- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എസ്ഡിപിഐയും കാമ്പസ് ഫ്രണ്ടും മതതീവ്രവാദി സംഘം; അവരുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നത് ആർഎസ്എസിന് അക്രമങ്ങളെ ന്യായീകരിക്കാൻ അവസരം നൽകുന്നു; അഭിമന്യു ഓർമ്മ ദിനത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി എം എ ബേബി
തിരുവനന്തപുരം: എസ്.ഡി.പി.ഐയും കാമ്പസ് ഫ്രണ്ടും മതതീവ്രവാദി സംഘമെന്ന് സിപിഎം നേതാവ് എം.എ. ബേബി. മഹാരാജാസ് കോളേജ് വിദ്യാർത്ഥിയായ അഭിമന്യുവിന്റെ രക്തസാക്ഷി ദിനമായ ഇന്ന് അദ്ദേഹം പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് ഇത്തരമൊരു പരാമർശം ഉള്ളത്. 2018 ജൂലൈ രണ്ടിന് പുലർച്ചെയാണ് എസ്.ഡി.പി.ഐ-കാമ്പസ് ഫ്രണ്ട് മതതീവ്രവാദി സംഘം അഭിമന്യുവിനെ അരുംകൊല ചെയ്തത്. അഭിമന്യുവിന്റെ ഓർമ്മകൾക്ക് മൂന്നു വർഷം തികയുമ്പോൾ എല്ലാത്തരം വർഗീയതക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന പാഠമാണ് നാം ഓർക്കേണ്ടതെന്ന് പോസ്റ്റിൽ എംഎ ബേബി പറയുന്നു.
എസ്.ഡി.പി.ഐ/പോപ്പുലർ ഫ്രണ്ട് പോലെയുള്ള ന്യൂനപക്ഷ വർഗീയ സംഘടനകളും തീവ്രവാദ സംഘടനകളും തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നത് ആർ.എസ്.എസിനും സംഘപരിവാറിനും അവരുടെ അക്രമങ്ങളെ ന്യായീകരിക്കുന്നതിനുള്ള സന്ദർഭം ആണ് നൽകുന്നത് എന്നവർ മനസിലാക്കുന്നില്ലെന്നും ബേബി കുറിക്കുന്നു.
എം.എ. ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്
2018 ജൂലൈ 2 ന് പുലർച്ചെയാണ് എറണാകുളം മഹാരാജാസ് കോളേജിൽ വച്ച് എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവും മഹാരാജാസ് കോളേജ് വിദ്യാർത്ഥിയുമായ സഖാവ് അഭിമന്യുവിനെ എസ്ഡിപിഐ-ക്യാമ്പസ് ഫ്രണ്ട് മതതീവ്രവാദി സംഘം അരുംകൊല ചെയ്തത്. ഇടുക്കി ജില്ലയിലെ വട്ടവട എന്ന ഉൾനാടൻ മലയോര ഗ്രാമത്തിലെ പാവപ്പെട്ട തോട്ടം തൊഴിലാളികളായ മനോഹരന്റെയും ഭൂപതിയുടെയും മകൻ അവരുടെ മാത്രമല്ല ആ നാടിന്റെ ആകെ പ്രതീക്ഷയായിരുന്നു.ഇന്നവൻ ആ നാടിനെയാകെ അല്ല ഒരോ മനുഷ്യ സ്നേഹികളുടെയും നൊമ്പരമാണ്.
