ലോസൻ: ലോകകപ്പ് മത്സരത്തിനിടെ ഇറ്റാലിയൻ താരം ജോർജിയോ ചില്ലേയ്‌നിയെ കടിച്ചതിന്റെ പേരിൽ വിലക്ക് നേരിടുന്ന ഉറുഗ്വേൻ ഫുട്‌ബോൾ താരം ലൂയിസ് സുവാരസ് സമർപ്പിച്ച അപ്പീൽ കായിക തർക്കപരിഹാര കോടതി തള്ളി. അതേസമയം, സുവാരസിന് പരിശീലനം നടത്താനുള്ള അനുമതി നൽകി. ജോർജിയോ ചില്ലേയ്‌നിയെ കടിച്ചതിന്റെ പേരിലായിരുന്നു സുവാരസിനെ ഫിഫ നാലുമാസത്തേക്ക് ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിൽനിന്നും വിലക്കേർപ്പെടുത്തിയത്. ഒമ്പതു മത്സരങ്ങളിൽനിന്നും വിലക്കി. ഇതിനെതിരെയായിരുന്നു സുവാരസ് തർക്കപരിഹാര കോടതിയെ സമീപിച്ചത്. എന്നാൽ കുറ്റം ചെയ്തതിന് വ്യക്തമായ തെളിവുണ്ടെന്ന് കോടതിയുടെ നിരീക്ഷണം.

ലോകകപ്പിന്റെ പ്രാഥമിക റൗണ്ട് മത്സരത്തിനിടെയായിരുന്നു സുവാരസ് ചില്ലേയ്‌നിയെ കടിച്ചത്. മത്സരത്തിൽ ഉറുഗ്വേ ഒരു ഗോളിന് ജയിച്ചെങ്കിലും പ്രീ ക്വാർട്ടർ കളിക്കാൻ സുവാരസിന് കഴിഞ്ഞില്ല. പിന്നീട് ചില്ലേയ്‌നിയെ കടിച്ചതായി സുവാരസ് സമ്മതിച്ചു. ട്വിറ്ററിൽ ചില്ലേയ്‌നിയോടും ഫുട്‌ബോൾ ആരാധകരോടും സുവാരസ് മാപ്പുചോദിക്കുകയും ചെയ്തു. മുമ്പും പലതവണ സുവാരസ് എതിർതാരങ്ങളെ കടിച്ചിട്ടുണ്ട്. 2013ൽ ചെൽസി താരം ബ്രാനിസ്ലാവ് ഇവാനോവിച്ചിനെ സുവാരസ് കടിച്ചിരുന്നു. ഇതിന് 10 മത്സരങ്ങളിൽ വിലക്കായിരുന്നു ശിക്ഷ. പിഎസ്വി ഐന്തോവൻ താരം ഒട്മാൻ ബക്കലിനെ കടിച്ചതിന് ഏഴു മത്സരങ്ങളിൽനിന്ന് വിലക്കും ലഭിച്ചു.

വിലക്ക് നേരിടുന്ന സുവാരസിന് ഉറുഗ്വേയുടെ ഇനിയുള്ള എട്ടു രാജ്യാന്തര മത്സരങ്ങളിലും കളിക്കാൻകഴിയില്ല. ലിവർപൂളിൽനിന്ന് ഈ സീസണിൽ സ്പാനിഷ് ക്ലബ് ബാഴ്‌സലോണയിലെത്തിയ സുവാരസ് ഇപ്പോൾ പരിശീലനത്തിലാണ്. ഒക്ടോബർ 26 വരെ ബാഴ്‌സയ്ക്കായി സുവാരസിന് കളിക്കാൻകഴിയില്ല എന്നാൽ ബാഴ്‌സലോണയ്ക്കായി പരിശീലനം നടത്താൻ അനുവാദമുണ്ട്.