കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പത്രികാ സമപ്പണം പുർത്തിയാവുമ്പോൾ കണ്ണൂർ ജില്ലയിലെ 20 ഓളം വാർഡുകളിൽ ഇടതുമുന്നണിക്ക് ഏകപക്ഷീയ ജയം. ഇവിടെ എതിരാളികളായി ആരും നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടില്ല. സിപിഎം പാർട്ടി ഗ്രാമങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന ആന്തൂർ, മലപ്പട്ടം, മടിക്കൈ, കയ്യൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ അവസ്ഥയുണ്ടായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഇവിടെ സമാനമായ അവസ്ഥായായിരുന്നു. ഇത്തവണ എതിരില്ലാതെ തെരഞ്ഞെടുക്കുന്ന അവസ്ഥ ഒരിക്കലും ഉണ്ടാവില്ലായിരുന്നെന്നായിരുന്നു യുഡിഎഫ് നേതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ തങ്ങളുടെ ശക്തി കേന്ദ്രങ്ങളിൽ മണ്ണ് ഒഴികിപ്പോയിട്ടില്ല എന്ന് സിപിഎം ഒരിക്കൽ കൂടി തെളിയിക്കയാണ്. പ്രത്യേകിച്ച് ആന്തുർ പഞ്ചായത്തിൽ. ഇവിടെ വ്യവസായി സാജന്റെ ആത്ഹത്യയെ തുടർന്ന് ഉണ്ടായ സിപിഎം വിരുദ്ധ വികാരം മുതലെടുത്ത് മുഴുവൻ സീറ്റുകളിലും ഇത്തവണ മൽസരിക്കുമെന്നായിരുന്നു കോൺഗ്രസ് നേതാക്കൾ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ സിപിഎം വലിയ ഭീഷണിയാണ് അഴിച്ചുവിടുന്നതെന്നും ഇതുകൊണ്ടാണ് മൽസരിക്കാൻ സ്ഥാനാർത്ഥികളെ കിട്ടാത്തത് എന്നുമാണ് മറ്റു പാർട്ടികൾ പറയുന്നത്.

ആന്തൂരിൽ ആറു വാർഡുകളിൽ എതിരില്ല

ആന്തൂർ നഗരസഭയിലെ ആറു വാർഡുകളിൽ എൽഡിഎഫിന് എതിരില്ല. രണ്ട്, മൂന്ന്, 10, 11, 16, 24 വാർഡുകളാണ് പത്രിക സമർപ്പണം പൂർത്തിയാകുന്നതോടെ തന്നെ എൽഡിഎഫ് സ്വന്തമാക്കിയത്. എൽഡിഎഫ് സ്ഥനാർഥികളും ഡമ്മി സ്ഥാനാർത്ഥികളും മാത്രമാണ് ഈ വാർഡുകളിൽ പത്രിക സമർപ്പിച്ചത്. യുഡിഎഫിനും ബിജെപിക്കും മരുന്നിനുപോലും ഒരാളെ സ്ഥാനാർത്ഥിയായി കണ്ടെത്താനായില്ല.സി പി മുഹാസ് (വാർഡ് 2 മോറാഴ), എം പ്രീത (3 കാനൂൽ), എം പി നളിനി (10 കോൾമൊട്ട), എം ശ്രീഷ (11 നണിച്ചേരി), ഇ അഞ്ജന (16 ആന്തൂർ), വി സതീദേവി (24 ഒഴക്രോം) എന്നിവർക്കാണ് എതിരില്ലാത്തത്.

ഇതിനു പുറമെ തളിപ്പറമ്പ് നഗരസഭയിലെ ഒരു വാർഡും കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തിലെ രണ്ടു വാർഡുകളും കോട്ടയം പഞ്ചായത്തിലെ ഒരു വാർഡും എൽഡിഎഫിന് എതിരില്ലാതെ ലഭിച്ചു. തളിപ്പറമ്പ് നഗരസഭ 25ാം വാർഡായ കൂവോട് ഡി വനജ, കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ഇ സി സതി, പതിനൊന്നാംവാർഡിൽ കെ പത്മിനി, കോട്ടയം പഞ്ചായത്തിലെ മൂന്നാംവാർഡിൽ കെ ധനഞ്ജയൻ എന്നിവർക്കും എതിരുണ്ടായില്ല.

