കൊച്ചി: ബലാത്സംഗ കേസിലും ജോലി തട്ടിപ്പു കേസിലും പ്രതിയായ ബ്രിട്ടീഷ് പൗരനായ മലയാളി അറസ്റ്റിൽ. കോൺഗ്രസ് ബന്ധങ്ങളുള്ള പ്രവാസി നേതാവ് കൂടിയായ ലക്സൻ ഫ്രാൻസിസ് അഗസ്റ്റിനാണ് അറസ്റ്റിലായത്. കൊടുങ്ങല്ലുൂർ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം ചെയ്തു ബലാത്സംഗം ചെയ്ത കുറ്റത്തിന് എറണാകുളം നോർത്ത് പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്. കേസിൽ അറസ്റ്റു ഭയന്ന് ഒളിവിൽ പോയ പ്രതിയെ ഇന്നലെയാണ് നോർത്ത് പൊലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ കോട്ടയത്തെ വീട്ടിൽ കഴിയവേയാണ് അറസ്റ്റു ചെയ്തത്.

ഇന്നലെ വൈകീട്ട് ഏഴു മണിയോടെയാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കേസിൽ നേരത്തെ പ്രതിയെ അറസ്റ്റു ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കേസ് പരിഗണിച്ച കോടതി എന്താണ് അറസ്റ്റു ചെയ്യാത്തതെന്ന വിശദീകരണവും പൊലീസിൽ നിന്നും തേടി. ഇതോടെയാണ് പൊലീസ് ഉടനടി പ്രതിയെ അററസ്റ്റു ചെയ്തത്. ഇന്ന് രാവിലെ അറസ്റ്റു രേഖപ്പെടുത്തിയ പ്രതിയെ ഉച്ചക്ക് ശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

ഇടപ്പള്ളിയിലെ വസതിയിൽ വെച്ചും മറ്റിടങ്ങളിൽ വെച്ചും ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് ലക്‌സനെതിരായ പരാതി. അബോധാവസ്ഥയിലാക്കിയ ശേഷം പീഡനം നടത്തുകയും നഗ്‌ന ദൃശ്യങ്ങൾ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തി വീണ്ടും പീഡനം നടത്തി എന്നുമാണ് യുവതിയുടെ പരാതി. 2018 ലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ബാഗ്ലൂരിൽ സ്ഥിരതാമസമായിരുന്ന കൊടുങ്ങല്ലൂർ സ്വദേശിനിയായ യുവതി 2012ൽ വിവാഹമോചിതയായിരുന്നു. പിന്നീട് എറണാകുളത്തെത്തി വാടകയ്ക്ക് താമസിച്ചു കൊണ്ട് ബിസിനസ് ചെയ്തു വരികയാണ്. വിവാഹ മോചനം നേടി ആറു വർഷങ്ങൾക്ക് ശേഷം യുവതി വീട്ടുകാരുടെ നിർബന്ധപ്രകാരം പുനർ വിവാഹം ചെയ്യാൻ തീരുമാനിച്ചു. ഇതിനായി ഷാദി ഡോട്ട് കോം എന്ന മാട്രിമോണിയൽ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തു. വെബ്സൈറ്റിൽ നിന്നുമാണ് ലക്സൺ യുവതിയെ പരിചയപ്പെടുന്നത്.

കോൺഗ്രസ് നേതാവാണെന്നും ബ്രിട്ടീഷ് പൗരനാണെന്നും പരിചയപ്പെടുത്തുകയും വിവാഹം കഴിക്കാൻ സന്നദ്ധത അറിയിക്കുകയും ചെയ്തു. നിലവിൽ ഭാര്യയുമായി പിരിഞ്ഞു താമസിക്കുകയാണെന്നും ഉടൻ വിവാഹമോചനം ലഭിക്കുമെന്നും അറിയിച്ചു. തുടർന്ന് യുവതി മാതാപിതാക്കളുമായി ബന്ധപ്പെടാൻ അറിയിച്ചു. മാതാപിതാക്കൾ വിവാഹത്തിന് സമ്മതിച്ചതോടെ 2018 ഒക്ടോബറിൽ ഇയാൾ നാട്ടിലെത്തി. നാട്ടിലെത്തിയ ശേഷം യുവതിയെ കാണുകയും താൻ വലിയ ഭക്തനാണെന്നും വല്ലാർപാടം പള്ളിയിൽ പോയി ഇതു പോലെയൊരു പെണ്ണിനെ തന്നതിന് പ്രാർത്ഥിച്ച് നന്ദി പറയണമെന്നും പറഞ്ഞു.

