പൂണെ: ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് പോയിന്റ് പട്ടികയിൽ ഒന്നാമത്.കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ 75 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയതോടെയാണ് ലഖ്നൗ ഗുജറാത്ത് ടൈറ്റൻസിനെ പിന്തള്ളി ഒന്നാമതെത്തിയത്. പൂണെയിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ലഖ്നൗ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ കൊൽക്കത്ത 14.3 ഓവറിൽ 101ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ ജേസൺ ഹോൾഡർ, ആവേഷ് ഖാൻ എന്നിവരാണ് കൊൽക്കത്തയെ തകർത്തത്.

19 പന്തിൽ നിന്ന് അഞ്ച് സിക്സും മൂന്ന് ഫോറുമടക്കം 45 റൺസെടുത്ത ആന്ദ്രേ റസ്സലാണ് കൊൽക്കത്തയുടെ ടോപ് സ്‌കോറർ. റസ്സിലനെ കൂടാതെ 12 പന്തിൽ നിന്ന് 22 റൺസെടുത്ത സുനിൽ നരെയ്നും 14 പന്തിൽ നിന്ന് 14 റൺസെടുത്ത ആരോൺ ഫിഞ്ചും മാത്രമാണ് കൊൽക്കത്ത നിരയിൽ രണ്ടക്കം കടന്ന ബാറ്റർമാർ.

മൂന്ന് ഓവറിൽ 19 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ആവേശ് ഖാനാണ് ലഖ്നൗ ബൗളർമാരിൽ തിളങ്ങിയത്. ജേസൺ ഹോൾഡർ 2.3 ഓവറിൽ 31 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി.ബാബ ഇന്ദ്രജിത്ത് (0), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (6), നിതീഷ് റാണ (2), റിങ്കു സിങ് (6) എന്നിവരെല്ലാം നിരാശപ്പെടുത്തി. അനുകുൽ റോയ് (0), ശിവം മാവി (1), ടിം സൗത്തി (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 176 റൺസെടുത്തത്. അർധ സെഞ്ചുറി നേടിയ ഓപ്പണർ ക്വിന്റൺ ഡിക്കോക്ക്, ദീപക് ഹൂഡ എന്നിവരാണ് ലഖ്നൗവിനായി മികച്ച പ്രകടനം പുറത്തെടുത്തത്.

ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റൻ കെ.എൽ രാഹുലിനെ (0) നഷ്ടമായ ശേഷം രണ്ടാം വിക്കറ്റിൽ ഒന്നിച്ച ഡിക്കോക്ക് - ഹൂഡ സഖ്യം 71 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 29 പന്തിൽ നിന്ന് മൂന്ന് സിക്സും നാല് ഫോറുമടക്കം 50 റൺസെടുത്ത ഡിക്കോക്കിനെ മടക്കി സുനിൽ നരെയ്നാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ 27 പന്തിൽ നിന്ന് രണ്ട് സിക്സും നാല് ഫോറുമടക്കം 41 റൺസുമായി ഹൂഡയും മടങ്ങി. ഇതോടെ ലഖ്നൗവിന്റെ സ്‌കോറിങ് റേറ്റ് താഴ്ന്നു. ക്രുനാൽ പാണ്ഡ്യയ്ക്ക് 27 പന്തിൽ നിന്ന് 25 റൺസെടുക്കാനേ സാധിച്ചുള്ളൂ.

അവസാന ഓവറുകളിൽ തകർത്തടിച്ച മാർക്കസ് സ്റ്റോയ്നിസും ജേസൺ ഹോൾഡറുമാണ് ലഖ്നൗ സ്‌കോർ 176-ൽ എത്തിച്ചത്. സ്റ്റോയ്നിസ് 14 പന്തിൽ നിന്ന് മൂന്ന് സിക്സും ഒരു ഫോറുമടക്കം 28 റൺസെടുത്തപ്പോൾ ഹോൾഡർ നാലു പന്തിൽ നിന്ന് രണ്ട് സിക്സടക്കം 13 റൺസ് നേടി. ശിവം മാവിയെറിഞ്ഞ 19-ാം ഓവറിൽ ഇരുവരും ചേർന്ന് അഞ്ച് സിക്സറുകളാണ് പറത്തിയത്. ആയുഷ് ബദോനി 18 പന്തിൽ നിന്ന് 15 റൺസുമായി പുറത്താകാതെ നിന്നു.