തിരുവനന്തപുരം: പാർലമെന്റിൽ കേരളത്തിൽ നിന്നുള്ള ശക്തമായ സാന്നിധ്യമാണ് പാലക്കാട് എംപി എം ബി രാജേഷ്. നരേന്ദ്ര മോദിയുടെ നയങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. ദേശീയ വിഷയങ്ങളുമായി ബന്ധപ്പെട്ട് മലയാളം ചാനലുകളിൽ സ്ഥിരമായി ചർച്ചയ്‌ക്കെത്തുന്ന രാജേഷ് സംഘപരിവാറുകാരുടെ മുഖ്യശത്രു കൂടിയാണ്. പലപ്പോഴും ബിജെപി നേതാക്കൾക്ക് രാജേഷ് പങ്കെടുക്കുന്ന ചാനൽ ചർച്ചകളിൽ ഉത്തരം മുട്ടാറുമുണ്ട്.

ബീഫ് നിരോധനത്തിനെതിരെ അടക്കം ശക്തമായ നിലപാട് സ്വീകരിക്കാറുള്ള എം ബി രാജേഷിന് വന്ന ഒരു പിഴ സോഷ്യൽ മീഡിയയിലെ സംഘപരിവാർ അനുയായികൾ ആഘോഷമാക്കുകയാണ്. മനോരമ ന്യൂസ് ചാനൽ ചർച്ചയിക്കിടെയാണ് സംഭവം. ഇന്നലെ മെസി ഫുട്‌ബോളിൽ നിന്ന് വിരമിച്ചതുമായി ന്ധപ്പെട്ടാണ് ചർച്ച നടന്നത്.

ചർച്ചയിൽ അവതാരികയായ ഷാനി പ്രഭാകരൻ മെസി വിരമിക്കാനുള്ള കാരണങ്ങൾ എന്തൊക്കെയാണ് എന്ന് രാജോഷിനോട് അഭിപ്രായം ചോദിച്ചു. ഇതിന് മറുപടി പറഞ്ഞപ്പോഴാണ് മോദിയുടെ പേരിൽ മെസി കടന്നുവന്നത്. പിഴവു പറ്റിയെന്ന് ബോധ്യമായതോടെ ക്ഷമിക്കണം എന്നുപറഞ്ഞ് തെറ്റു തിരുത്തുകയും ചെയ്തു രാജേഷ്. എന്നാൽ, പിന്നീട് ഈ രാജേഷിന് നാവുപിഴ പറ്റിയ വീഡിയോ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുകയായിരുന്നു സംഘപരിവാർ അനുഭാവികൾ.

ബിജെപി അനുഭാവ ഗ്രൂപ്പായ സുദർശനത്തിൽ അടക്കം ഈ വീഡിയോ പ്രത്യക്ഷപ്പെട്ടു. നിരവധി പേർ തന്നെ ഈ വീഡിയോ ഷെയർ ചെയ്തു. എപ്പോഴും മോദി വിരുദ്ധത കൊണ്ടു നടക്കുന്നതിനാലാണ് ഫുട്‌ബോളുമായി ബന്ധപ്പെട്ട ചർച്ചയിൽ പോലും രാജേഷ് മോദിയുടെ പേര് പറഞ്ഞതെന്നാണ് ബിജെപി അനുഭാവികളുടെ വിമർശനം. എന്തായാലും രാജേഷിനെ ട്രോളാൻ കിട്ടിയ ഒരു അവസരം ബിജെപിക്കാർ പാഴാക്കിയിട്ടില്ല. സോഷ്യൽ മീഡിയയിൽ രാജേഷിന്റെ നാവുപിഴ വീഡിയോ പറന്നു നടക്കുകയാണിപ്പോൾ..