- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഴിഞ്ഞത്ത് 300 കിലോ ഹെറോയിനും എകെ 47 തോക്കുകളുമായി ശ്രീലങ്കൻ ബോട്ട് പിടികൂടിയതിനു പിന്നിൽ എൽടിടിഇ ബന്ധം; മയക്കുമരുന്നും ആയുധവും കടത്തുന്നത് പാക് തീവ്രവാദികളുമായി സഹകരിച്ച്; തെളിയുന്നത് ഐഎസ് ബന്ധം; കേരളത്തിൽ 'പുലികൾക്കും' സ്ലീപ്പിങ് സെൽ
കൊച്ചി : കേരളത്തിൽ എൽടിടിഇയുടെ സ്ലീപ്പിങ് സെല്ലുകൾ സജീവം. പാക് തീവ്രവാദ സംഘടനകളുമായി സഹകരിച്ചാണ് പ്രവർത്തനം. പാക്കിസ്ഥാനിൽ നിന്നും ശ്രീലങ്കയിലേക്ക് ലഹരിമരുന്നും ആയുധവും കടത്തുന്നതാണ് ഈ സംഘത്തിന്റെ പ്രധാന ഉത്തരവാദിത്തം. ഈ സംഘത്തെ കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ എൻഐഎയ്ക്ക് ലഭിച്ചു.
ഈ സംഘത്തിന്റെ ചുക്കാൻ പിടിക്കുന്നത് മുൻ എൽടിടിഇ നേതാക്കൾ ആണെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കാൻ എൻഐഎയുടെ . കൊച്ചി യൂണിറ്റിലെ പ്രത്യേക സംഘം ചെന്നൈയിൽ എത്തി. ശ്രീലങ്കൻ പൗരനായ സുരേഷ് രാജ് , സഹോദരൻ ശരവണൻ, സുഹൃത്ത് രമേശ് എന്നിവർ കേരളത്തിൽ അറസ്റ്റിലായിരുന്നു. ഇതാണ് നിർണ്ണായകമായത്. ഇവർക്ക് ഐ എസ് ഭീകര സംഘടനയുമായും ബന്ധമുണ്ട്.
ഇവരെ ചോദ്യം ചെയ്തപ്പോഴാണ് എൽടിടിഇ നേതാക്കളാണ് ലഹരി മരുന്ന്, ആയുധക്കടത്തിന് പിന്നിലെന്ന വിവരം ലഭിച്ചത്. പാക്കിസ്ഥാൻ അതിർത്തി വഴിയാണ് സംഘം ശ്രീലങ്കയിലേക്ക് ലഹരിവസ്തുക്കളും ആയുധവും കടത്തിയത്. സംഭവത്തിൽ തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ എൻ ഐഎ പരിശോധന നടത്തും.
അറസ്റ്റിലായ മൂവരും ലഹരിക്കടത്തിനായി ഒരു വർഷത്തോളം കേരളത്തിൽ ഒളിച്ച് താമസിച്ചിരുന്നു. സുരേഷ് രാജ് , സഹോദരൻ ശരവണൻ, സുഹൃത്ത് രമേശ് എന്നിവരെല്ലാം ശ്രീലങ്കൻ സ്വദേശികളാണ്. ഇവർക്കും എൽടിടിഇ ബന്ധമുണ്ടെന്ന് കരുതുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് പേരെയും പിടികൂടിയത്.
ഏപ്രിലിൽ ശ്രീലങ്കയിലേക്ക് പോകുകയായിരുന്ന ബോട്ടിൽ നിന്നും വൻ ആയുധ ശേഖരവും, ലഹരി വസ്തുക്കളും കോസ്റ്റ് ഗാർഡ് പിടികൂടിയിരുന്നു. ഇതാണ് കേളത്തിലെ അറസ്റ്റിന് വഴിവച്ചത്. സുരേഷ് രാജ് രാഷ്ട്രീയ നേതാക്കളുടെ ബിനാമിയാണെന്ന് സംശയമുണ്ട്. ശ്രീലങ്കയിലെയും തമിഴ്നാട്ടിലെയും രാഷ്ട്രീയ നേതാക്കളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട്.
