- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലജനസഖ്യത്തിലൂടെ നിങ്ങൾ ഉയർത്തിയ ആളല്ല ഞാൻ; എത്ര തന്നെ ദുഷ്ടമായി എന്നെ ആക്രമിച്ചാലും, ഞാൻ! മലയാള മനോരമയുടെ മുന്നിൽ പോയി കുമ്പിടില്ല; ആർട്ട് ഇൻസ്റ്റലേഷൻ വിവാദത്തിൽ പത്രമുത്തശ്ശിയുടെ തനിനിറം പൊളിച്ച് എംഎ ബേബി
തിരുവനന്തപുരം: പാലക്കാട് വിക്ടോറിയ കോളേജിൽ വിരമിക്കുന്ന പ്രിൻസിപ്പാളിന് പ്രതീകാത്മക കുഴിമാടം ഒരുക്കിയതിനെ താൻ ആർട്ട് ഇൻസ്റ്റലേഷൻ എന്ന് പറഞ്ഞുവെന്ന മലയാള മനോരമ വാർത്ത നിഷേധിച്ച് സിപിഐ.എം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി രംഗത്ത്. മലയാള മനോരമ ഉയർത്തുന്ന ആരോപണം പൂർണമായും അസത്യമാണെന്ന് എം.എ ബേബി തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. മനോരമയ്ക്ക് എതിരെ രൂക്ഷമായ വിമർശനമാണ് ബേബി നടത്തുന്നത്. അന്നത്തെ പത്ര സമ്മേളനത്തിലുണ്ടായിരുന്ന ഹിന്ദു ദിനപത്രത്തിന്റെ ലേഖകൻ എസ്. ആനന്ദ് ഈ സംഭവത്തിനു ശേഷമെഴുതിയ ഫേസ്‌ബുക്ക് കുറിപ്പും എം.എ ബേബി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ചേർത്തിട്ടുണ്ട്. മലയാള മനോരമയെ രൂക്ഷമായി വിമർശിക്കുന്നതാണ് അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് കുറിപ്പ്. ബേബിയുടെ ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം പത്രങ്ങളുടെ പ്രവർത്തന രീതിയെക്കുറിച്ച് ഒരു തമാശയുണ്ട്. പണ്ടൊരു പോപ്പ് അമേരിക്കാ സന്ദർശനത്തിന് പോയി. പോകുന്നതിന് മുമ്പ് സുഹൃത്തുക്കള് അദ്ദേഹത്തെ ഉപദേശിച്ചു, അമേരിക്കയിലേക്കാണ് പോകുന്നത്, അവിടത്തെ പത്രക്കാർ വിരുതന്മാരാണ
തിരുവനന്തപുരം: പാലക്കാട് വിക്ടോറിയ കോളേജിൽ വിരമിക്കുന്ന പ്രിൻസിപ്പാളിന് പ്രതീകാത്മക കുഴിമാടം ഒരുക്കിയതിനെ താൻ ആർട്ട് ഇൻസ്റ്റലേഷൻ എന്ന് പറഞ്ഞുവെന്ന മലയാള മനോരമ വാർത്ത നിഷേധിച്ച് സിപിഐ.എം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി രംഗത്ത്. മലയാള മനോരമ ഉയർത്തുന്ന ആരോപണം പൂർണമായും അസത്യമാണെന്ന് എം.എ ബേബി തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. മനോരമയ്ക്ക് എതിരെ രൂക്ഷമായ വിമർശനമാണ് ബേബി നടത്തുന്നത്.
അന്നത്തെ പത്ര സമ്മേളനത്തിലുണ്ടായിരുന്ന ഹിന്ദു ദിനപത്രത്തിന്റെ ലേഖകൻ എസ്. ആനന്ദ് ഈ സംഭവത്തിനു ശേഷമെഴുതിയ ഫേസ്‌ബുക്ക് കുറിപ്പും എം.എ ബേബി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ചേർത്തിട്ടുണ്ട്. മലയാള മനോരമയെ രൂക്ഷമായി വിമർശിക്കുന്നതാണ് അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് കുറിപ്പ്.
