ഡബ്ലിൻ: കമ്യൂട്ടർ യാത്രക്കാർക്ക് ദുരിതം സമ്മാനിച്ചുകൊണ്ട് ലുവാസ് ജീവനക്കാർ പണിമുടക്കിന് ഒരുങ്ങുന്നു. അടുത്ത മാസം നാലു ദിവസത്തേക്കാണ് പണിമുടക്കിന് ആഹ്വാനം നൽകിക്കൊണ്ട് എസ്‌ഐപിടിയു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ലുവാസ് ഡ്രൈവർമാർ പണിമുടക്കുന്നതോടെ ഡബ്ലിനിലെ റെയിൽ ഗതാഗത സംവിധാനം ഭാഗികമായി സ്തംഭിക്കും. ഫെബ്രുവരി 11, 12, 18, 19 തിയതികളിലാണ് പണിമുടക്ക് നടത്തുക.

ലുവാസ് ജീവനക്കാരുടെ ശമ്പള വർധനയുമായി ബന്ധപ്പെട്ടാണ് പണിമുടക്ക് നടത്തുന്നത്. അടുത്ത അഞ്ചു വർഷത്തേക്ക് ലുവാസ് വർക്കർമാരുടെ ശമ്പള വർധനയുടെ കാര്യത്തിൽ ഉറപ്പുനൽകുന്നതിൽ ട്രാൻസ്‌ഡേവ് പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കിയാണ് യൂണിയൻ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞ 18 മാസമായി ചർച്ചകൾ നടന്നുവരികയാണെന്നും ഇക്കാര്യത്തിൽ അന്തിമതീരുമാനം കൈക്കൊള്ളാൻ കമ്പനിക്കായിട്ടില്ലെന്നും ജീവനക്കാർ ആരോപിക്കുന്നു. കൺസ്യൂമർ പ്രൈസ് ഇൻഡക്‌സിന് (സിപിഐ) ആനുപാതികമായി മാത്രമേ ശമ്പള വർധന നടത്താൻ സാധിക്കൂ എന്നാണ് കമ്പനിയുടെ നിലപാട്.

ജീവനക്കാർക്ക് 2,200 യൂറോയ്ക്കും 3,000 യൂറോയ്ക്കും മധ്യേ വാർഷിക ശമ്പള വർധന നടത്തണമെന്നാണ് ജീവനക്കാരുടെ ആവശ്യം. എന്നാൽ ട്രാൻസ്‌ഡേവ് ഇതു അംഗീകരിച്ചിട്ടില്ല. നിലവിൽ ഏറെ നഷ്ടത്തിലോടുന്ന കമ്പനിക്ക് ജീവനക്കാരുടെ ശമ്പളത്തിൽ ഇത്രയേറെ വർധന വരുത്തുന്നത് വൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കും എന്നാണ് അധികൃതരുടെ വാദം.