ലണ്ടൻ: കോവിഡ് പത്തിവിടർത്തിയ ആദ്യനാളുകളിൽ ആഡംബര കപ്പലുകളിൽ കോവിഡ് പടർന്ന് പിടിച്ചത് ഏറെ ആശങ്കയുണ്രർത്തിയിരുന്നു. ഇതോടെ ആഡംബര കപ്പലിലെ യാത്രതന്നെ നിന്നുപോയേക്കുമെന്ന ഭയവും ഈ രംഗത്ത് ഉള്ളവർക്ക് ഉണ്ടായി. എന്നൽ, ഈ ഭയാശങ്കകളെല്ലാം ദൂരീകരിക്കുകയാണ് പുതിയ സംഭവ വികാസങ്ങൾ. കോവിഡ് ബാധിതരുള്ള കപ്പലുകൾക്ക് തങ്ങളുടെ തുറമുഖത്തേക്ക് പല രാജ്യങ്ങളും പ്രവേശനം നിഷേധിച്ചതാണ് ഈ മേഖലയിലുള്ളവരെ ഏറ്റവുമധികം ആശങ്കയിലാഴ്‌ത്തിയത്.

എന്നാൽ യാത്രകളെ സ്നേഹിക്കുന്നവരുടെ ഹൃദയങ്ങളിൽ ഭീതിയുടെ നിഴൽ വിരിക്കാൻ ഈ സംഭവവികാസങ്ങൾക്ക് ആയിട്ടില്ല എന്നുതന്നെ പറയാം. 132 രാത്രികൾ നീണ്ടുനിൽക്കുന്ന, ആഡംബര കപ്പലിലെ ലോകയാത്രയ്ക്ക് മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നത് വെറും മൂന്നു മണിക്കൂറിനുള്ളിൽ. ഒരു വ്യക്തിക്ക്, അയാൾ ആവശ്യപ്പെടുന്ന ആഡംബര മുറികളുടെ അടിസ്ഥാനത്തിൽ 73,499 ഡോളർ മുതൽ 1,99,999 ഡോളർ വരെയാണ് ടിക്കറ്റ് നിരക്ക്. തങ്ങളുടേ പ്രതീക്ഷകള്ക്കും അപ്പുറമായിരുന്നു ജനങ്ങളുടെ പ്രതികരണം എന്ന് യാത്രയൊരുക്കുന്ന റീജന്റ് സെവൻ സീസ് പ്രസിഡണ്ട് ജേസൺ മൊണ്ടേഗു പറയുന്നു.

യാത്രായോടുള്ള അഭിനിവേശം കുറഞ്ഞില്ലെന്നു മാത്രമല്ല, കോവിഡ് പ്രതിസന്ധിക്കിടയിലും ധാരാളം പേർ കൂടുതൽ ധനികരായി എന്നും ഇത് തെളിയിക്കുന്നു. എല്ലാവർക്കും കോവിഡ് നൽകുന്നത് ദുരിതം മാത്രമല്ല എന്നർത്ഥം. അഞ്ചു ഭൂഖണ്ഡങ്ങളിലായി, 31 രാജ്യങ്ങൾ സന്ദർശിക്കുന്ന കപ്പൽ 66 തുറമുഖങ്ങളിൽ നങ്കൂരമിടും. 2024 ജനുവരിയിൽ മിയാമിയിൽ നിന്നും ആരംഭിക്കുന്ന യാത്രയിൽ മൊത്തം 34,500 നോട്ടിക്കൽ ദൂരം കപ്പൽ സഞ്ചരിക്കും. നാലുമാസത്തോളമാണ് യാത്ര നീണ്ടുനിൽക്കുന്നത്.

കാസിനോ, ജോഗിങ് ട്രാക്ക്, ടെന്നീസ് കോർട്ട് തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഇതിൽ ഒരുക്കിയിട്ടുണ്ട്. ഓരോ സ്യുട്ടിനും പ്രത്യേകം പ്രതേകം ബാൽക്കണിയും ഒരുക്കിയിട്ടുണ്ട്. പാർക്ക് അവന്യൂ ചിക്ക് എന്ന് പേരിട്ടിട്ടുള്ള അത്യാഡംബര സ്യുട്ടുകളിൽ രണ്ട് പ്രത്യേക ബാല്ക്ക്ണികൾ ഉണ്ടായിരിക്കും. പുതിയ യാത്രക്കാരിൽ അധികവും വിലകൂടിയ സ്യുട്ടുകൾക്കാണ് പ്രഥമ പരിഗണന നൽകിയത് എന്ന് കമ്പനിവൃത്തങ്ങൾ പറയുന്നു. കഴിഞ്ഞ വർഷം ഒന്നിലധികം ആഡംബര കപ്പലുകളിൽ കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.

കോവിഡ് രോഗികളെ വഹിക്കുന്ന കപ്പലുകളെ തുറമുഖത്ത് അടുപ്പിക്കാൻ പല രജ്യങ്ങളും വിസമ്മതിച്ചത് ഏറെ വിവാദമായിരുന്നു. ഏതായാലും ഇപ്പോൾ ലോകത്തിലെ മിക്ക രാജ്യങ്ങളിലും വാക്സിൻ പദ്ധതി പുരോഗമിക്കുന്നതിനൽ പഴയതുപോലെ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകാനിടയില്ല എന്നാണ് കമ്പനി കരുതുന്നത്.