ബെർലിൻ: ആവശ്യങ്ങൾ അംഗീകരിച്ചു കിട്ടാത്തതിനെ തുടർന്ന് വീണ്ടും സമരമുറകളുമായി മുന്നോട്ടു പോകാൻ ലുഫ്താൻസ എയർ ക്രൂ യൂണിയൻ യുഎഫ്ഒ. അടുത്ത വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പണിമുടക്കിന് യൂണിയൻ ആഹ്വാനം ചെയ്തിരിക്കുകയാണിപ്പോൾ.
പിക്കറ്റിങ് ആണ് രണ്ടു ദിവസങ്ങളിലും പ്ലാൻ ചെയ്തിരിക്കുന്നതെങ്കിലും ഏതൊക്കെ എയർപോർട്ടുകളെ ഇതു ബാധിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ആവശ്യങ്ങൾ അംഗീകരിച്ചു നൽകിയില്ലെങ്കിൽ തിങ്കളാഴ്ച മുതൽ വീണ്ടും പണിമുടക്കിൽ ഏർപ്പെടുമെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചിട്ടുണ്ട്. ലുഫ്താൻസയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ സമരമുറയാണ് ഈ മാസം ആദ്യം അരങ്ങേറിയത്. യുഎഫ്ഒ യൂണിയൻ തന്നെയായിരുന്നു ഇത് ആഹ്വാനം ചെയ്തു നടത്തിയത്.

ചർച്ചയ്ക്കായി യൂണിയന്റെ ഭാഗത്തു നിന്ന് സഹകരണം ഉണ്ടാകാത്തത് നിരാശാ ജനകമാണെന്നും ചർച്ചയിലൂടെ പരിഹരിക്കാൻ പറ്റാത്തതായി ഒന്നുമില്ലെന്നും ലുഫ്താൻസയുടെ ഹ്യൂമൻ റിസോഴ്‌സ് ചീഫ് ബെറ്റിന വോൾക്കെൻസ് പ്രസ്താവനയിൽ വ്യക്തമാക്കി. ശമ്പള വർധന, റിട്ടയർമെന്റ് ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ചാണ് യൂണിയനും മാനേജ്‌മെന്റും തമ്മിൽ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നത്. 2013 ഡിസംബർ മുതൽ ഇതിന്റെ പേരിൽ യൂണിയനുകൾ സമരമുറ നടത്തിവരികയാണ്.

ലോ ബജറ്റ് എയർലൈനുകളുടെ സാന്നിധ്യം മൂലം പിടിച്ചു നിൽക്കാൻ ചെലവു ചുരുക്കൽ നടപടികളുമായി ലുഫ്താൻസ മുന്നിട്ടിറങ്ങിയതോടെയാണ് കമ്പനിയിൽ സമരപരിപാടികൾ അരങ്ങേറാൻ തുടങ്ങിയത്.