2015ൽ ആന്തൂർ നഗരസഭയിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പിൽ ആകെയുള്ള 28 സീറ്റിൽ 14ലും എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അവശേഷിച്ച 14 സീറ്റിലും മുന്നണി സ്ഥാനാർത്ഥികൾ തന്നെ തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് പ്രതിപക്ഷമില്ലാത്ത ആദ്യ നഗരസഭയെന്ന ഖ്യാതിയും ആന്തൂരിന് സ്വന്തമായി. ഇത്തവണയും അത് ആവർത്തിക്കുമെന്നാണ് ഇടത് നേതാക്കൾ പറയുന്നത്.

മലപ്പട്ടത്ത് അഞ്ചിടത്ത് എതിരില്ല

മലപ്പട്ടം പഞ്ചായത്തിലെ അഞ്ച് വാർഡുകളിൽ എൽഡിഎഫിന് എതിരില്ല. മൂന്ന്, അഞ്ച്, എട്ട്, ഒമ്പത്, 11 വാർഡുകളാണ് പത്രിക സമർപ്പണം പൂർത്തിയാകുന്നതോടെ തന്നെ എൽഡിഎഫ് സ്വന്തമാക്കിയത്. മൂന്നാം വാർഡ് അഡുവാപ്പുറം നോർത്തിൽ ടി സി സുഭാഷിണി, അഞ്ചാം വാർഡ് കരിമ്പീൽ കെ വി മിനി, എട്ടാം വാർഡ് മലപ്പട്ടം ഈസ്റ്റിൽ കെ പി രമണി, ഒമ്പതാം വാർഡ് മലപ്പട്ടം വെസ്റ്റിൽ ടി കെ സുജാത, പതിനൊന്നാം വാർഡ് കൊവുന്തലയിൽ കെ സജിത എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.2005ൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് ദേശീയ ശ്രദ്ധ നേടിയിരുന്നു.

മടികൈയിലും കയ്യൂരിലും ജയം

കമ്മ്യൂണിസ്റ്റ് കർഷകസമരപോരാട്ടങ്ങളിലൂടെ ചുവന്ന മടിക്കൈയിലും കയ്യൂർ ചിമേനിയിലുമായി നാല് എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് എതിരില്ല. മടിക്കൈ പഞ്ചായത്തിൽ മൂന്ന് സ്ഥാനാർത്ഥികൾക്കാണ് എതിരില്ലാത്തത്. വി രാധ (വാർഡ് 11), രമ പത്മനാഭൻ (വാർഡ് 12), എസ് പ്രീത ( വാർഡ് 13 ) എന്നിവരാണിവർ. ഇവർ മൽസരിക്കുന്ന വാർഡുകളിൽ മറ്റാരും നാമനിർദ്ദേശപത്രിക സമർപ്പിച്ചിട്ടില്ല.

പഞ്ചായത്തിൽ 15 വാർഡുകളാണുള്ളത്.70 വർഷക്കാലമായി മടിക്കൈ പഞ്ചായത്ത് എൽഡിഎഫാണ് ഭരിക്കുന്നത്. നേരത്തെ പലതവണ മടിക്കൈയിൽ ഇടതു സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചിട്ടുണ്ട്. 2010ലെ തെരഞ്ഞെടുപ്പിലും മൂന്ന് പേർക്ക് എതിരുണ്ടായിരുന്നില്ല.കയ്യൂർ ചീമേനി പഞ്ചായത്തിൽ ഏഴാം വാർഡായ പള്ളിപ്പാറയിൽ ജനവിധി തേടുന്ന എൽഡിഎഫ് സ്ഥാനാർത്ഥി കെ പി വത്സലനാണ് എതിർ സ്ഥാനാർത്ഥിയില്ലാത്തത്.