ബേബിയുടെ ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം
പത്രങ്ങളുടെ പ്രവർത്തന രീതിയെക്കുറിച്ച് ഒരു തമാശയുണ്ട്. പണ്ടൊരു പോപ്പ് അമേരിക്കാ സന്ദർശനത്തിന് പോയി. പോകുന്നതിന് മുമ്പ് സുഹൃത്തുക്കള് അദ്ദേഹത്തെ ഉപദേശിച്ചു, അമേരിക്കയിലേക്കാണ് പോകുന്നത്, അവിടത്തെ പത്രക്കാർ വിരുതന്മാരാണ്, സൂക്ഷിക്കണം, അവരുടെ അജണ്ട വച്ചാണ് ചോദ്യങ്ങൾ ചോദിക്കുക, കഴിയുന്നത്ര അതിൽ നിന്ന് ഒഴിഞ്ഞ് മാറണം. അതെയെന്ന് പറഞ്ഞ് പോയ അദ്ദേഹം ന്യൂയോർക്ക് വിമാനത്താവളത്തിൽ ഇറങ്ങിയതും പത്രക്കാർ വളഞ്ഞു. അമേരിക്കയിൽ നിശാ ക്ലബ്ബുകളെക്കുറിച്ച് വലിയ വിവാദം നടക്കുന്ന കാലമായിരുന്നു അത്. അവർ ചോദിച്ചു, നിശാക്ലബ്ബുകളെക്കുറിച്ച് അങ്ങയുടെ അഭിപ്രായമെന്താണ്? നിശാ ക്ലബ്ബുകളെക്കുറിച്ച് ഞാനെന്തു പറയാൻ! അദ്ദേഹം ഉത്തരം പറയാതെ ഒഴിഞ്ഞു മാറാൻ നോക്കി. പത്രപ്രതിനിധികൾ വിട്ടില്ല. വീണ്ടും വീണ്ടും ചോദ്യം ആവര്ത്തിച്ചു. മാര്പാപ്പ, ഓ! ഇവിടെ നിശാക്ലബ്ബുകളുണ്ടോ? എന്നു പറഞ്ഞൊഴിഞ്ഞു. പിറ്റേ ദിവസത്തെ പത്രത്തിലെ തലക്കെട്ട് ഇങ്ങനെ ആയിരുന്നു, വിമാനമിറങ്ങിയ പോപ്പിന്റെ ആദ്യചോദ്യം ഇവിടെ നിശാക്ലബ്ബുകളുണ്ടോ എന്നായിരുന്നു!
മലയാള മനോരമ എന്ന നമ്മുടെ നാട്ടിലെ ഏറ്റവും പ്രചാരമുള്ള പത്രം കഴിഞ്ഞ രണ്ടു ദിവസമായി എനിക്കെതിരെ നടത്തുന്ന ആക്രമണവും ഇത്തരത്തിലാണ്. വിക്ടോറിയ കോളേജിൽ വിദ്യാർത്ഥികൾ ചെയ്തുവെന്ന് പറയപ്പെടുന്ന ഒരു കാര്യം ഒരു ആർട് ഇൻസ്റ്റലേഷനാണെന്ന് എറണാകുളത്തെ ഒരു പത്രസമ്മേളനത്തിൽ ഞാൻ പറഞ്ഞു എന്നാണ് മനോരമയുടെ ആരോപണം. പൂര്ണമായും അസത്യമാണ് ഈ ആക്ഷേപം. ഈ പത്രസമ്മേളനത്തിലുണ്ടായിരുന്ന ഹിന്ദു ദിനപത്രത്തിന്റെ ലേഖകൻ എസ് ആനന്ദൻ ഈ ആരോപണത്തെക്കുറിച്ച് ഫേസ്‌ബുക്കിൽ ഇങ്ങനെ എഴുതി, 'ഞാൻ ഈ പത്രസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഈ ശവകുടീരം ഒരു ആർട് ഇൻസ്റ്റലേഷനാണ് എന്ന് ബേബി പറഞ്ഞു എന്നത് വസ്തുതകളുടെ തെറ്റായ അവതരണമാണ്. അദ്ദേഹം ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയായിരുന്നു. എന്നിട്ട് വിദ്യാർത്ഥികൾ, ഒരു പുരോഗമന വിദ്യാർത്ഥി സംഘടനക്ക് ചേർന്ന രീതിയിൽ, പക്വമായ ഒരു പ്രതിഷേധരീതിയാണോ എന്ന് ആത്മപരിശോധന നടത്തണമെന്നും പറഞ്ഞു. എന്നിട്ട് പറഞ്ഞു, കുട്ടികൾ അക്രമത്തിലേക്ക് തിരിഞ്ഞില്ലല്ലോ എന്നതിൽ സാമൂഹ്യമാദ്ധ്യമങ്ങളിൽ എഴുതിയ പലരും ആശ്വാസം കൊള്ളുന്നതായി ഞാൻ വായിച്ചു. അവർ നിവൃത്തികെട്ടപ്പോൾ ആർട് ഇൻസ്റ്റലേഷൻ പോലെ ഒരു പ്രതീകാത്മക ശവകുടീരം ഉണ്ടാക്കിയിരിക്കാം... ഇക്കാര്യത്തിൽ ഒരു സംവാദം നടക്കട്ടെ. അങ്ങനെ ആയാൽ തങ്ങൾ ചെയ്തതിലെ ശരിതെറ്റുകൾ പരിശോധിക്കാൻ വിദ്യാർത്ഥികൾക്കും അവസരം ലഭിക്കും. പത്രസമ്മേളനം കഴിഞ്ഞ് ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും പ്രതീക്ഷിക്കാവുന്നപോലെ ബേബി ശവകുടീരത്തെ ആർട് ഇൻസ്റ്റലേഷൻ എന്നു വിളിച്ചു എന്നു പറഞ്ഞു മനോരമ ടിവി വാർത്ത കൊടുക്കാൻ തുടങ്ങി! (ചിരിയടയാളം.)'