യുവതിയും ലക്സണും കൂടി വല്ലാർപാടം പള്ളിയിലെത്തുകയും പ്രാർത്ഥിക്കുന്നതിനിടയിൽ യുവതിയുടെ വിരലിൽ നിർബന്ധപൂർവ്വം ഒരു മോതിരം ഇടുകയും ചെയ്തു. എന്തെങ്കിലും കാരണവശാൽ വിവാഹം തടസപ്പെടാതിരാക്കാനാണ് മോതിരം ഇട്ടതെന്നായിരുന്നു ഇയാളുടെ വാദം. എന്നാൽ യുവതി വീട്ടുകാരുടെ സമ്മതത്തോടെ പള്ളിയിൽ വച്ച് മോതിരം മാറ്റം നടത്തിയാൽ മതി എന്ന് പറഞ്ഞ് എതിർത്തു. ഇതേ തുടർന്ന് ഒക്ടോബർ 10ന് ഇയാളുടെ മാതാവ് ത്രേസ്യാമ്മ മാത്യുവിനൊപ്പം കൊടുങ്ങല്ലൂരിലെ കുടുംബ വീട്ടിലെത്തുകയും ചെറിയ ചടങ്ങോടെ മോതിരം മാറ്റം നടത്തുകയും ചെയ്തു. ചടങ്ങിൽ ബന്ധുക്കൾ എത്താതെന്താണെന്ന് ചോദിച്ചപ്പോൾ നിലവിൽ യുകെയിലെ കോടതിയിൽ വിവാഹ മോചനത്തിനായുള്ള കേസ് നടക്കുന്നതിനാൽ മറ്റുള്ളവർ അറിഞ്ഞാൽ പ്രശ്നമാകും എന്നു പറഞ്ഞ് വിശ്വസിപ്പിച്ചു.

മോതിരം മാറ്റം ചടങ്ങ് നടന്നതിന് ശേഷം യുവതി എറണാകുളത്തേക്കും ലക്സണും മാതാവും ചങ്ങനാശ്ശേരിയിലേക്കും തിരിച്ചു. ഇവർ ഒരുമിച്ചായിരുന്നു യാത്ര. എറണാകുളം എത്തിയപ്പോൾ ലക്സണിന്റെ മാതാവിന് ദേഹാസ്വാസ്ഥ്യം വരികയും ഇനി യാത്ര ചെയ്യാൻ കഴിയില്ലെന്നും അതിനാൽ യുവതിയുടെ വാടക വീട്ടിൽ ഇന്ന് തങ്ങിക്കോട്ടെ എന്നും ചോദിച്ചു. പന്തികേടൊന്നും തോന്നാത്തതിനാൽ യുവതി ഇത് സമ്മതിച്ചു. അന്ന് രാത്രിയിൽ മൂന്ന് പേരും മൂന്നു മുറിയിലായി കിടന്നു. അർദ്ധരാത്രിയിൽ ലക്സൺ കുടിക്കാൻ വെള്ളം വേണം എന്ന് പറഞ്ഞ് യുവതിയെ മുറിയിലേക്ക് വിളിച്ചു വരുത്തുകയും കടന്നു പിടിക്കുകയും ചെയ്തു. ഞെട്ടിപ്പോയ യുവതി വിവാഹ ശേഷമല്ലാതെ ഒന്നിനും തയ്യാറല്ലായെന്ന് എതിർത്ത് പറഞ്ഞു. എന്നാൽ യുവതിയുടെ എതിർപ്പ് വകവയ്ക്കാതെ യുവതിയെ ഇയാൾ ബലാൽക്കാരമായി പിടിച്ചു വലിച്ച് കിടക്കയിലേക്കിട്ടു. ഹീമോഗ്ലോബിന്റെ കുറവുള്ള യുവതി ഇതോടെ ബോധം കെട്ടു. ഈ സമയം കൊണ്ട് ഇയാൾ യുവതിയെ പീഡനത്തിരയാക്കി. ബോധം തെളിഞ്ഞപ്പോൾ പീഡനത്തിനിരയായി എന്ന് യുവതിക്ക് മനസ്സിലായി.

