- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളം ചുവന്നാലും മലപ്പുറത്തെ പച്ചപ്പ് പോവില്ല; പതിവുപോലെ ലീഗിന്റെ കരുത്തിൽ മലപ്പുറത്ത് യു.ഡി.എഫ് മുന്നേറ്റം; ജില്ലാ പഞ്ചായത്തിലെ 32 ൽ 27; നഗരസഭകളിൽ 12 ൽ 9; ഗ്രാമപഞ്ചായത്തുകളിൽ 94 ൽ 73 സീറ്റുകളും യു.ഡി.എഫിന്; മലപ്പുറത്തെ യു.ഡി.എഫ് അപ്രമാദിത്വം ഇങ്ങനെ
മലപ്പുറം: കേരളം ചുവന്നാലും മലപ്പുറത്തെ പച്ചപ്പ് പോവില്ല. പതിവുപോലെ ലീഗിന്റെ കരുത്തിൽ മലപ്പുറത്ത് യു.ഡി.എഫ് മുന്നേറ്റം. ജില്ലാ പഞ്ചായത്തിലെ 32സീറ്റിൽ 27 എണ്ണം നേടിയപ്പോൾ നഗരസഭകളിൽ 12ൽ 9 സീറ്റും നേടി. ഗ്രാമപഞ്ചായത്തുകളിൽ 94ൽ 73 സീറ്റുകളും നേടിയ മലപ്പുറം ലീഗിന്റെ പൊന്നാപുരം കോട്ടയാണെന്നു ഒരിക്കൽകൂടി തെളിയിച്ചത്.
ഗ്രാമപഞ്ചായത്തുകളിൽ കഴിഞ്ഞ തവണത്തേക്കാൾ യു.ഡി.എഫ് നില മെച്ചപ്പെടുത്തിയപ്പോൾ ജില്ലാ പഞ്ചായത്തിലും നഗരസഭകളിലും ബ്ലോക്ക് പഞ്ചായത്തിലും ഇരുമുന്നണികളും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ അതേ നിലതുടർന്നു. എന്നാൽ ചില സീറ്റുകൾ നഷ്ടപ്പെട്ടപ്പോൾ മറുവശത്ത് ചില സീറ്റുകൾ പിടിച്ചെടുത്താണ് ഇവിടങ്ങളിൽ സീറ്റുകൾ നിലനിർത്തിയത്.
മലപ്പുറം ജില്ലാ പഞ്ചായത്തിലെ 32 സീറ്റുകളിൽ യു.ഡി.എഫ് 27 സീറ്റുകൾ നേടി. ഇടതുപക്ഷത്തിന് അഞ്ചു ഡിവിഷനുകളിലാണ് വിജയിക്കാനായത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് അഞ്ച് ഡിവിഷനുകളാണ് ലഭിച്ചത്. എന്നാൽ ഇത്തവണ രണ്ട് സീറ്റിങ് സീറ്റുകൾ നഷ്ടമായപ്പോൾ യു.ഡി.എഫിന്റെ മറ്റു രണ്ട് സീറ്റുകൾ പിടിച്ചെടുത്തു.മംഗലം,മാറഞ്ചേരി,ചങ്ങരംകുളം,എടപ്പാൾ,വഴിക്കടവ് എന്നീ സീറ്റുകളാണ് ഇടതുപക്ഷത്തിന് ഇത്തവണ ലഭിച്ചത്. ഇതിൽ മംഗലത്തും വഴിക്കടവിലും യു.ഡി.എഫിന്റെ സിറ്റിങ് സീറ്റുകൾ പിടിച്ചെടുക്കുകയായിരുന്നു.
അതേസമയം,തൃക്കലങ്ങോട്, അങ്ങാടിപ്പുറം ഡിവിഷനുകൾ എൽ.ഡി.എഫിന് നഷ്ടമായി.ജില്ലയിലെ 12 നഗരസഭകളിൽ ഒമ്പതെണ്ണത്തിൽ യു.ഡി.എഫും മൂന്നെണ്ണത്തിൽ എൽ.ഡി.എഫും വിജയിച്ചു. പൊന്നാനി,പെരിന്തൽമണ്ണ,നിലമ്പൂർ നഗരസഭകളിലാണ് ഇടതുമുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചത്. കഴിഞ്ഞ തവണ വിജയിച്ച തിരൂർ നഗരസഭ ഇത്തവണ എൽ.ഡി.എഫിന് നഷ്ടമായി. അതേസമയം, യു.ഡി.എഫ് ഭരണമുണ്ടായിരുന്ന നിലമ്പൂർ നഗരസഭയിൽ ഇടതുപക്ഷം അട്ടിമറി വിജയം നേടി.