ഇയാൾ കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് വൻ ഹവാലാ ഇടപാട് നടത്തിയതിനും തെളിവ് കിട്ടി. ഇക്കഴിഞ്ഞ ദിവസം ശ്രീലങ്കയിൽ നിന്നും കടൽ-നദി-കായൽമാർഗ്ഗങ്ങളിൽ തമിഴ്നാട് വഴി കൊച്ചിയിലെത്തിയ 13 അംഗസംഘവും എൽടിടിഇയുമായി ബന്ധപ്പെട്ടവരാണെന്നാണ് സൂചന.
ഇവരും കേരളം വഴി പാക്കിസ്ഥാനിലേക്ക് പോകാനാണ് ലക്ഷ്യമിട്ടതെന്നും കണ്ടെത്തിയിരുന്നു. ഇതുവരെയും ഇവരെ പിടികൂടാനായിട്ടില്ല. അങ്കമാലിയിൽനിന്നു ക്യൂബ്രാഞ്ച് പിടികൂടി എൻഐഎയ്ക്കു കൈമാറിയ സുരേഷ് രാജ് ഇയാൾ ചില പ്രമുഖ നേതാക്കളുടെ ബെനാമിയാണെന്നു കണ്ടെത്തിയെന്നും ഇതുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും എൻഐഎ വെളിപ്പെടുത്തി.
തമിഴ്നാട്ടിലുള്ള മുൻ എൽടിടിഇ നേതാക്കളെ ലക്ഷ്യമിട്ട് എൻഐഎ ചെന്നൈയിലെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. കൊച്ചിയിൽ പെന്റാ മേനകയിൽ വച്ചുണ്ടായ ഹവാല ഇടപാടിൽ സുരേഷിനെ അവിടെ എത്തിച്ചു തെളിവെടുപ്പു നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇവിടെ വച്ചു പണം കൈമാറിയ വിവരം സുരേഷ് തന്നെയാണ് അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയത്.
ശ്രീലങ്കയിലേയ്ക്കുള്ള ലഹരി കടത്തു നിയന്ത്രിക്കുന്നത് ഒരു പാക് പൗരനാണെന്നു വ്യക്തമായതോടെ ഇയാളുടെ വിശദാംശങ്ങളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു. തമിഴ്നാട് സ്വദേശിയാണെന്ന വ്യാജരേഖയുണ്ടാക്കി തമിഴ്നാട്ടിൽ 15 വർഷത്തിലേറെയായി താമസിക്കുകയായിരുന്ന സുരേഷ് രാജ് ലഹരി, ആയുധകടത്ത് ലക്ഷ്യമിട്ട് ഒരു വർഷത്തിലേറെയായി നെടുമ്പാശേരിയിൽ തമ്പടിക്കുകയായിരുന്നു.
സഹോദരനും ഒരു സഹായിക്കുമൊപ്പം കഴിഞ്ഞ മാസമാണ് ക്യൂബ്രാഞ്ച് ഇയാളെ പിടികൂടുന്നത്. തമിഴ്നാട്ടിലെ ഒരു കൊലപാതകക്കേസിൽ പിടിയിലായ ഇയാളെക്കുറിച്ച്, വിഴിഞ്ഞത്തു ലഹരി കടത്ത് പിടികൂടിയതിനു പിന്നാലെയാണ് എൻഐഎയ്ക്കു വിവരം ലഭിക്കുന്നത്. ഇയാളുടെ സഹോദരൻ രമേഷ് ശ്രീലങ്കയിൽനിന്ന് അടുത്തിടെയാണ് തമിഴ്നാട്ടിലും പിന്നീടു കേരളത്തിലും എത്തിയതെന്നും കണ്ടെത്തിയിരുന്നു.
ലഹരി, ആയുധ ഇടപാടുകൾ സൗകര്യപ്രദമായി നടത്താനായാണ് ഇയാൾ നെടുമ്പാശേരി വിമാനത്താവളത്തിനടുത്തു തമ്പടിച്ചിരുന്നത് എന്നാണ് ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയത്. വിഴിഞ്ഞത്ത് 300 കിലോ ഹെറോയിനും എകെ 47 തോക്കുകളുമായി ശ്രീലങ്കൻ ബോട്ട് പിടികൂടിയതിനു പിന്നാലെയാണ് കേരളത്തിലെ മുൻ എൽടിടിഇ സംഘത്തിലേക്ക് അന്വേഷണം എത്തിയത്.
മറുനാടന് മലയാളി ബ്യൂറോ