കോഴിക്കോട്: കോവിഡ് കാലമായതുകൊണ്ട് പോളിങ്ങ് ഇടിയുമെന്ന പ്രവചനങ്ങളെയെല്ലാം കാറ്റിൽ പറത്തി ആവേശത്തോടെ വിധിയെഴുതി മലബാർ.മറ്റ് ഘട്ടങ്ങളെ അപേക്ഷിച്ച് അവസാനഘട്ടമായ മൂന്നാംഘട്ടത്തിലാണ് ഏറ്റവുമുയർന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത്. 78 പോളിങ് ശതമാനമാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളിലായി ആകെ 75 ശതമാനം പോളിങ് രേഖപ്പെടുത്തി. അവസാന അരമണിക്കൂറിൽ മിക്ക ബൂത്തുകളിലും കോവിഡ് രോഗികളെത്തി വോട്ട് രേഖപ്പെടുത്തി മടങ്ങി. അവസാനമിനിറ്റുകളിലും നിരവധിപ്പേർ വോട്ട് രേഖപ്പെടുത്താൻ കാത്ത് നിൽക്കുന്ന ദൃശ്യങ്ങൾ കാണാമായിരുന്നു. അവസാനമെത്തിയവർക്കെല്ലാം ടോക്കൺ കൊടുത്താണ് വോട്ട് ചെയ്യിച്ചത്. പലയിടത്തും വോട്ടെടുപ്പ് രാത്രി 8 മണിവരെ നീണ്ടു.

പോളിങ് ശതമാനം വർധിച്ചതോടെ മുന്നണികൾ വൻ പ്രതീക്ഷയിലാണ്. യുഡിഎഫിനും എൽഡിഎഫിനും സ്വാധീനമുള്ള പല മേഖലകളിലും കനത്ത പോളിങ് രേഖപ്പെടുത്തി. ബിജെപിയും പ്രതീക്ഷയിലാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ തുടങ്ങി മുതിർന്ന നേതാക്കളും മൂന്നാം ഘട്ടത്തിൽ വോട്ടു ചെയ്തു. ആദ്യഘട്ടത്തിൽ 72.67 % ആയിരുന്നു പോളിങ്. രണ്ടാംഘട്ട വോട്ടെടുപ്പിലെ അന്തിമ പോളിങ് ശതമാനം 76.78 ആയിരുന്നു. ബുധനാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. ഉച്ചയോടെ ഫലം അറിയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്ത്രീകൾ ഏറ്റവും കൂടുതൽ വോട്ട് ചെയ്ത ഘട്ടമാണിത്. പുരുഷന്മാർ ആകെ 75.37% ആണ് വോട്ട് ചെയ്തത്. 78.78 ശതമാനം സ്ത്രീകൾ മൂന്നാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തി.

ഏറ്റവുമൊടുവിൽ ലഭ്യമായ പോളിങ് ശതമാനം ഇങ്ങനെയാണ്:

ആകെ നാല് ജില്ലകളിലെ പോളിങ് ശതമാനം - 77.11

കാസർഗോഡ് - 75. 62
കണ്ണൂർ - 76.83
കോഴിക്കോട് - 77.32
മലപ്പുറം - 77.59

ആന്തൂർ നഗരസഭയിലടക്കം അവസാനമണിക്കൂറുകളിൽ റെക്കോഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. കണ്ണൂരിലും, കോഴിക്കോട് വടകര, നാദാപുരം മേഖലകളിൽ വിവിധ ഇടങ്ങളിൽ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രാദേശികവിഷയങ്ങൾക്കൊപ്പം, യുഡിഎഫിന്റെ വെൽഫെയർ പാർട്ടി ബന്ധം അടക്കം നിരവധി വിഷയങ്ങൾ ചർച്ചയായ തെരഞ്ഞെടുപ്പിൽ ആവേശപൂർവം വോട്ടർമാർ വിധിയെഴുതാനെത്തിയപ്പോൾ, തദ്ദേശതെരഞ്ഞെടുപ്പ് എന്നതിനപ്പുറം രാഷ്ട്രീയപോരാട്ടം തന്നെയായിരുന്നു വടക്കൻ കേരളത്തിൽ.

വോട്ടെടുപ്പിനിടെ വടക്കൻ കേരളത്തിൽ പലയിടത്തും സംഘർഷങ്ങളും റിപ്പോർട്ട് ചെയ്തു. നാദാപുരത്ത് ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. മലപ്പുറത്ത് ഇടത് - വലത് സംഘർഷത്തിൽ യുഡിഎഫിന്റെ വനിതാസ്ഥാനാർത്ഥിക്ക് പരിക്കേറ്റു. കോഴിക്കോട് നാദാപുരത്ത് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. കൊടിയത്തൂരിൽ വെൽഫയർ പാർട്ടി പ്രവർത്തകരും സിപിഎം പ്രവർത്തകരും ഏറ്റുമുട്ടി.

പരിയാരത്ത് ബൂത്ത് ഏജന്റിനെ സിപിഎം പ്രവർത്തകർ മർദ്ദിച്ചെന്ന് പരാതിയുയർന്നു. ആന്തൂരിൽ സിപിഎം - ലീഗ് സംഘർഷമുണ്ടായതിനെത്തുടർന്ന് അൽപസമയം വോട്ടെടുപ്പ് തടസ്സപ്പെട്ടു. കണ്ണൂർ പാണപ്പുഴയിലടക്കം ചിലയിടങ്ങളിൽ കള്ളവോട്ടിന് ശ്രമമുണ്ടായെന്ന പരാതിയുയർന്നു. ഇതിൽ ഒരാളെ പൊലീസ് പിടികൂടി. കണ്ണൂർ കടന്നപ്പള്ളിയിൽ കള്ള വോട്ട് ചെയ്യാൻ ശ്രമിച്ച ലീഗ് പ്രവർത്തകനാണ് പിടിയിലായത്. കണ്ണൂർ മുഴക്കുന്നിൽ ആറ് ബോംബുകൾ പിടികൂടിയിട്ടുണ്ട്.

വടക്കൻ കേരളത്തിലെ കനത്ത പോളിങ് രാഷ്ട്രീയപ്പാർട്ടികളുടെ പ്രതീക്ഷകൾ വാനോളമുയർത്തി. ഇടതുപക്ഷത്തെ ഉലയ്ക്കാൻ ശ്രമിച്ചവർ ഫലം വരുമ്പോൾ ഉലയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇരുമുന്നണികൾക്കുമെതിരായ ജനവികാരമാണ് ഉയർന്ന പോളിങ്ങിൽ പ്രതിഫലിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ അവസരവാദ രാഷ്ട്രീയത്തിന് തിരിച്ചടിയേൽക്കുമെന്നായിരുന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം.