ബെർലിൻ: ജർമൻ എയർലൈനായ ലുഫ്താൻസ പൈലറ്റുമാരുടെ ശമ്പളം വർധിപ്പിക്കാൻ തീരുമാനിച്ചു. പൈലറ്റുമാരുടെ ശമ്പളത്തിൽ 8.7 ശതമാനം വർധന വരുത്താൻ തീരുമാനമായതോടെ വർഷങ്ങൾ നീണ്ട സമരപരമ്പരയ്ക്ക് അവസാനമാകുകയാണ്. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ലുഫ്താൻസ എയർ ക്രൂ ഇതിനോടകം നിരവധി തവണ പണിമുടക്ക് നടത്തിയിട്ടുണ്ട്. 2016 ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരുത്തിക്കൊണ്ടായിരിക്കും ശമ്പള വർധന നടപ്പാക്കുന്നത്. കൂടാതെ 2019 ജനുവരി ഒന്നുവരെയുള്ള കാലയളവിൽ ഘട്ടങ്ങളായിട്ടാണ് ശമ്പളം വർധിപ്പിക്കുക.

ശമ്പള വർധന പ്രാബല്യത്തിൽ വരുന്നതോടെ പൈലറ്റുമാർക്ക് അയ്യായിരം യൂറോയ്ക്കും ആറായിരത്തിനുമിടയ്ക്ക് ബോണസ് ആയി ലഭിക്കുമെന്ന് പൈലറ്റുമാരുടെ യൂണിയൻ കോക്പിറ്റ് പ്രസ്താവനയിൽ വെളിപ്പെടുത്തുന്നു. ലുഫ്താൻസ, ലുഫ്താൻസ കാർഗോ, കമ്പനിയുടെ ബജറ്റ് എയർലൈനായ ജർമൻ വിങ്‌സ് എന്നിവയുടെ പൈലറ്റുമാർക്ക് ശമ്പള വർധന ബാധകമാകും. മൊത്തം 5400 പൈലറ്റുമാർക്കാണ് ശമ്പള വർധന ലഭ്യമാകുക. അതേസമയം പ്രതിവർഷം കമ്പനിക്ക് 85 മില്യൺ യൂറോയുടെ അധിക ബാധ്യത ഇതുവഴി ഉണ്ടാകുമെന്ന് കരുതുന്നു.

കമ്പനി ശമ്പള വർധന പ്രഖ്യാപിച്ചുവെങ്കിലും യൂണിയൻ അംഗങ്ങൾക്കിടയിൽ ഇത് വോട്ടിനിട്ട് അംഗീകരിക്കേണ്ടതുണ്ട്. ശമ്പള വർധന ആവശ്യപ്പെട്ട് പൈലറ്റുമാർ നിരവധി തവണയാണ് പണിമുടക്ക് നടത്തിയത്. അവസാനം നവംബറിൽ നടത്തിയ പണിമുടക്കിനെ തുടർന്ന് കമ്പനിക്ക് 100 മില്യൺ യൂറോയുടെ നഷ്ടം ഉണ്ടാക്കിയിരുന്നു. 2014 മുതൽ നിരവധി തവണ പൈലറ്റുമാർ നടത്തിയ പണിമുടക്ക് മൊത്തത്തിൽ 351 മില്യൺ യൂറോയുടെ നഷ്ടമാണ് വരുത്തിത്തീർത്തത്.