ഡബ്ലിൻ: ഈയാഴ്ച അവസാനം ലുവാസ് ഡ്രൈവർമാർ നടത്താനിരുന്ന സമരം  പിൻവലിച്ചു. ട്രാൻസ്‌ദേവുമായി ട്രേഡ് യൂണിയൻ എസ്‌ഐപിടിയു കൂടുതൽ ചർച്ചയ്ക്ക് സാധ്യത ഇട്ടുകൊണ്ടാണ് സമരത്തിൽ നിന്ന് പിന്മാറിയത്. ശനിയാഴ്ചയും ഞായറാഴ്ചയും നടത്താനിരുന്ന ലുവാസ് ഡ്രൈവർമാരുടെ പണിമുടക്കാണ് യൂണിയൻ പിൻവലിച്ചത്.

വേതന വ്യവസ്ഥകളെ ചൊല്ലി കമ്പനിയുമായി നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസമാണ് ലുവാസ് ഡ്രൈവർമാരെ പണിമുടക്കിലേക്ക് നയിച്ചത്. ഇതുവരെ വിവിധ ഘട്ടങ്ങളിലായി ഇവർ എട്ടു ദിവസം പണിമുടക്കു നടത്തിയിരുന്നു. ഇനിയും മറ്റൊരു ആറു ദിവസം കൂടി പണിമുടക്ക് നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു. ഈയാഴ്ച നടത്താനിരുന്ന പണിമുടക്ക് കൂടാതെയാണ് ആറു ദിവസം കൂടി പണിമുടക്ക് നടത്തുന്നത്.

കമ്പനിയും ലുവാസ് ഡ്രൈവർമാരും തമ്മിൽ പുതിയ ചർച്ചകൾക്ക് വഴി തുറന്നതോടെ ഇക്കാര്യത്തിൽ കാര്യമായ പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ട്രാൻസ്‌ദേവ്. അതേസമയം ട്രാൻസ്‌പോർട്ട് മിനിസ്റ്ററുമായി കൂടിക്കാഴ്ചയ്ക്ക് യൂണിയൻ നേതാക്കൾ കത്ത് അയച്ചിട്ടുമുണ്ട്. കമ്പനിയുമായി യൂണിയൻ ചർച്ചയ്ക്ക് തയാറായത് യൂണിയന്റെ ദൗർബല്യമായോ വിട്ടുവീഴ്ചയായോ കരുതാൻ പാടില്ലെന്നും എസ്‌ഐപിടിയുവിന്റെ നേതാവ് ഓവർ റീഡി വ്യക്തമാക്കി.