ശാസ്ത്രജ്ഞൻ ആകണമെന്ന മോഹത്തോടെ വട്ടവടയിലെ ഒറ്റമുറി വീട്ടിലെ സാധു കുടുംബത്തിന്റെ ആകെ പ്രതീക്ഷകൾ നെഞ്ചേറ്റിയാണ് അഭിമന്യു രസതന്ത്ര ബിരുദപഠനത്തിനായി മഹാരാജാസിൽ ചേർന്നത്. നാടിനു മുതൽക്കൂട്ടാകുമായിരുന്ന എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി നടന്നിരുന്ന നിഷ്കളങ്കത മുഖമുദ്രയാക്കിയ ഒരു കുരുന്നു പ്രതിഭയെയാണ് വർഗീയവിഷം പൂണ്ട മതതീവ്രവാദി കൂട്ടം ഇരുട്ടിന്റെ മറവിൽ ഇല്ലാതാക്കിയത്. അഭിമന്യുവിന്റെ ഓർമ്മകൾക്ക് മൂന്നു വർഷം തികയുമ്പോൾ എല്ലാത്തരം വർഗീയതക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന പാഠമാണ് നാം ഓർക്കേണ്ടത്.
എസ്ഡിപിഐ /പോപ്പുലർ ഫ്രണ്ട് പോലെയുള്ള ന്യൂനപക്ഷ വർഗീയസംഘടനകളും തീവ്രവാദ സംഘടനകളും തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നത് ആർഎസ്എസിനും സംഘപരിവാറിനും അവരുടെ അക്രമങ്ങളെ ന്യായീകരിക്കുന്നതിനുള്ള സന്ദർഭം ആണ് നൽകുന്നത് എന്നവർ മനസ്സിലാക്കുന്നില്ല.ഒരു തരത്തിലുള്ള വർഗീയതയും ജനാധിപത്യ പുരോഗമന സമൂഹത്തിന് ഗുണകരമല്ല. മതത്തിന്റെ പേരിൽ ആണ് പലതരം വർഗീയതകൾ ശക്തിപ്പെടാൻ ശ്രമിക്കുന്നത്. എന്നാൽ വർഗീയതകൾ മതവിരുദ്ധം ആണ് എന്നുള്ളതാണ് അടിസ്ഥാനപരമായി തിരിച്ചറിയേണ്ട കാര്യം.
മതവിശ്വാസികൾ കൂടി അണിനിരന്നു കൊണ്ട് വേണം മതത്തിന്റെ പേരിൽ ഉള്ള വർഗീയതയ്ക്കെതിരായ സമരം വിജയിപ്പിക്കുവാൻ. ഇതിന് മുന്നിട്ടിറങ്ങുക എന്നതാവണം അഭിമന്യുവിന്റെ രക്തസാക്ഷി ദിനത്തിലെ ഓരോരുത്തരുടെയും മുഖ്യ കടമ. പഠിക്കുന്നതിനൊപ്പം സഹജീവികളെ സഹായിക്കലും അഭിമന്യുവിന്റെ സ്വപ്നമായിരുന്നു. അവന്റെ സ്വപ്നങ്ങൾ ഓരോന്നായി യാഥാർത്ഥ്യമാക്കി കൊണ്ടിരിക്കുകയാണ് അവന്റെ പ്രസ്ഥാനം. അഭിമന്യു ഏറ്റവുമധികം ആഗ്രഹിച്ചത് പോലെ സ്വന്തം നാട്ടിൽ ഒരു ലൈബ്രറി എന്ന സ്വപ്നം സുമനസ്സുകളുടെ സഹായത്താൽ യാഥാർത്ഥ്യമായി.
അഭിമന്യൂ മഹാരാജാസ് എന്ന് പേരിട്ടിരിക്കുന്ന ലൈബ്രറി മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നാടിനു സമർപ്പിച്ചു. കൂടാതെ അഭിമന്യുവിന് സ്വന്തമായി വീടും ജനങ്ങളുടെ പിന്തുണയോടെ പാർട്ടി നിർമ്മിച്ച് നൽകി. സഖാവിന്റെ സഹോദരിയുടെ വിവാഹവും പാർട്ടി തന്നെ മുന്നിൽ നിന്ന് നടത്തിക്കൊടുത്തു. ആദിവാസി കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക എന്ന അഭിമന്യുവിന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ എറണാകുളത്ത് അഭിമന്യു സ്മാരകം ഒരുങ്ങുകയാണ്. പിന്നോക്ക വിഭാഗത്തിലെ 30 കുട്ടികൾക്ക് കലൂരിലെ അഭിമന്യു സ്മാരകത്തിൽ താമസിച്ച് പഠിക്കാം. വിദേശ സർവകലാശാലകളിലെ ഓൺലൈൻ കോഴ്സുകൾ, മത്സര പരീക്ഷാ പരിശീലനം, തൊഴിൽപരിശീലനം, വ്യക്തിത്വ വികസന ക്ലാസുകൾ തുടങ്ങിയവയ്ക്കും അഭിമന്യു സ്മാരകം അവസരമൊരുക്കും.
