ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രം. തമിഴ് സൂപ്പർ ഹിറ്റ് ചിത്രം യന്തിരന്റെ രണ്ടാം ഭാഗം. സംവിധായകൻ ശങ്കറിന്റെ മാജിക് ടച്ച്. സൂപ്പർതാരത്തിന്റെ ഇരട്ടവേഷങ്ങൾ. അക്ഷയ് കുമാറിന്റെ വില്ലൻ വേഷം. എ ആർ റഹ്മാന്റെ സംഗീതം. യന്തിരൻ 2.0യെ കാത്തിരിക്കാൻ കാരണങ്ങൾ ഏറെയാണ്. ച്ിത്രത്തിന്റെ മേക്കിങ് വീഡിയോ ആവേശത്തോടെയാണ് ആരാധകർ ഏറ്റുവാങ്ങിയത്. വീഡിയോ എത്തി മണിക്കൂറുകൾ പിന്നിട്ടപ്പോൾ നാലുലക്ഷം പേർ കണ്ടുകഴിഞ്ഞു.

രജനിയുടെയും അക്്ഷയിന്റേയും ആരാധരുടെ നെഞ്ചിടിപ്പു കൂട്ടുന്ന രംഗങ്ങളാണ് ചിത്രത്തിലുണ്ടാവുക എന്ന് ഉറപ്പാക്കുന്നതാണ് ഈ ദൃശ്യങ്ങൾ
ഇരുവരുടേയും ചിത്രത്തിലെ മേക്കോവറും ഏറെ ശ്രദ്ധേയമാണ്. ആമി ജാക്‌സണും ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്. ചിത്രത്തിന്റെ സാങ്കേതിക തികവ് വെളിപ്പെടുത്തുന്നതാണ് വീഡിയോ.

മേക്കിങ് ഇന്ത്യയുടെ ഭാഗമയതിനാൽ വിദേശ ലൊക്കേഷനുകളെ ഒഴിവാക്കി പൂർണമായും ഇന്ത്യയിൽ തന്നെയാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. രാജ്യത്തെ സാങ്കേതിക വിദഗ്ധരെ ആശ്രയിച്ചിരിക്കുന്ന ചിത്രം 2.0 ഇന്ത്യയിലെ വിവിധ നഗരങ്ങളിലാണ് ചിത്രീകരിച്ചത്. ആരാധകരുടെ അഞ്ച് വർഷത്തെ കാത്തിരിപ്പാണ്. 2012ൽ എന്തിരൻ പുറത്തിറങ്ങിയതിന് പിന്നാലെ തുടങ്ങിയതാണ് രണ്ടാം ഭാഗത്തിന്റെ അണിയറപ്രവർത്തനങ്ങൾ. അതീവരഹസമായിട്ടായിരുന്നു ഇതുവരെയുള്ള ഷൂട്ടിങ് .

ചില പോസ്റ്ററുകളും സെക്കന്റുകൾ മാത്രമുള്ള ദൃശ്യവും മാത്രമേ അണിയറ പ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിരുന്നുള്ളൂ. ചിട്ടി റോബോട്ടും ശാസ്ത്രജ്ഞൻ വസീകരനും ആയി രജനീകാന്ത് ഇരട്ടവേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രമായ ഡോ. റിച്ചാർഡായി അക്ഷയ് കുമാർ വരുന്നു. നായികാവേഷത്തിൽ എമി ജാക്‌സണ്ാണ്. മലയാളിയായ കലാഭവൻ ഷാജോണും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എ ആർ റഹ്മാന്റെ സംഗീതവും യന്ത്രമനുഷ്യന് കൂടുതൽ ആകർഷകമാക്കും.

രജനികാന്തിന്റെ 'യന്തിരന്റെ' രണ്ടാംഭാഗം 2.0 ഉപഗ്രഹ അവകാശ വിൽപ്പനയിലും റെക്കോഡിട്ടിരിക്കുകയാണ്. സിനിമയുടെ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഉപഗ്രഹസംപ്രേഷണ അവകാശം സീ ടിവി സ്വന്തമാക്കിയത് 110 കോടി രൂപയ്‌ക്കെന്നാണ് വിവരം. 'ബാഹുബലി'യുടെ രണ്ടാംഭാഗത്തിന്റെ ഉപഗ്രഹ അവകാശം നൂറുകോടിക്കാണ് വിറ്റുപോയത്. ദീപാവലി ആഘോഷമായി ഒക്ടോബർ 18ന് പുറത്തിറങ്ങുമെന്ന് അറിയിച്ചിരുന്ന ചിത്രത്തിന്റെ റിലീസിങ് തീയതി നീട്ടിയിട്ടുണ്ട്. 2018 ജനുവരിയിലേയ്ക്ക് ആണ് ഇപ്പോൾ മാറ്റി നിശ്ചയിച്ചിരിക്കുന്നത്. ആമീർ ഖാൻ ചിത്രം സീക്രട്ട് സൂപ്പർസ്റ്റാറിന്റെ റിലീസിങ്ങുള്ളതുകൊണ്ടാണ് ഇത് മാറ്റിയതെന്നാണ് കരുതുന്നത്. വിസ്മയങ്ങൾ കൊണ്ട് മാജിക് കാട്ടുന്ന ശങ്കർ ഇത്തവണയും അത് ആവർത്തിക്കുമെന്ന് പ്രതീക്ഷിക്കാം.