ങളിൽ പെട്രോൾവില നൂറു രൂപ കടന്നു.
ലോക്ഡൗൺ പ്രതിസന്ധിക്കിടയിൽ താളം തെറ്റിക്കിടക്കുന്ന കുടുംബ ബജറ്റിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതാണ് തീരുമാനം. കോവിഡ് രണ്ടാം തരംഗത്തിലെ ലോക്ഡൗണിൽ നിന്ന് സാമ്പത്തിക രംഗം പതുക്കെ കരകയറന്നതിനിടെയാണ് ഈ പ്രഹരം.ഇനി മൂന്നാം തരംഗ സാധ്യതയും മുന്നിൽ നിൽക്കുന്നതിനാൽ ലോക്ഡൗൺ ഉൾപ്പടെ നിയന്ത്രണങ്ങൾ വന്നാൽ അതും തിരിച്ചടിയാകും. ഈ സാഹചര്യത്തിൽ ജീവിതം തന്നെ എങ്ങിനെ മുന്നോട്ട് കോണ്ടുപോകുമന്നെ ആശങ്കയിലാണ് ജനങ്ങൾ.
മറുനാടന് മലയാളി ബ്യൂറോ