തിരുവനന്തപുരം: വടകര എംഎൽഎ കെകെ രമയ്ക്ക് എതിരായ മുതിർന്ന സിപിഎം അംഗം എംഎം മണിയുടെ പരാമർശങ്ങളെ തള്ളി സ്പീക്കർ. നിയമസഭയിൽ സ്പീക്കറുടെ റൂളിങിന് പിന്നാലെ എംഎം മണി പ്രസ്താവന പിൻവലിച്ച് രംഗത്തെത്തി. അത് അവരുടേതായ വിധി എന്ന് പറഞ്ഞിരുന്നു, ഒരു കമ്യൂണിസ്റ്റുകാരനായ ഞാൻ അങ്ങിനെ പറയരുതായിരുന്നു, ഈ പരാമർശം താൻ പിൻവലിക്കുകയാണെന്നും എംഎം മണി പറഞ്ഞു.

കെകെ രമയുടെ പ്രസംഗത്തെ മുൻനിർത്തി സംസാരിച്ച മണിയുടെ പ്രസംഗം ആക്ഷേപകരമായതിനാൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ക്രമപ്രശ്‌നം ഉന്നയിച്ച് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നതായി സ്പീക്കർ പറഞ്ഞു. പ്രത്യക്ഷത്തിൽ അൺപാർലമെന്ററിയല്ലാത്ത വാക്കുകൾ ഉപയോഗിക്കുന്നത് പിന്നീട് പരിശോധിച്ച് നിലപാടെടുക്കുകയാണ് ചെയ്യുന്നത്. മുൻപ് സ്വാഭാവികമായി ഉപയോഗിച്ചവയ്ക്ക് ഇന്ന് അതേ അർത്ഥമായിരിക്കില്ല. സ്ത്രീകൾ, അംഗ പരിമിതർ, പാർശ്വവത്കരിക്കപ്പെട്ടവർ എന്നവർക്ക് പരിഗണന അനിവാര്യമാണ്. ഇത് ജനപ്രതിനിധികൾക്ക് പലർക്കും മനസിലായിട്ടില്ല. അടിച്ചേല്പിക്കേണ്ട മാറ്റം അല്ല, സ്വയം തിരുത്താൻ തയ്യാറാവണം. എംഎം മണി പറഞ്ഞത് തെറ്റായ ആശയമാണ്. അത് പുരോഗമനം ആയ ആശയം അല്ല.

എല്ലാവരും സഭയുടെ അന്തസ് ഉയർത്തിപ്പിടിക്കാൻ ജാഗ്രത കാണിക്കണം. സ്പീക്കർ പറഞ്ഞ ഉദ്ദേശത്തെ മാനിക്കുന്നുവെന്ന് പറഞ്ഞാണ് എംഎം മണി വ്യക്തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ മണിയുടെ പ്രസംഗത്തെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയെ കൂടിയാണ് സ്പീക്കർ തിരുത്തുന്നത്. ഇതോടെ എം എം മണിയുടെ വിവാദ പ്രസ്താവനകൾക്ക് സിപിഎം ഇനി പിന്തുണ നൽകിയേക്കില്ല. മണിയുടെ നാവിന് കടിഞ്ഞാണിടാനാണ് സിപിഎം നേതൃത്വത്തിന്റെയും തീരുമാനം.

നേരത്തെ സംസ്ഥാന സെക്രട്ടേറിയറ്റിൽ മണിക്കെതിരെ രൂക്ഷ വിമർശനമുയർന്നിരുന്നു. അനാവശ്യ പരാമർശം രാഷ്ട്രീയമായും ദോഷം ചെയ്യുമെന്നാണു വിലയിരുത്തൽ.എം.എം.മണിയുടെ വാക്കുകൾ പല തരത്തിലാണു സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയത്. 'മഹതി വിധവയായിപ്പോയി, അതവരുടെ വിധി' എന്നീ പരാമർശങ്ങൾ പ്രതിപക്ഷത്തുനിന്നു മാത്രമല്ല ഇടതുസഹയാത്രികരിൽ നിന്നുതന്നെ കടുത്ത വിമർശനമുയരുന്നതിനിടയാക്കി.

വെള്ളിയാഴ്ച ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്തു. മണിയുടെ പ്രസ്താവനയ്‌ക്കെതിരെ അംഗങ്ങൾ നിശിത വിമർശനം ഉന്നയിച്ചു. ഒരാൾ പോലും മണിയുടെ പ്രസ്താവനയെ അനുകൂലിച്ചില്ല. കെ.കെ.രമയ്‌ക്കെതിരെ നടത്തുന്ന വിമർശനങ്ങൾ രാഷ്ട്രീയമായി വിപരീതഫലമുണ്ടാക്കുമെന്നു സെക്രട്ടേറിയറ്റ് വിലയിരുത്തി. കെ.കെ.രമ തുടർച്ചയായി നിയമസഭയിൽ സർക്കാരിനും മുഖ്യമന്ത്രിക്കും അലോസരം സൃഷ്ടിക്കുന്നുണ്ടെങ്കിലും അനാവശ്യപരാമർശങ്ങൾ നടത്തുന്നത് രമയെ ചർച്ചാകേന്ദ്രമാക്കി നിർത്തും. അത്തരം സാഹചര്യം ഒഴിവാക്കപ്പെടേണ്ടതാണെന്ന് അഭിപ്രായം ഉയർന്നു.

മണിയുടേത് സെൽഫ് ഗോളായി പോയി എന്ന തരത്തിൽ അഭിപ്രായങ്ങളുയർന്നെങ്കിലും തിരുത്തണം എന്ന നിലയിലേക്ക് ചർച്ചകൾ നീങ്ങിയില്ല. തുടർച്ചയായി ഇത്തരം വിവാദപരാമർശങ്ങൾ നടത്തുന്നത് ഭൂഷണമാണോ എന്നത് സ്വയം ചിന്തിക്കേണ്ടതാണ് എന്നാണ് നേതാക്കൾ പറയുന്നത്. സെക്രട്ടേറിയറ്റിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എം.എം.മണിയെ തള്ളിപ്പറഞ്ഞുമില്ല. എന്നാൽ എം.എം.മണി പറഞ്ഞ വാക്കുകളെ സിപിഎം ന്യായീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിനു വിഷയം ചർച്ച ചെയ്തില്ലെന്നുപറഞ്ഞ് കോടിയേരി ഒഴിഞ്ഞുമാറുകയായിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ എം.എം.മണി പങ്കെടുത്തിരുന്നില്ല.

അതേസമയം രമയെ പിന്തുണച്ച സിപിഐ. നേതാവ് ആനി രാജയ്ക്കെതിരേ അധിക്ഷേപ പരാമർശവുമായും മണി രംഗത്തുവന്നിരുന്നു. 'അവർ ഡൽഹിയിൽ അല്ലേ ഒണ്ടാക്കൽ' എന്നായിരുന്നു മണിയുടെ പരാമർശം. സിപിഐയുടെ വിമർശനം കാര്യമാക്കുന്നില്ലെന്നും സമയംകിട്ടിയാൽ കെ.കെ. രമയ്ക്കെതിരേ കൂടുതൽ പറഞ്ഞേനേയെന്നും മണി വ്യക്തമാക്കിയിരുന്നു.