ഡബ്ലിൻ: സൂചനാ പണിമുടക്ക് നടത്തിയതിനു പിന്നാലെ ഈയാഴ്ചയും അടുത്ത മാസവും പണിമുടക്കിന് ഒരുങ്ങി ലുവാസ് ജീവനക്കാർ. വേതന വർധനയും തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന ആവശ്യവും ഉന്നയിച്ചുകൊണ്ട് നടത്തുന്ന പണിമുടക്കിൽ സെന്റ് പാട്രിക് ഡേ ആഘോഷങ്ങൾ മുങ്ങിപ്പോകുമെന്ന ആശങ്കയിലാണ് പൊതുജനങ്ങൾ.

ഈയാഴ്ച വ്യാഴം, വെള്ളി ദിവസങ്ങളിൽ നടത്തുന്ന 48 മണിക്കൂർ പണിമുടക്കിനെ തുടർന്ന് അടുത്ത മാസം എട്ടിനും 17നും വീണ്ടും സിഐപിടിയു പണിമുടക്ക് നടത്തും. കഴിഞ്ഞാഴ്ച നടത്തിയ ആദ്യ ഘട്ട പണിമുടക്കിൽ 90,000ത്തോളം യാത്രക്കാരാണ് വലഞ്ഞത്. ജീവനക്കാർക്ക് വേതന വർധന നടത്താതെ സമരത്തിൽ നിന്നു പിന്തിയില്ല ശക്തമായ നിലപാടിയാണ് യൂണിയൻകാരും. കമ്പനി വാഗ്ദാനം ചെയ്ത ഒരു ശതമാനത്തിനും മൂന്നു ശതമാനത്തിനും ഇടയ്ക്കുള്ള വേതന വർധന പക്ഷേ യൂണിയൻ തള്ളിക്കളഞ്ഞിരുന്നു.

കുറഞ്ഞത് അഞ്ചു ശതമാനം വർധനയെങ്കിലും വാഗ്ദാനം ചെയ്യാതെ യൂണിയൻ ചർച്ചകൾക്കു പോലും തയാറാകില്ല എന്നാണ് റിപ്പോർട്ടുകൾ. 8.5 ശതമാനം മുതൽ 53.8 ശതമാനം വരെ വേതന വർധനയാണ് ജീവനക്കാർ മുന്നോട്ടുവച്ചിരിക്കുന്നത്. കൂടാതെ പത്തു ശതമാനം ബോണസും ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും തിരക്കേറിയ ദിവസമായ സെന്റ് പാട്രിക് ഡേ മാർച്ച് എട്ടിനാണ് ആഘോഷിക്കുന്നത്. അന്നു തന്നെ ലുവാസ് ജീവനക്കാർ പണിമുടക്കുന്നത് ആഘോഷങ്ങൾക്ക് മങ്ങൽ ഏൽപ്പിക്കുമെന്നും യാത്രക്കാരെ ഏറെ വലയ്ക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.