മാഡ്രിഡ്: നിലവിൽ ലോക ഫുട്‌ബോളിൽ കളിക്കുന്ന മിഡ് ഫീൾഡർമാരിൽ ഏറ്റവും മികച്ച താരമായ ലൂക്കാ മോഡ്രിച്ചിന്റെ കരാർ റയൽ മാഡ്രിഡ് നീട്ടില്ലെന്ന് വിവരം. ഇറ്റാലിയൻ മാധ്യമം സ്പോർട്സ് മീഡിയസെറ്റിനെ ഉദ്ധരിച്ച് ഫോക്സ് സ്പോർട്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. നിലവിൽ 2020വരെ 33കാരനായ ക്രൊയേഷ്യൻ താരത്തിന് റയലിൽ കരാറുണ്ട്. ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയ ലൂക്കാ മോഡ്രിച്ച് നേരത്തെ തന്നെ ഇറ്റലിയിലേക്ക് ചേക്കേറുമെന്ന് വാർത്തകൾ വന്നിരുന്നു.

2012ലാണ് മോഡ്രിച്ച് റയലിലെത്തിയത്. സെപ്റ്റംബറിലാണ് റയലിൽ സഹതാരമായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ലിവർപൂളിന്റെ ഈജിപ്ഷ്യൻ സ്ട്രൈക്കർ മുഹമ്മദ് സലായെയും മറികടന്ന് മോഡ്രിച്ച് ഫിഫയുടെ പുരസ്‌കാരം നേടിയത്. യൂറോപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും മോഡ്രിച്ചിനായിരുന്നു.

 റഷ്യൻ ലോകകപ്പിൽ ക്രൊയേഷ്യയെ ഫൈനലിലെത്തിച്ച് മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയതും റയലിന്റെ തുടർച്ചയായ മൂന്നാം ചാമ്പ്യൻസ് ലീഗ് കിരീടത്തിലെ സംഭാവനകളുമാണ് മോഡ്രിച്ചിനെ പുരസ്‌കാരങ്ങൾക്ക് അർഹനാക്കിയത്. ഡിസംബറിൽ പ്രഖ്യാപിക്കാനിരിക്കുന്ന ബാലൻ ഡി ഓർ പുരസ്‌കാരത്തിനുള്ള ഫേവറേറ്റുകളിലൊന്നായാണ് മോഡ്രിച്ച് വിലയിരുത്തപ്പെടുന്നത്.