- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരു സംഘി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയക്കാൻ സാധ്യതയുള്ള പുതുവത്സര ആശംസാ സന്ദേശം': പാചകവാതക വിലവർധനവിൽ മോദിയെ പരിഹസിച്ച് എം ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: രാജ്യത്ത് പാചകവാതക വില വർദ്ധിപ്പിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് എം ബി രാജേഷ് എംപിയുടെ ഫേസ്ബുക്ക പോസ്റ്റ്. മോദിക്ക് പുതുവത്സര ആശംസ നേർന്നുകൊണ്ടാണ് എം ബി രാജേഷിന്റെ പരിഹാസം. ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന കത്തു രൂപത്തിലുള്ള ദീർഘമായ കുറിപ്പിലാണ് 'ഒരു സംഘി പ്രധാനമന്ത്രി നരേന്ദ്ര മോദ
തിരുവനന്തപുരം: രാജ്യത്ത് പാചകവാതക വില വർദ്ധിപ്പിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് എം ബി രാജേഷ് എംപിയുടെ ഫേസ്ബുക്ക പോസ്റ്റ്. മോദിക്ക് പുതുവത്സര ആശംസ നേർന്നുകൊണ്ടാണ് എം ബി രാജേഷിന്റെ പരിഹാസം. ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന കത്തു രൂപത്തിലുള്ള ദീർഘമായ കുറിപ്പിലാണ് 'ഒരു സംഘി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയക്കാൻ സാധ്യതയുള്ള പുതുവത്സര ആശംസാ സന്ദേശം' എന്ന പേരിലുള്ള എം.ബി. രാജേഷിന്റെ പരിഹാസം.
എം ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
പ്രിയപ്പെട്ട മോദിജി,
പുതുവത്സരാശംസകൾ!
അങ്ങയുടെ പുതുവത്സര സമ്മാനം കിട്ടി. സബ്സിഡി ഉള്ളതും ഇല്ലാത്തതും വാണിജ്യാവശ്യത്തിനുള്ളതുമായ പാചകവാതകത്തിന് വിലകൂട്ടി ഈ പുതുവർഷ വരവേൽപ്പ് അവിസ്മരണീയമാക്കിയ അങ്ങേക്ക് എങ്ങനെ നന്ദി പറഞ്ഞാലും മതിയാകില്ല. ഇടതുപക്ഷക്കാരും മറ്റും വിലകൂട്ടിയതിനെ വിമർശിക്കാനും അങ്ങയുടെ പുതുവത്സര സമ്മാനത്തെ വിലകുറച്ചു കാണിക്കാനും ശ്രമിക്കും. അത് കാര്യമാക്കണ്ട. അവന്മാരെയൊക്കെ ഫേസ് ബുക്കിൽ തെറിവിളിച്ചു ഞങ്ങൾ നിശബ്ദരാക്കാൻ നോക്കാം. രാജ്യസ്നേഹപരമായ ഈ വിലകൂട്ടൽ സമ്മാനത്തെ ഞങ്ങൾ കഴിയുന്നത്ര വാഴ്ത്തിക്കോളാം. ഇതൊക്കെ രാജ്യം നന്നാക്കാൻ പണം കണ്ടെത്താനാണെന്ന മോദിജിയുടെ ന്യായം ഞങ്ങൾ കിണഞ്ഞു പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ആ പഴയ സർദാർജി ഇതെല്ലാം ചെയ്തപ്പോൾ ഗ്യാസ്കുറ്റിയുമായി നമ്മൾ റോട്ടിൽ സമരം ചെയ്തതും നടു റോഡിലൂടെ വണ്ടിയുന്തിയതും പറഞ്ഞു 'ചകാക്കൾ' നമ്മളെ ഉത്തരം മുട്ടിക്കാൻ നോക്കുന്നുണ്ട്. പഴയ ഫോട്ടോകളൊക്കെ അവരെടുത്തിട്ടപ്പോൾ ഞങ്ങൾക്ക് കുറച്ചു വല്ലായ്മ തോന്നുന്നുണ്ടെങ്കിലും തെറിവിളിയുടെ ഡോസ് കൂട്ടി ആ ജാള്യത ഞങ്ങൾ മാറി കടന്നോളാം.
കോർപ്പറേറ്റുകൾക്കു സർദാർജിയെപ്പോലെ തന്നെ ലക്ഷക്കണക്കിനു കോടി രൂപ നമ്മൾ ഇളവ് കൊടുക്കുന്നതിനെ 'ചകാക്കൾ' വിമർശിക്കുന്നുണ്ട്. അതിനു എന്തു മറുപടിയാണ് ഞങ്ങൾ നൽകേണ്ടത്? മറുപടി ഇല്ലെങ്കിൽ അതും പറയണം. കുറെക്കൂടി മുട്ടൻ തെറി വിളിച്ച് അവരെ അടക്കാൻ വേണ്ടിയാണ്. സ്വച്ച് ഭാരതിന് വേണ്ടി പെട്രോളിയത്തിന്റെ പേരിൽ സെസ്സ് പിരിച്ച് അത് ചെലവാക്കിയില്ലെന്നു സി.എ.ജി.ക്കാര് എന്തോ റിപ്പോർട്ട് കൊടുത്തതും പൊക്കിപ്പിടിച്ച് ഇനി 'ചകാക്കൾ' വരും. അതിനെന്തെങ്കിലും മറുപടി കൊടുക്കാനുണ്ടോ? അതോ തെറിവിളി തന്നെ മതിയാകുമോ? സർദാർജിയെ താഴെയിറക്കാൻ സി.എ.ജി.ക്കാരുടെ റിപ്പോർട്ട് നമ്മളെ സഹായിച്ചിട്ടുണ്ടെന്നത് നേരാണ്. എന്നാൽ ഇനിയവന്മാരെ അങ്ങനെ റിപ്പോർട് എഴുതാൻ വിട്ടുകൂടാ.