മലപ്പുറം,കൊണ്ടോട്ടി,കോട്ടക്കൽ,മഞ്ചേരി,പരപ്പനങ്ങാടി,താനൂർ,തിരൂർ,തിരൂരങ്ങാടി,വളാഞ്ചേരി നഗരസഭകളിലാണ് യു.ഡി.എഫിന് വിജയം.താനൂരിൽ ബിജെപി. ഏഴ് സീറ്റുകൾ നേടി.പൊന്നാനി,പരപ്പനങ്ങാടി നഗരസഭകളിൽ മൂന്നു സീറ്റുകൾ വീതവും കോട്ടക്കലിൽ രണ്ടും തിരൂർ,നിലമ്പൂർ നഗരസഭകളിൽ ഓരോ സീറ്റ് വീതവും ബിജെപി. നേടിയിട്ടുണ്ട്. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലും യു.ഡി.എഫിനാണ് ആധിപത്യം.ആകെയുള്ള 15 എണ്ണത്തിൽ 12 എണ്ണത്തിലും യു.ഡി.എഫ് വിജയിച്ചു. മൂന്നു സിറ്റിങ് സീറ്റുകൾ ഇടതുപക്ഷം നിലനിർത്തി. പൊന്നാനി, പെരുമ്പടപ്പ്, പെരിന്തൽമണ്ണ ബ്ലോക്കുകളിലാണ് ഇടതുവിജയം.
അതേ സമയം ചരിത്രത്തിലാദ്യമായിവട്ടംകുളത്ത് യു.ഡി.എഫ് ഏറ്റവും വലിയ ഒറ്റ കക്ഷി.1979 ൽ പഞ്ചായത്ത് രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് എൽ.ഡി.എഫിന് ഭരണം നഷ്ടമാകുന്നത്. പത്തൊൻപത് സീറ്റുള്ള പഞ്ചായത്തിൽ യു.ഡി.എഫ് ഒൻപത് സീറ്റ് നേടിയപ്പോൾ എൽഡിഎഫ് എട്ട് സീറ്റുകളും എൻ.ഡി.എ രണ്ട് സീറ്റും നേടി പഞ്ചായത്തിൽ എൻ.ഡി.എ നേടിയ രണ്ട് സീറ്റ് നിർണ്ണായകമാകും.ബിജെപി ആദ്യമായി അകൗണ്ട് തുറന്നു എന്നതും ഇത്തവണത്തെ പ്രത്യേകതയായി .പഞ്ചായത്തിൽ യു.ഡി.എഫ് പക്ഷത്ത് ഏഴ് സീറ്റുകൾ മുസ്ലിംലീഗും രണ്ട് സീറ്റുകൾ കോൺഗ്രസും നേടിയപ്പോൾ എൽ.ഡി.എഫ് പക്ഷത്ത് സിപിഎം ആറ് സീറ്റുകളും രണ്ട് സീറ്റുകൾ സിപിഐയും നേടി. അഞ്ചാം വാർഡിൽ എൽഡിഎഫിനെ തോൽപിച്ചും പതിനെട്ടാം വാർഡിൽ യുഡിഎഫിനെ തോൽപിച്ചുമാണ് ബിജെപി ജയിച്ചത്.
തിരൂർ നഗരസഭാ ഭരണം അഞ്ചു വർഷത്തെ ഇടവേളക്ക് ശേഷം യു.ഡി.എഫ് തിരിച്ചുപിടിച്ചു.19 സീറ്റ് നേടിക്കൊണ്ടാണ് കഴിഞ്ഞ എൽ.ഡി.എഫ് -ടി.ഡി.എഫ് സഖ്യ ഭരണത്തിൽ നിന്നും യു.ഡി.എഫ്. നേട്ടം കൊയ്തത്.എൻ. ഡി. എ.ഒരു സീറ്റ് നേടി നാലാം തവണയും നഗരസഭയിൽ പ്രാതിനിധ്യം ഉറപ്പിച്ചു. മുപ്പത്തിരണ്ടാം വാർഡിൽ നിന്നും നിർമ്മല കുട്ടികൃഷ്ണനാണ് വിജയിച്ചത്.
കോൺഗ്രസ്സിന്റെയും മുസ്ലിം ലീഗിന്റേയും ഓരോ റിബൽ സ്ഥാനാർത്ഥികളും വിജയിച്ചു.മുൻ കൗൺസിലർ കൂടിയായ മുസ്ലിം ലീഗ് റിബൽ സ്ഥാനാർത്ഥി ഐ.പി. സാജിറയും പതിനഞ്ചാം വാർഡിൽ കോൺഗ്രസ്സ് റിബൽ സ്ഥാനാർത്ഥി ടി.പി.സതീഷുമാണ് വിജയിച്ചത്.പത്തു വർഷത്തെ ഇടവേളക്ക് ശേഷം സിപിഐയുടെ സ്ഥാനാർത്ഥി നഗരസഭയിൽ തിരിച്ചെത്തി. ഇരുപത്തെട്ടാം വാർഡിൽ നിന്നും വി.നന്ദൻ ആണ് വിജയിച്ചത്.