- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടകര കുഴൽപ്പണക്കേസ്: സുരേന്ദ്രന്റെയും വി. മുരളീധരന്റെയും സ്വത്ത് വിവരം ഇ ഡി അന്വേഷിക്കണമെന്ന് എൽ വൈ ജെ ഡി
കോഴിക്കോട്: കുഴൽപ്പണക്കേസ് പശ്ചാത്തലത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി മുരളീധരൻ എന്നിവരുടെ സ്വത്ത് വിവരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റ് സലീം മടവൂർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ധർമ്മരാജൻ കൊണ്ടുവന്ന പണത്തിന്റെ സ്രോതസ്സ് വ്യക്തമായി കണ്ടെത്താൻ ഇ ഡിയുടെ ശ്രമം ഉണ്ടാവേണ്ടതാണ്. മൂന്നരക്കോടി കൊള്ളയടിക്കപ്പെട്ടതായി വാർത്ത വന്നതോടെ ബിജെപിക്കുവേണ്ടി വാദി ചമഞ്ഞ് രംഗത്തെത്തിയ ധർമ്മരാജനും കൊള്ളക്കാരും തമ്മിൽ ഒത്തുതീർപ്പ് ഉണ്ടാക്കിയതായി സലീം മടവൂർ ആരോപിച്ചു. ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫിസ് കേന്ദ്രീകരിച്ചാണ് ചർച്ച നടന്നത്. ഒത്തുതീർപ്പ് പ്രകാരം ഒന്നരക്കോടി പ്രതികൾ എടുക്കുകയും രണ്ടു കോടി ബിജെപിക്ക് തിരികെ നൽകുകയും ചെയ്തു. അതുകൊണ്ടാണ് പൊലീസിന് പ്രതികളിൽ നിന്ന് ഒന്നരക്കോടി രൂപ മാത്രം ലഭിച്ചത്. രണ്ട് കോടി കണ്ടെത്തണമെങ്കിൽ ധർമ്മരാജനെ നുണ പരിശോധനക്ക് വിധേയമാക്കണമെന്നും സലീം മടവൂർ പറഞ്ഞു.
പ്രതിപ്പട്ടിക പുറത്തുവരുന്നതിന് മുമ്പുതന്നെ പ്രതികളുമായി ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് അനീഷ് കൂടിക്കാഴ്ച നടത്തിയതും ദുരൂഹമാണ്. അനീഷിനെതിരെ തെളിവ് നശിപ്പിച്ചതിനും ഗൂഢാലോചനക്കും കേസെടുക്കണം. കുഴൽപ്പണക്കാർ എത്തിച്ച കള്ളപ്പണമാണ് പ്രധാനമായും തെരഞ്ഞെടുപ്പ് ചെലവിന് വിനിയോഗിച്ചത്.
കേന്ദ്രനേതൃത്വം എത്തിച്ച പണം വൈറ്റ് മണിയായി പോക്കറ്റിലാക്കാനാണ് നേതാക്കൾ ശ്രമിച്ചത്. മഞ്ചേശ്വരത്ത് സുന്ദര ഉയർത്തിയ ആരോപണം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ലക്ഷദ്വീപ് നിവാസികളെ തീവ്രവാദികളായി ചിത്രീകരിക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത്. ഇത് വിലപ്പോവില്ല. കാസർകോട് ജില്ലയിലെ ചില സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ബിജെപി നേതാക്കൾ കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്നും സലീം മടവൂർ ആരോപിച്ചു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.