- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തദ്ദേശതിരഞ്ഞെടുപ്പ്: പുതിയ ഭരണസമിതി ഡിസംബർ 21നകം അധികാരമേൽക്കണം; തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും ഈ സമയപരിധിക്കുള്ളിൽ സത്യപ്രതിജ്ഞ ചെയ്യണം; മാർഗ്ഗനിർദ്ദേശങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണലും ഫലപ്രഖ്യാപനവും കഴിഞ്ഞതിനുശേഷം നടപടികളെ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളായി. ഇതുപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും ഡിസംബർ 21നകം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കണം. ഗ്രാമ-ബ്ലോക്ക്- -ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കൗൺസിലുകൾ എന്നിവ സംബന്ധിച്ച് 21 ന് രാവിലെ 10 മണിക്കും മുൻസിപ്പൽ കോർപ്പറേഷനുകളിൽ രാവിലെ 11 30നുമാണ് സത്യപ്രതിജ്ഞാ നടപടികൾ ആരംഭിക്കേണ്ടത്.
ഭരണ സമിതിയുടെ കാലാവധി 2020 ഡിസംബർ 20ന് പൂർത്തിയാകാത്ത തദ്ദേശസ്ഥാപനങ്ങളിൽ ഡിസംബർ 22, 26, 2021 ജനുവരി 16, ഫെബ്രുവരി 1 തീയതികളിൽ സത്യപ്രതിജ്ഞ നടത്തണം. സംസ്ഥാനത്തെ ഗ്രാമ- ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകളുടെ കാര്യത്തിൽ ആദ്യ അംഗത്തിനെ സത്യപ്രതിജ്ഞ ചെയ്യിക്കേണ്ടത് അതത് സ്ഥാപനങ്ങളിലെ വരണാധികാരികളാണ്. മുനിസിപ്പൽ കോർപ്പറേഷനുകളെ സംബന്ധിച്ച് ബന്ധപ്പെട്ട ജില്ലാ കലക്ടർമാരാണ് ആദ്യ അംഗത്തെ സത്യപ്രതിജ്ഞ ചെയ്യിക്കേണ്ടത്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ അംഗത്തെ നാമനിർദ്ദേശം ചെയ്തിട്ടുള്ള ഉദ്യോഗസ്ഥൻ കണ്ടെത്തി, അംഗത്തെ നിശ്ചയിക്കപ്പെട്ട രീതിയിൽ പ്രതിജ്ഞ എടുക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ഹാജരാകാൻ രേഖാമൂലം നിർദ്ദേശിക്കണം.
പഞ്ചായത്തുകളെ സംബന്ധിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരും ബ്ലോക്ക് പഞ്ചായത്തുകളെ സംബന്ധിച്ച് അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണർമാരും മുനിസിപ്പാലിറ്റികളും കോർപറേഷനുകളും സംബന്ധിച്ച് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും ജില്ലാ പഞ്ചായത്തുകളെ സംബന്ധിച്ച് ജില്ലാ കലക്ടർമാരുമാണ് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യേണ്ടത്. തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിജ്ഞാ ചടങ്ങുകൾ ഏകോപിപ്പിച്ച് നടപ്പാക്കുന്നതിനുള്ള മേൽനോട്ടം അതാത് ജില്ലാ കലക്ടർമാർക്കായിരിക്കും. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയും തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും നിശ്ചയിച്ചിട്ടുള്ള തീയതിയിൽ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പ്രതിജ്ഞയെടുക്കൽ ചടങ്ങിന് സംബന്ധിക്കണമെന്നാവശ്യപ്പെട്ട് രേഖാമൂലം അറിയിപ്പ് നൽകണം. തദ്ദേശ സ്ഥാപനങ്ങളിലെ മറ്റ് അംഗങ്ങളെയും ആദ്യം സത്യപ്രതിജ്ഞ ചെയ്ത അംഗം സത്യപ്രതിജ്ഞ ചെയ്യിക്കേണ്ടതാണ്. ഇക്കാര്യത്തിൽ വരണാധികാരിയും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിൽ സെക്രട്ടറിമാരും ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യണം
മറുനാടന് മലയാളി ബ്യൂറോ