അഭിമന്യു രക്തസാക്ഷി ദിനത്തിൽ സഖാവിന്റെ ഓർമ്മകൾ മനസ്സിലേക്ക് കടന്നു വരുമ്പോൾ അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന് ശേഷം ഒരിക്കൽ സഖാവിന്റെ വീട്ടിലേക്ക് പോയ ഓർമ്മകൾ മനസ്സിലേക്ക് ഓടിയെത്തും. കൊടും കാട്ടിലൂടെ കിലോമീറ്ററുകളോളം യാത്ര ചെയ്ത് വട്ടവട പഞ്ചായത്തിലെ കൊട്ടകാമ്പൂരിലെ അഭിമന്യുവിന്റെ വീട്ടിലേക്ക് എത്തിയത് ദുഃഖം ഘനീഭവിച്ച ഒരു ഗ്രാമത്തിലൂടെ ആയിരുന്നു. അഭിമന്യുവിന്റെ എസ്എസ്എൽസി ബുക്കും പ്ലസ് ടു മാർക്ക് ലിസ്റ്റും ഒക്കെ അടങ്ങുന്ന ഒരു ഫയൽ അഭിമന്യുവിന്റെ അച്ഛൻ മനോഹരൻ എന്റെ കയ്യിലേക്ക് നീട്ടി. അഭിമന്യുവിന് കിട്ടിയ ചില സർട്ടിഫിക്കറ്റുകൾ, ചെയുടെ ബോളിവിയൻ ഡയറി പോലെയുള്ള ചില പുസ്തകങ്ങൾ അവന്റെ ചില കുറിപ്പുകൾ അതൊക്കെയായിരുന്നു ആ ഒറ്റമുറി വീട്ടിലെ വിലമതിക്കാനാവാത്ത സമ്പത്തുകൾ.
അഭിമന്യുവിനെ പറ്റി അവന്റെ മാതാപിതാക്കളും സഹോദരങ്ങളും നാട്ടുകാരും സ്നേഹത്തോടെ അതിരറ്റ വാത്സല്യത്തോടെ നൊമ്പരത്തോടെ പറഞ്ഞ കാര്യങ്ങൾ ഓർക്കുമ്പോൾ കണ്ണുകൾ നിറയുന്നു. അവനെപ്പറ്റി കൂടുതലൊന്നും എഴുതുവാൻ കഴിയുന്നില്ല... എഴുതി മുഴുമിപ്പിക്കാൻ ആവാത്ത ഒരു കവിതപോലെ സഖാവ് അഭിമന്യു....ഒരിക്കൽ കണ്ടപ്പോൾ കൂടുതലറിയാൻ ആകാതെ പോയ... കൂടുതൽ അറിഞ്ഞപ്പോൾ, ഇനിയൊരിക്കലും കാണാൻ കഴിയില്ല എങ്കിലും ഒരിക്കൽ കൂടി കാണണം എന്ന് ആഗ്രഹിച്ച പ്രിയപ്പെട്ട അഭിമന്യുവിന്റെ ഓർമ്മകൾക്ക് മുന്നിൽ രക്തപുഷ്പങ്ങൾ.
മറുനാടന് മലയാളി ബ്യൂറോ