മലയാള മനോരമ എനിക്കെതിരെ നടത്തുന്ന ഈ ആക്രമണത്തെക്കുറിച്ച് ഇതിൽ കൂടുതലൊന്നും എനിക്ക് പറയാനില്ല. രാജ്യം മുഴുവൻ പരവൂരുണ്ടായ കമ്പക്കെട്ട് ദുരന്തത്തെക്കുറിച്ച് ആവലാതിപ്പെട്ടിരിക്കെ, അതിന്റെ വാർത്തകളാൽ തെരഞ്ഞെടുപ്പ് വാർത്തകൾക്ക് പോലും സ്ഥലമില്ലാതിരിക്കെ രണ്ടു ദിവസമായി എത്രമാത്രം സ്ഥലവും സമയവും തലക്കെട്ടുമാണ് മനോരമ എനിക്കെതിരെയുള്ള ഈ കള്ളം പൊലിപ്പിക്കാനായി ചെലവഴിക്കുന്നത്! രാഷ്ട്രീയത്തിൽ നിങ്ങൾക്കെന്നെ അത്രയേറെ പേടിയുണ്ടോ?
എനിക്കെതിരെ കഥകളുണ്ടാക്കാനും അവ പ്രചരിപ്പിക്കാനും മനോരമ എന്നും ഉത്സാഹം കാട്ടിയിട്ടുണ്ട്. അത് എന്റെ രാഷ്ട്രീയ പ്രവര്ത്തനങ്ങൾക്ക് തടസ്സം ഉണ്ടാക്കിയിട്ടുമുണ്ട്. ഞാൻ കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോഴും ഇതിനെക്കാളും വലിയ നീച ആക്രമണങ്ങൾ മനോരമ നടത്തിയിട്ടുണ്ട്. മനോരമ എനിക്കെതിരെ നടത്തുന്ന ആക്രമണം വ്യക്തിപരമല്ല, രാഷ്ട്രീയമാണ്. അവർ പ്രതിനിധീകരിക്കുന്ന പല താല്പര്യങ്ങൾക്കും ഒരു ഭീഷണിയായി അവരെന്നെ കാണുന്നു എന്നു മാത്രം. മനോരമയുടെ അഭീഷ്ടത്തിനനുസരിച്ച് എന്റെ പ്രവര്ത്തനങ്ങളെ മാറ്റാന് എനിക്കു നിവൃത്തിയില്ല.
പക്ഷേ, ഒരു കാര്യം ഞാൻ ഒന്നുകൂടി ഉറപ്പിക്കുന്നു. എത്ര തന്നെ ദുഷ്ടമായി എന്നെ ആക്രമിച്ചാലും, ഞാൻ! മലയാള മനോരമയുടെ മുന്നിൽ പോയി കുമ്പിടില്ല. ബാലജനസഖ്യത്തിലൂടെ നിങ്ങൾ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയർത്തിക്കൊണ്ടു വന്ന ആളല്ല ഞാൻ. അതുകൊണ്ടു തന്നെ നിങ്ങളുടെ ആക്രമണങ്ങൾ നേരിട്ടു തന്നെ പൊതുപ്രവർത്തനരംഗത്ത് എന്നാലാവുന്ന എളിയ രീതിയിൽ ഞാനുണ്ടാകും.
മലയാള മനോരമ എന്ന നമ്മുടെ നാട്ടിലെ ഏറ്റവും പ്രചാരമുള്ള പത്രത്തിന്റെ പ്രവർത്തന രീതി ഇതാണെന്ന് മലയാളികൾക്കെല്ലാം അറിയാം. അതിനാലാണ് ഏറ്റവും നന്നായി അച്ചടിക്കപ്പെടുന്ന ഈ പത്രം എല്ലാവരും വാങ്ങി വായിക്കുമ്പോഴും ഒരു തരിമ്പു പോലും വിശ്വസിക്കാത്തത്. മലയാള മനോരമയെ കേരളീയർ വിശ്വസിച്ചിരുന്നെങ്കിൽ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി 1950കളില് തന്നെ ചരിത്രവസ്തു ആയിത്തീർന്നേനെ.