ടോക്യോ: നീൽ ആംസ്ട്രോംഗ് ചന്ദ്രനിൽ കാലുകുത്തിയപ്പോൾ കണ്ട ചന്ദ്രൻസ് കഫെയെക്കുറിച്ചുള്ള തമാശ മലയാളികൾ പാടിപഴകിയ ഒന്നാണ്. എന്നാൽ, ചന്ദ്രനിലെ തെരുവുകളിലൂടെ കാറോടിച്ച് പോകുന്നത് ആരെങ്കിലും സ്വപനം കണ്ടിട്ടുണ്ടോ ? ഭൂമിയിലെ ഏറ്റവും മികച്ച കാർ ബ്രാൻഡുകളിലൊന്നായി ഉയർന്ന ടൊയോട്ട ഇപ്പോൾ ഉന്നം വയ്ക്കുന്നത് അതാണ്. തങ്ങളുടെ അടുത്ത മോഡൽ കാർ ഇറക്കുക ചന്ദ്രനിൽ ഓടിക്കുവാനായിരിക്കും എന്നാണ് കമ്പനി പറയുന്നത്.

2040 ആകുമ്പോഴേക്കും ജനങ്ങൾക്ക് ചന്ദനിൽ താമസിക്കുവാനുള്ള സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ ജപ്പാന്റെ ബഹിരാകാശ ഏജൻസിയുമായി സഹകരിച്ച് ചന്ദ്രനിൽ ഓടിക്കാൻ പറ്റുന്ന കാറുകളുടെ നിർമ്മാണത്തിനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് ടൊയോട്ട. അതിനുശേഷം അതിനപ്പുറം ചൊവ്വയിലേക്കും ഈ വാഹനം ഓടിക്കയറും എന്ന് കമ്പനി പറയുന്നു.

ജപ്പാന്റെ എയ്റോസ്പേസ് ഏജൻസി വികസിപ്പിച്ച ഈ വാഹനത്തിന് ലൂണാർ ക്രൂയിസർ എന്നാണ് പേര് നൽകിയിരിക്കുന്നത്. ടൊയൊട്ടയുടെ സ്പോർട്സ് യൂട്ടിലിറ്റി വാഹനമായ ടൊയോട്ട ലാൻഡ് ക്രൂയിസറിന്റെ സ്മരണ അങ്ങ് ചന്ദ്രനിലും എത്തിക്കുകയാണ് അതുവഴി. 2020 കളിൽ തന്നെ ഈ വാഹനം ചന്ദ്രനിൽ ഇറങ്ങുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ആർ വിക്ക് സമാനമായ ഇതിന് 14 ദിവസത്തോളം രണ്ടുപേരെ ഉൾക്കൊള്ളാൻ കഴിയും. അവർക്ക് ദൈനംദിന പ്രവർത്തനങ്ങൾ നടത്താനും ജോലിചെയ്യാനുമൊക്കെ ഇതിനുള്ളിൽ സൗകര്യമുണ്ടാകും.

ജനങ്ങൾ കാറുകൾക്കുൾലിൽ സുരക്ഷിതമായി ഭക്ഷണം കഴിക്കുകയും, ഉറങ്ങുകയും, ജോലി ചെയ്യുകയും ഒക്കെ ചെയ്യുക എന്ന ആശയത്തിൽ ഊന്നിയാണ് ഈ വാഹനം വികസിപ്പിച്ചിരിക്കുന്നത്.നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന പ്രധാന മാറ്റത്തിനായി തങ്ങൾ ഉന്നം വയ്ക്കുന്നത് ബഹിരാകാശത്തെ സാന്നിദ്ധ്യമാണെന്നാണ് ടൊയോട്ടാ വക്താക്കൾ പറയുന്നത്. ബഹിരാകാശത്ത് പോകുന്നതിലൂടെ മനുഷ്യരുടെ ജീവിത നിലവാരം ഉയർത്താൻ ഉതകുന്ന പുതിയ സാങ്കേതിക വിദ്യയും ആശയവിനിമയ ഉപാധികളുമൊക്കെ വികസിപ്പിക്കുവാൻ കഴിയുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

ഗിറ്റായ് ജപ്പാൻ എന്ന കമ്പൻബി ലൂണാർ ക്രൂയിസർക്ക് പരിശോധനകളും പരിപാലനവും നടത്താൻ സഹായിക്കുന്ന റോബോട്ടിക് കൈകളും വികസിപ്പിച്ചു കഴിഞ്ഞു. ചന്ദ്രനോടുള്ള ജപ്പാൻകാരുടെ അഭിനിവേശം വർദ്ധിച്ചു വരികയാണ്. ഐസ്പേസ് എന്നൊരു സ്വകാര്യ കമ്പനിയും ലൂണാർ റോവേഴ്സ് വികസിപ്പിച്ചു കഴിഞ്ഞു. ഇതിന് ചന്ദ്രനെ ചുറ്റി ഭ്രമണം ചെയ്യാനും ചന്ദ്രനിൽ ഇറങ്ങാനും കഴിയും. ഈ വർഷം അവസാനത്തോടെ ഇത് കന്ദ്രനിലേക്ക് യാത്ര തിരിക്കും എന്നാണ് കമ്പനി വക്താക്കൾ പറയുന്നത്.