- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എതിർശബ്ദങ്ങളില്ലാതെ പാർട്ടിയെയും സർക്കാറിനെയും നയിക്കുന്ന പിണറായിയെ പരസ്യമായി വിമർശിച്ച് എം എം ബേബി; 'വിമർശനമുണ്ടാകും വിധം പൊലീസ് നിയമ ഭേദഗതി വന്നത് പോരായ്മ; പിൻവലിക്കുന്ന കാര്യം പാർട്ടി വിശദമായി ചർച്ച ചെയ്തിട്ടുണ്ട്'; നേരത്തെ കോടിയേരിക്കെതിരെയും പരോക്ഷ വിമർശനം ഉന്നതിച്ചതും ഈ നേതാവ്; വിഎസിനു ശേഷം ബേബി സിപിഎമ്മിലെ തിരുത്തൽ ശക്തിയാവുമ്പോൾ
തിരുവനന്തപുരം: പൊലീസ് നിയമഭേദഗതിയിൽ സർക്കാരിനെ വിമർശിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. വിമർശനമുണ്ടാകും വിധത്തിൽ ഭേദഗതി കൊണ്ടുവന്നത് പോരായ്മയാണ്. പിൻവലിക്കാൻ തീരുമാനിച്ചത് പാർട്ടി ചർച്ചചെയ്താണെന്നും ബേബി പറഞ്ഞു. നിയമഭേദഗതി പിൻവലിക്കാൻ തീരുമാനിച്ചതിനു ശേഷം ആദ്യമായാണ്് പാർട്ടിക്കുള്ളിൽനിന്ന് മുതിർന്ന നേതാവ് പരസ്യമായി പ്രതികരിക്കുന്നത്.
'പോരായ്മ വ്യക്തമായപ്പോൾ തന്നെ അതുൾക്കൊണ്ടു കൊണ്ട് മുഖ്യമന്ത്രി തന്നെ പ്രസ്താവിച്ചു, ഇത് നടപ്പാക്കുകയില്ല, ഇത് തിരുത്തുകയാണെന്ന്. പിൻവലിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ആ സാങ്കേതിക പ്രശ്നങ്ങളെല്ലാം സർക്കാർ പരിഹരിക്കും'- എംഎ ബേബി വ്യക്തമാക്കി. പൊലീസ് നിയമഭേദഗതി പാർട്ടിയിൽ ചർച്ച ചെയ്തിരുന്നോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഇത് പിൻവലിക്കുന്ന കാര്യം പാർട്ടി വിശദമായി ചർച്ച ചെയ്തിരുന്നു. അതിന് മുമ്പ് എന്തു സംഭവിച്ചു എന്ന കാര്യം ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നുമാണ് ബേബി മറുപടി നൽകിയത്. നിയമഭേദഗതി പിൻവലിച്ചല്ലോ എന്നും ബേബി പറഞ്ഞു.
അതേസമയം കേരളത്തിലെ മറ്റ് നേതാക്കൾക്ക് ആർക്കും തന്നെ പിണറായിയെ വിമർശിക്കാനുള്ള ധൈര്യം ഉണ്ടായിട്ടില്ല. നേരത്തെ ബിനീഷ് കോടിയേരി വിഷയത്തിലും ബേബി ശക്തമായ വിയോജിപ്പുകൾ പരസ്യമാക്കിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് കോടിയേരി സ്ഥാനം ഒഴിഞ്ഞത്. അന്ന് തന്നെ സംരക്ഷിക്കാൻ വരാത്ത കണ്ണൂർ നേതാക്കളെ എല്ലാവരെയും മാറ്റി എ വിജയരാഘവന്റെ പേര് തന്റെ പിൻഗാമിയുടെ സ്ഥാനത്തോക്ക് കോടിയേരി നിർദേശിച്ചതും ഈ ശാക്തിക ചേരിയുടെ ഭാഗാമയിട്ടായിരുന്നു.
2018ലെ തൃശൂരിലെ പാർട്ടി സമ്മേളനം കഴിഞ്ഞതോടെ അവശേഷിക്കുന്ന വി എസ് പക്ഷത്തെകുടി ഒതുക്കി പാർട്ടിയിലും സർക്കാറിലും പിണറായിയുടെ സമ്പൂർണ്ണ ആധിപത്യമാണ് വന്നത്. സിപിഎമ്മിൽ ഇനി വിഭാഗീയതയില്ല എന്ന് തൃശ്ശൂരിൽവെച്ച് അന്നത്തെ പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രഖ്യാപനം പിണറായിയുടെ നേതൃത്വത്തിനുള്ള കുട പിടിക്കലായിരുന്നു. വി എസ്. പക്ഷത്തെ പൂർണ്ണമായി വെട്ടി നിരത്തി പാർട്ടി പിണറായി പിടിച്ചെടുക്കുന്നതിന്റെ വിളംബരമായിരുന്നു കോടിയേരിയുടെ വാക്കുകൾ.
