- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് അടിയന്തരാവസ്ഥയേക്കാൾ ഗുരുതര സാഹചര്യം ; കേന്ദ്രനിലപാടുകൾക്കെതിരെ വിമർശനവുമായി എം ബി രാജേഷ്; സ്പീക്കറെന്ന നിലയിൽ മിണ്ടാതിരുന്നാൽ നീതികേടാകും ; ചരിത്രത്തിന്റെ കോർപറേറ്റ് വത്കരണമാണ് നടക്കുന്നതെന്ന ചരിത്രകാരൻ ഇർഫാൻ ഹബീബിന്റെ പ്രതികരണം ശരിയാണെന്നും രാജേഷ്
പാലക്കാട്: അടിയന്തരാവസ്ഥയേക്കാൾ ഗുരുതര സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന പ്രസ്താവനയുമായി സ്പീക്കർ എം.ബി. രാജേഷ്. നേരത്തെ അടിയന്തരാവസ്ഥ കാലത്ത് മാത്രമാണ് രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങൾ ഇത്രയും കടുത്ത വെല്ലുവിളികളിലൂടെ കടന്നുപോയതെന്ന് സ്പീക്കർ പറഞ്ഞു.സ്പീക്കർക്ക് കക്ഷിരാഷ്ട്രീയം പാടില്ലെന്നത് അന്ധവിശ്വാസമാണെന്നും ഭരണഘടനാ സ്ഥാപനങ്ങൾ കടുത്ത വെല്ലുവിളി നേരിടുമ്പോൾ നിശബ്ദനാകുന്നത് ഉത്തരവാദിത്തത്തോടുള്ള നീതികേടാണെന്നും എം.ബി. രാജേഷ് ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും പരസ്പരപൂരകങ്ങളാണെന്നും രണ്ടും അപകടകരമാണ്.എന്നാൽ നിലവിലെ സാഹചര്യങ്ങളിൽ ഭൂരിപക്ഷ വർഗീയതയ്ക്കായിരിക്കും ഇന്ത്യയിൽ അധികാരം പിടിച്ചെടുക്കാനാകുക എന്നതിനാൽ അത് കൂടുതൽ അപകടകരമാണെന്നും അദ്ദേഹം വ്യക്തമാക്കി
ഇന്ത്യയുടെ പ്രധാന സ്വാതന്ത്ര്യസമര സ്മാരകങ്ങളിലൊന്നായ ജാലിയൻ വാലാബാഗ് സ്മാരകത്തിൽ കേന്ദ്ര സർക്കാർ നടത്തിയ മാറ്റങ്ങളെയും എം.ബി. രാജേഷ് വിമർശിച്ചു. ചരിത്രത്തിന്റെ കോർപറേറ്റ് വത്കരണമാണ് നടക്കുന്നതെന്ന ചരിത്രകാരൻ ഇർഫാൻ ഹബീബിന്റെ വിമർശനത്തോട് യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബിലെ അമൃത്സറിൽ ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു നവീകരിച്ച ജാലിയൻ വാലാബാഗ് സ്മാരകം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. ലേസർ ഷോയും ഹൈടെക് ഗാലറിയും മറ്റ് ആധുനിക നിർമ്മാണപ്രവർത്തനങ്ങളും സ്മാരകത്തിന്റെ പൈതൃകം നഷ്ടപ്പെടുത്തി എന്നാണ് വിമർശനമുയരുന്നത്.
രക്തസാക്ഷികളുടെ ചരിത്രത്തെ അലങ്കരിച്ച് അവ്യക്തമാക്കുന്നത് പ്രതിഷേധാർഹവും ദുഃഖകരവുമാണെന്നും എം.ബി രാജേഷ് അഭിപ്രായപ്പെട്ടു. പാലക്കാട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറുനാടന് മലയാളി ബ്യൂറോ