പിന്നെ, 2016 ൽ മോദിജി വിദേശയാത്ര വെട്ടിക്കുറക്കാൻ പോകുന്നു എന്ന ഒരു വാർത്ത ടി.വി.യിൽ കണ്ടു. ട്വെന്റി ട്വെന്റി യിൽ ബാറ്റ് ചെയ്യും പോലെ കുറഞ്ഞ സമയത്തിനകം 37 രാജ്യങ്ങളിലെത്തിയ മോദിജി 2016 ൽ വിദേശയാത്രയിൽ സെഞ്ച്വറി അടിക്കുന്നത് കാണാനിരിക്കുകയായിരുന്നു ഞങ്ങൾ. സ്ട്രൈക് റേറ്റ് കുറയില്ലെ മോദിജി? ധോണിജിയേക്കാൾ വേഗത്തിൽ മോദിജി സെഞ്ച്വറി അടിക്കുമെന്ന് 'ചകാക്കളോടു' ബെറ്റ് വച്ച ഞങ്ങളുടെ കാശ് പോകില്ലേ മോദിജി. ഇവന്മാരൊക്കെ പറയുന്നതു കേട്ടു മോദിജി യാത്രയൊന്നും കുറക്കരുത്. പഴേ സർദാർജിയെപ്പോലെ സൈലെന്റ് മോദിലല്ല ഞങ്ങളുടെ മോദിജി എപ്പോഴും ഫ്ലൈറ്റ് മോദിലാണെന്നത് ഞങ്ങൾക്കൊക്കെ ഒരഭിമാനമായിരുന്നു. 2015 ൽ പത്തു ലക്ഷത്തിന്റെ കോട്ടിട്ട് 'ചകാക്കളെ'യും 'മതേതറ'ന്മാരെയും മാത്രമല്ല, സകല ചായക്കടക്കാരെയും പാവപ്പെട്ടവനെയും പണക്കാരനെയുമൊക്കെ ഒരു പോലെ ഞെട്ടിച്ച് താരമായ മോദിജി 2016 ൽ 50 ലക്ഷത്തിന്റെ കോട്ട് ഇട്ടോണ്ട് വരുന്നത് കാണാൻ കാത്തിരിക്കുകയാണ് ഞങ്ങളൊക്കെ. ഇനി കോട്ടിൽ മാത്രം അങ്ങയുടെ പേരെഴുതിയാൽ പോരാ, നമുക്ക് നെറ്റിയിലും ഒരു പേരെഴുതി ഒട്ടിക്കണം.
അങ്ങനെ ഈ 'ചകാക്കൾ' ക്കും 'മതേതറ' ന്മാർക്കുമൊക്കെ ഒരു ചുട്ട മറുപടി കൊടുക്കണം. അടുത്തകാലത്തായി എല്ലാ തെരഞ്ഞെടുപ്പുകളിലും നമ്മളെ തോൽപ്പിക്കുന്ന ജനങ്ങളെ കൈകാര്യം ചെയ്യാനുള്ള ഒരു വിദ്യ കൂടി നാം 2016 ൽ കണ്ടുപിടിക്കണം. ഡൽഹിയിലും ബീഹാറിലും മോദിജിയുടെ വാരണാസിയിലും രാജ്നാഥ്ജിയുടെ ലഖ്നൗ വിലും മദ്ധ്യപ്രദേശിലെ ലോക്സഭാ ഉപതെരഞ്ഞെടുപ്പിലും നേരത്തെ രാജസ്ഥാനിലെയും ഉത്തരപ്രദേശിലെയും നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും മോദിജിയുടെയും അമിത് ഷാജിയുടെയും ഗുജറാത്തിലെയും മധ്യപ്രദേശിലെയും ഛത്തീസ് ഗഡിലെയും പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും നാം നിലം തൊട്ടില്ലെന്ന് പത്രങ്ങളൊക്കെ എഴുതുന്നു. ന്യൂനപക്ഷങ്ങളും 'മതേതറ'ന്മാരും നമുക്ക് വോട്ട് ചെയ്യാത്തത് മനസിലാക്കാം. എന്നാൽ ഈ ഹിന്ദുക്കൾ എന്നു പറയുന്നവരോ? നമ്മളെ തോൽപ്പിക്കുന്ന ഇവറ്റകളൊക്കെ എന്തു ഹിന്ദുക്കളാൺ ഇവരെയൊക്കെ 'ശരിയായ' ഹിന്ദുക്കളാക്കാൻ 2016 ൽ പുതിയ സാമഭേദദണ്ഡ മുറകൾ ആവിഷ്ക്കരിക്കണം. തുടർച്ചയായ തോൽവികൾക്ക് ന്യായം പറഞ്ഞു ക്ഷീണിച്ചു പോയി. അതുകൊണ്ടാണ്. നമുക്ക് വോട്ട് ചെയ്യുന്നില്ലെകിൽ ഇന്ന്! കൊടുത്തത് പോലുള്ള സമ്മാനങ്ങൾ ഇടക്കിടക്ക് കൊടുക്കണം. ഹിന്ദുക്കളാണ് പോലും ഹിന്ദുക്കൾ! ഒരു പാഠം പഠിക്കട്ടെ.
മോദിജിക്ക് ഒരിക്കൽക്കൂടി പുതുവത്സരാശംസകൾ!
(ഒരു സംഘി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയക്കാൻ സാധ്യതയുള്ള പുതുവത്സര ആശംസാ സന്ദേശം !)