അതിനുശേഷം പാർട്ടിയിലും സർക്കാറിലും പിണറായിയുടെ സമ്പൂർണ്ണ ആധിപത്യമാണ് ഉണ്ടായിരുന്നത്. പാർട്ടിയുമായി ഒരു കാര്യവും മുഖ്യമന്ത്രിയുടെ ഓഫീസ് ചർച്ച ചെയ്യുന്നില്ല എന്ന വിമർശനവും ശക്തമാണ്. വിദ്യാർത്ഥികളായ അലൻ - താഹമാർ യു.എ.പി.എ. ചുമത്തപ്പെട്ട് പത്തു മാസം ജയിലിൽ കിടന്നപ്പോഴും മുഖ്യമന്ത്രി ചുമതല വഹിക്കുന്ന പൊലീസ് വകുപ്പിന് മുന്നിൽ പാർട്ടി വെറും നോക്കുകുത്തിയായി. ആരോഗ്യ പ്രശ്നങ്ങൾ നിമിത്തം വി എസ് പാർട്ടിയിൽ സജീവമല്ലാത്തതിനെച്ചൊല്ലി പാർട്ടി പ്രവർത്തകർ ഉള്ളിന്റെയുള്ളിൽ വിലപിച്ച ദിനങ്ങളായിരുന്നു ഇത്. ഇപ്പോൾ ഉൾപ്പാർട്ടി ശുദ്ധീകരണത്തിന്റെ നേതൃത്വം എം എ ബേബിക്കാണ് വന്നു ചേരുന്നത്. അതുകൊണ്ടുതന്നെ ഭാവിയിൽ വി എസ് പക്ഷംപോലെ ബേബി പക്ഷവും പാർട്ടിയിൽ ഉരുത്തിരിയാനുള്ള സാധ്യത കാണുന്നുണ്ട്.
ദേശീയ സെക്രട്ടറി സീതാറാം യച്ചൂരി ശക്തമായ നിലപാടെടുത്തതിനു പിന്നാലെയാണ് പൊലീസ് നിയമഭേദഗതിയിൽനിന്ന് പിന്മാറാൻ സർക്കാർ തീരുമാനിച്ചത്. ഓർഡിനൻസിനെതിരെ ഇടതുമുന്നണിയിലും സംസ്ഥാനത്താകെയും പ്രതിഷേധം ഉയർന്നിരുന്നു. പൊലീസ് നിയമത്തിലെ 118എ വകുപ്പിൽ ശനിയാഴ്ച പ്രാബല്യത്തിൽ വന്ന വിവാദ ഭേദഗതി മാധ്യമ മാരണ നിയമമായി മാറുമെന്ന വൻ വിമർശനം ഉയർന്നതോടെയാണു രണ്ടാംദിവസം സർക്കാർ തീരുമാനം തിരുത്തിയത്.
ഭേദഗതി പുനഃപരിശോധിക്കുകയാണെന്നു 11 മണിയോടെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഡൽഹിയിൽ പ്രഖ്യാപിച്ചപ്പോൾ തന്നെ ഓർഡിനൻസിന്റെ വിധി വ്യക്തമായിരുന്നു.സ്ത്രീകൾക്കെതിരായ അധിക്ഷേപം തടയുക എന്ന ലക്ഷ്യത്തോടെ സർക്കാർ കൊണ്ടുവന്ന പൊലീസ് നിയമഭേദഗതിക്കെതിരെ കടുത്ത എതിർപ്പാണ് ഉയർന്നുവന്നത്. അഭിപ്രായസ്വാതന്ത്ര്യം ഹനിക്കുന്നതാണ് ഈ നിയമ ഭേദഗതിയെന്നായിരുന്നു വിമർശനം. ഇതിനെ തുടർന്ന് സിപിഎം കേന്ദ്രനേതൃത്വം ഇടപെട്ട് നിയമഭേദഗതി പിൻവലിക്കാൻ സർക്കാരിന് നിർദ്ദേശം നൽകുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