യുവതി പൊട്ടിക്കരഞ്ഞു കൊണ്ട് തന്നെ പീഡിപ്പിച്ചതിന് പരാതി കൊടുക്കും എന്ന് പറഞ്ഞപ്പോൾ യുവതിയുടെ നഗ്‌ന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയിട്ടുണ്ടെന്നും അത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. പിറ്റേന്ന് ലക്സണിന്റെ മാതാവിനോട് ഇക്കാര്യം പറഞ്ഞപ്പോൾ അവൻ വിവാഹം കഴിക്കാൻ പോകുന്ന പെണ്ണല്ലേ നീ. അതൊന്നും കാര്യമാക്കേണ്ട എന്നായിരുന്നു മറുപടി. ഇതോടെ മാതാവിന്റെ ഒത്താശയോടെയാണ് ഇതെല്ലാം നടത്തിയത് എന്ന് മനസ്സിലായി. അവിടെ നിന്നും ചങ്ങനാശ്ശേരിയിലെ വീട്ടിലേക്ക് ഭീഷണിപ്പെടുത്തി കൊണ്ടു പോകുകയും അവിടെയും ദിവസങ്ങളോളം പൂട്ടിയിട്ട് പീഡനം നടത്തുകയും ചെയ്തു. ഇതിനിടയിൽ യു.കെയിലുള്ള ഇയാളുടെ നിലവിലെ ഭാര്യ നാട്ടിൽ വിവാഹമോചനത്തിന് മുൻപ് മറ്റൊരു സ്ത്രീയെ വീട്ടിൽ താമസിപ്പിക്കുന്നു എന്ന് കാട്ടി പൊലീസിൽ പരാതി നൽകിയതോടെയാണ് യുവതിക്ക് ഇവിടെ നിന്നും രക്ഷപെടാൻ കഴിഞ്ഞത്.

യുവതിയെ വീട്ടു തടങ്കലിൽ നിന്നും മോചിപ്പിച്ചെങ്കിലും ആരോടെങ്കിലും ഇക്കാര്യം പറഞ്ഞാൽ കയ്യിലുള്ള ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. യുവതി തിരികെ എറണാകുളത്തെ വീട്ടിലെത്തിയെങ്കിലും ഇയാൾ ഇവിടെയെത്തി വീണ്ടും പീഡനം തുടർന്നു. ഇതിനിടയിൽ യുവതിയോടുള്ള സ്നേഹം മൂലമാണെന്നും ഒരിക്കലും നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെയൊക്കെ ചെയ്തതെന്നും ലക്സൺ പറഞ്ഞു. കാലു പിടിച്ച് കരഞ്ഞു പറഞ്ഞതിനാൽ യുവതി ഇതൊക്കെ വിശ്വസിച്ചു. എന്നാൽ ഇയാൾ പിന്നീട് വിവാഹം കഴിക്കാൻ തയ്യാറായില്ല. ഇതോടെ യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.

ബലാത്സംഗ കേസിന് പുറമെ സാമ്പത്തിക തട്ടിപ്പു കേസുകളിലും ഇയാൾ പ്രതിയായിരുന്നു. ലക്സൻ ഫ്രാൻസിസ് അഗസ്റ്റിനെതിരെ റിക്രൂട്ടിങ് ഏജൻസിയുടെ മറവിൽ നടത്തിയ വൻ തട്ടിപ്പിലും കേസെടുത്തിരുന്നു. കൊച്ചി എം ജി റോഡിൽ ഓഫീസിൽ പ്രവർത്തിക്കുന്ന റിക്രൂട്ടിങ് ഏജൻസിയായ ഇന്തോ - ബ്രിട്ട് കൺസൾട്ടൻസിയാണ് മലയാളികൾ അടക്കം നിരവധി പേരെ തട്ടിപ്പിന് ഇരയാക്കിയത്.

ഐഎൽറ്റിഎസ് ഇല്ലാതെതന്നെ ബ്രിട്ടീഷ് യൂണിവേഴ്സിറ്റിയിൽ അഡ്‌മിഷൻ വാങ്ങിനൽകാം, തൊഴിൽ ലഭിക്കും എന്ന രീതിയിൽ നിരവധി പരസ്യങ്ങൾ നൽകിയാണ് നിരവധി പേരെ കബളിപ്പിച്ച് കോടികൾ തട്ടിയത്. വിഷയം ശ്രദ്ധയിൽ പെട്ട വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗമായ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് കൊച്ചി പൊലീസ് മേധാവിക്ക് നടപടി ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. സോഷ്യൽ മീഡിയയിൽ പരസ്യം നൽകി വിദ്യാർത്ഥികളെയും തൊഴിൽ അന്വേഷകരെയും ചതിയിൽപെടുത്തി പണം തട്ടുന്ന സ്ഥാപനത്തിനെതിരെ വാർത്താകുറിപ്പിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് സംബന്ധിച്ച ദേശീയ മാധ്യമങ്ങളിലടക്കം വാർത്തകൾ വന്നിരുന്നു. യോഗ്യതകൾ ഒന്നും വേണ്ട. ബ്രിട്ടീഷ് യൂണിവേഴ്സിറ്റിയിൽ അഡ്‌മിഷൻ കിട്ടും, തൊഴിൽ കിട്ടും എന്ന രീതിയിലാണ് പരസ്യങ്ങൾ കൊടുത്തിരുന്നത്.

പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസിന്റെ നിർദ്ദേശപ്രകാരമാണ് വിഷയത്തിൽ കൊച്ചി പൊലീസ് അന്വേഷണം നടത്തുകയും ഇന്തോ ബ്രിട്ട് കൺസൾട്ടൻസിയുടെ പിന്നിൽ പ്രവർത്തിച്ച ലക്സൻ ഫ്രാൻസിസ് അഗസ്റ്റിനെതിരെ കേസ് എടുക്കുകയും ചെയ്തത്. നിയമപരമായ യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ, ആവശ്യമായ രേഖകളോ ലൈസൻസോ ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത് എന്നും സൂചനയുണ്ട്. പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസിന്റെ നിർദ്ദേശം അനുസരിച്ച് എമിഗ്രേഷൻ ആക്ട് 1983യിലെ സെക്ഷൻ 10, 24 26 എന്നിവ അനുസരിച്ചാണ് ഈ ഏജൻസിക്കും ഉടമയ്ക്കും എതിരെ കേസ് എടുത്തത്. എഫ് ഐ ആറിൽ പ്രതിയുടെ പേര് ലക്സൻ ഫ്രാൻസിസ് അഗസ്റ്റിൻ എന്നാണ് നൽകിയിരിക്കുന്നത്.

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ജീവിച്ചിരുന്ന ഇയാൾ ഭാര്യയെ ക്രൂരമായി മർദ്ദിച്ച കേസിൽ മുമ്പ് ബ്രിട്ടനിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൂടാതെ നിരവധി തട്ടിപ്പ് കേസുകളിലും ഇയാൾ പ്രതിയാണ്. ഇന്ത്യയിൽ എത്തിയപ്പോഴാണ് ഒരു അഭിഭാഷകയെ വിവാഹ വാഗ്ദാനം നൽകി ഇയാൾ പീഡിപ്പിച്ചത്. ഈ കേസിൽ യുവതിയുടെ പരാതിയിൽ അന്വേഷണം നടത്തിയാണ് പൊലീസ് ലക്‌സനെ പിടികൂടിയിരിക്കുന്ന്ത. ചങ്ങനാശേരി തുരുത്തിയിലാണ് ഇയാളുടെ വീട്. പിതൃ സഹോദരനാണ് കേരളാ കോൺഗ്രസിലെ ഒരു നേതാവാണ്.

ചങ്ങനാശേരിക്കാരനായ അമേരിക്കയിലെ ഷിക്കാഗോയിൽ സിറോ മലബാർ സഭയുടെ വികാരി ജനറൽ ആയിരുന്ന ഡോ ജോർജ് മഠത്തിപ്പറമ്പിൽ ആണ് ഇദ്ദേഹത്തിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തത്. സഭയുമായും കോൺഗ്രസ് നേതാക്കളുമായുമുള്ള ബന്ധം മുതലെടുത്താണ് നിരവധി തട്ടിപ്പുകൾ ഇയാൾ നടത്തി വരികയായിരുന്നു പ്രതി. കോൺഗ്രസിന്റെ മൈനോരിറ്റി കമ്മീഷൻ ഡിപ്പാർട്ട്മെന്റിന്റെ കൺവീനർ എന്ന പേരിൽ വാഹനത്തിൽ ബോർഡ് വച്ചായിരുന്നു നാട്ടിൽ ഇയാളുടെ യാത്ര. മുമ്പ് ഓവർസീസ് കോൺഗ്രസിന്റെ ലണ്ടനിലെ കൺവീനർ ആയിരുന്നു. നിരവധി കോൺഗ്രസ് നേതാക്കളുടെ പേരു പറഞ്ഞു ഇയാൾ തട്ടി്പു നടത്തിയരരുന്നു.