ബാഴ്‌സലോണ: ഗ്രൗണ്ടിൽ ഇനി കടിയില്ലെന്നും കളിമാത്രമെന്നും സുവാരസ് ശപഥം ചെയ്തു. ലോകകപ്പ് മത്സരത്തിനിടെ ഇറ്റാലിയൻ താരം ജോർജിയോ ചില്ലേനിയെ കടിച്ചതിന്റെ പേരിൽ സുവാരസിന് ഫിഫ വിലക്കേർപ്പെടുത്തിയിരുന്നു. വിലക്ക് ഇപ്പോഴും തുടരുന്ന സാഹചര്യത്തിലാണ് താരത്തിന്റെ പുതിയ പ്രഖ്യാപനം. 'ആരാധകർ പേടിക്കേണ്ട. ഗ്രൗണ്ടിൽ കടി ഇനി ഞാൻ ആവർത്തിക്കില്ല. ചെയ്ത തെറ്റിന് ഞാൻ ആരാധകരോട് ക്ഷമ ചോദിക്കുന്നു. മോശം പെരുമാറ്റത്തിന്റെ പൂർവകാല ചരിത്രം മാറ്റാനുറച്ചാണ് ഞാൻ ബാഴ്‌സ ജേഴ്‌സിയിൽ ഇറങ്ങുന്നത്'സുവാരസ് പറഞ്ഞു.

കടി വിവാദത്തെത്തുടർന്ന് ജൂലൈ ഒന്നിനാണ് ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽ നിന്നും ഫിഫ അച്ചടക്കസമിതി സുവാരസിന് തുടർന്നുള്ള ഒൻപത് മത്സരങ്ങളിൽ വിലക്കേർപ്പെടുത്തിയത്. ഫിഫ ഏർപ്പെടുത്തിയ വിലക്കിനെതിരെ നൽകിയ അപ്പീലിൽ സുവാരസിന് പരിശീലനം തുടരാനും സൗഹൃദ മത്സരങ്ങളിൽ പങ്കെടുക്കാനും അന്താരാഷ്ട്ര കായിക കോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. വിലക്കിന്റെ കാലാവധി ഒക്ടോബർവരെ നിലനിൽക്കുന്നതിനാൽ ലാ ലിഗയിൽ കളിക്കാൻ സുവാരസിന് ഒക്ടോബർ 26വരെ കാത്തിരിക്കേണ്ടിവരും. ലാ ലിഗയിൽ 26ന് റയൽ മാഡ്രിഡുമായി നടക്കുന്ന എൽക്ലാസിക്കോ പോരാട്ടത്തിലെ സുവാരസിന് ബാഴ്‌സയ്ക്കായി ഔദ്യോഗികമായി കളത്തിലിറങ്ങാനാവു.