- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തദ്ദേശ ഉപതിരഞ്ഞെടുപ്പ് ചൊവ്വാഴ്ച; 10 ജില്ലകളിലായി 2.82 ലക്ഷം വോട്ടർമാർ പോളിങ് ബൂത്തിലേക്ക്; ജനവിധി തേടുന്നത് 32 വാർഡുകളിലായി ആകെ 115 സ്ഥാനാർത്ഥികൾ; 21 പേർ സ്ത്രീകൾ; ബൂത്തുകളിൽ കോവിഡ് പ്രോട്ടോക്കോൾ; വോട്ടെണ്ണൽ ബുധനാഴ്ച
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ഡിസം.7) ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 32 തദ്ദേശ വാർഡുകളിലായി ആകെ 2,82,645 വോട്ടർമാരുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 1,34,451 പുരുഷന്മാരും 1,48,192 സ്ത്രീകളും രണ്ട് ട്രാൻസ്ജെന്റർമാരും ഇതിൽ ഉൾപ്പെടും. ജില്ലാ പഞ്ചായത്തുകളിലെ മൂന്നും ബ്ലോക്ക് പഞ്ചായത്തുകളിലെ നാലും മുനിസിപ്പൽ കോർപ്പറേഷനുകളിലെ രണ്ടും മുനിസിപ്പാലിറ്റികളിലെ മൂന്നും ഗ്രാമ പഞ്ചായത്തുകളിലെ ഇരുപതും വാർഡുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
വോട്ടെടുപ്പിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായി. വോട്ടെടുപ്പിനായി ആകെ 367 പോളിങ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ 6 മണിക്ക് മോക്ക്പോൾ നടത്തും. വോട്ടെടുപ്പ് 7 മണിക്ക് ആരംഭിക്കും. വൈകുന്നേരം 6 മണി വരെയാണ് വോട്ടെടുപ്പ്. ക്രമസമാധാന പ്രശ്നങ്ങളുള്ള പോളിങ് ബൂത്തുകളിൽ കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
വോട്ടെടുപ്പ് കർശനമായ കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തുന്നത്. വോട്ടർമാർക്ക് പോളിങ് ബൂത്തുകളിൽ മാസ്‌ക് നിർബന്ധമാണ്. വോട്ടർമാർക്ക് വോട്ട് ചെയ്യുന്നതിനു മുമ്പും വോട്ട് ചെയ്തതിനു ശേഷവും സാനിറ്റൈസർ നൽകും. പോളിങ് ബൂത്തിന് അകത്തും പുറത്തും സാമൂഹിക അകലം ഉറപ്പാക്കും.
32 വാർഡുകളിലായി ആകെ 115 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. അതിൽ 21 പേർ സ്ത്രീകളാണ്. വോട്ടെണ്ണൽ 8 ന് രാവിലെ 10 മണിക്ക് ആരംഭിക്കും. ഫലം കമ്മീഷന്റെ lsgelection.kerala.gov.in വെബ്സൈറ്റിലെ TREND ൽ ലഭ്യമാകും.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ: തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ വെട്ടുകാട്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടയ്ക്കോട്, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തൻകോട്, വിതുര ഗ്രാമപഞ്ചായത്തിലെ പൊന്നാംചുണ്ട്, കൊല്ലം ചിതറ ഗ്രാമപഞ്ചായത്തിലെ സത്യമംഗലം, തേവലക്കര ഗ്രാമപഞ്ചായത്തിലെ നടുവിലക്കര, ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ അരൂർ, കോട്ടയം കാണക്കാരി ഗ്രാമപഞ്ചായത്തിലെ കളരിപ്പടി, മാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ മാഞ്ഞൂർ സെൻട്രൽ, ഇടുക്കി രാജക്കാട് ഗ്രാമപഞ്ചായത്തിലെ കുരിശുംപടി, ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ വടക്കേഇടലി പാറക്കുടി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷനിലെ ഗാന്ധിനഗർ, എറണാകുളം പിറവം മുനിസിപ്പാലിറ്റിയിലെ ഇടപ്പിള്ളിച്ചിറ, തൃശൂർ മതിലകം ബ്ലോക്ക് പഞ്ചായത്തിലെ അഴീക്കോട്, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ ചാലാംപാടം, കടപ്പുറം ഗ്രാമപഞ്ചായത്തിലെ ലൈറ്റ് ഹൗസ്, പാലക്കാട് ജില്ലാ പഞ്ചായത്തിലെ ശ്രീകൃഷ്ണപുരം, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തിലെ ചുങ്കമന്ദം, തരൂർ ഗ്രാമപഞ്ചായത്തിലെ തോട്ടുംപള്ള, എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ മൂങ്കിൽമട, എരുമയൂർ ഗ്രാമപഞ്ചായത്തിലെ അരിയക്കോട്, ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ കർക്കിടകച്ചാൽ, മലപ്പുറം പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ചീനിക്കൽ, കാലടി ഗ്രാമപഞ്ചായത്തിലെ ചാലപ്പുറം, തിരുവാലി ഗ്രാമപഞ്ചായത്തിലെ കണ്ടമംഗലം, ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ വേഴക്കോട്, മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ കാച്ചിനിക്കാട് പടിഞ്ഞാറ്, കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ നന്മണ്ട, കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കുമ്പാറ, ഉണ്ണിക്കുളം ഗ്രാമപഞ്ചായത്തിലെ വള്ളിയോത്ത്,കണ്ണൂർ എരുവേശി ഗ്രാമപഞ്ചായത്തിലെ കൊക്കമുള്ള്, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ ഒഴിഞ്ഞവളപ്പ് എന്നീ വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ്.
മറുനാടന് മലയാളി ബ്യൂറോ