ബെർലിൻ: ലുഫ്താൻസയിലെ സമരപരമ്പരയ്ക്ക് അന്ത്യമില്ല. ഏതാനും ആഴ്ചകൾ മുമ്പ് പൈലറ്റുമാരുടേയും എയർ ട്രാഫിക് കൺട്രോളർമാരുടേയും സമരത്തിനു ശേഷം ഇപ്പോൾ കാബിൻ ക്രൂ യൂണിയനായ യുഎഫ്ഒയാണ് പണിമുടക്ക് ആഹ്വാനവുമായി രംഗത്തെത്തിയിട്ടുള്ളത്. വെള്ളിയാഴ്ച മുതൽ ഏഴു ദിവസത്തെ പണിമുടക്കാണ് യൂണിയൻ നടത്തുക.

തൊഴിലാളികൾക്കു നൽകുന്ന കരാറിലെ ട്രാൻസിഷണൽ വ്യവസ്ഥയുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസമാണ് യുഎഫ്ഒ യൂണിയനെ സമരത്തിലേക്കു നയിക്കുന്നത്. നേരത്തെ വിരമിക്കാൻ സഹായിക്കുന്നതാണ് ഈ വ്യവസ്ഥ. ജീവനക്കാരുടെ റിട്ടയർമെന്റ് ഫണ്ടു സംബന്ധിച്ചുള്ള ശുപാർശകൾ യൂണിയൻ മാനേജ്‌മെന്റിന് സമർപ്പിച്ചിട്ടുണ്ട്. മാനേജ്‌മെന്റ് ഇതു വ്യാഴാഴ്ചയ്ക്കുള്ളിൽ സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് യൂണിയൻ തീരുമാനം.

ഇതുസംബന്ധിച്ച് യൂണിയനും കമ്പനിയും തമ്മിൽ രണ്ടു വർഷക്കാലമായി അഭിപ്രായവ്യത്യാസം നിലനിൽക്കുന്നുണ്ടെങ്കിലും സമരപരിപാടികളിലേക്ക് എത്തുന്നത് ഇതാദ്യമാണ്. റയാൻ എയർ, ഈസി ജെറ്റ് തുടങ്ങിയ ബജറ്റ് എയർലൈനുകളുടെ വരവോടെ പ്രതിസന്ധിയിലായ ലുഫ്താൻസ ചെലവുചുരുക്കൽ നടപടികളിലേക്ക് കടന്നതാണ് പ്രശ്‌നങ്ങൾക്കു തുടക്കമായത്. 2014 ഏപ്രിൽ മുതൽ ഇതുവരെ ലുഫ്താൻസ പൈലറ്റുമാർ 13 തവണയാണ് പണിമുടക്കിയിട്ടുള്ളത്. ഏറ്റവും ഒടുവിലായി മറ്റൊരു പണിമുടക്കിന് പൈലറ്റുമാർ ആഹ്വാനം ചെയ്തിരുന്നുവെങ്കിലും അത് കോടതി വിധിയെ തുടർന്ന് പിൻവലിക്കുകയായിരുന്നു.