തിരുവനന്തപുരം: വനിതാ കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈനെ കാലാവധി പൂർത്തിയാക്കാൻ അനുവദിക്കണോയെന്നു സിപിഎം നേതൃത്വം പരിശോധിക്കും. 2017 മെയ്‌ 27നാണ് ജോസഫൈനെ വനിതാ കമ്മിഷൻ അധ്യക്ഷയായി നിയമിച്ചത്. 5 വർഷ കാലാവധി പൂർത്തിയാക്കാൻ അവർക്ക് ഇനിയും ഒരു വർഷം ഉണ്ട്. എന്നാൽ വിവാദങ്ങൾ കണക്കിലെടുത്ത് അവരെ മാറ്റുന്നത് സർക്കാർ പരിഗണനയിലാണ്. ഇക്കാര്യത്തിൽ സിപിഎം നിലപാട് നിർണ്ണായകമാകും. ഒടുവിൽ അവർ പങ്കെടുത്ത ചാനൽ ചർച്ചയിലെ ശരീരഭാഷയും പ്രതികരണ രീതിയും 'എങ്കിൽ അനുഭവിക്ക്' എന്ന് പരാതിക്കാരിയോടു നടത്തിയ പ്രതികരണവും മോശമായെന്ന നിലപാടിലാണ് സിപിഎമ്മും.

സ്ത്രീകളുടെ പ്രശ്‌നങ്ങളോട് പ്രതിബദ്ധതയുള്ള ആളായിരിക്കണം കമ്മിഷൻ ചെയർമാനും അംഗങ്ങളും എന്നാണ് വനിതാകമ്മിഷൻ രൂപീകരിച്ചുള്ള നിയമത്തിൽ തന്നെ വ്യക്തമാക്കുന്നത്. എ.കെ. ആന്റണി ആദ്യ വനിതാ കമ്മിഷൻ അധ്യക്ഷയായി നിയമിച്ചത് സുഗതകുമാരിയെ ആയിരുന്നു. പിന്നീട് രാഷ്ട്രീയ നിയമനങ്ങൾ തുടങ്ങി. ഈ രീതി മാറ്റേണ്ടതുണ്ടോ എന്നും സിപിഎം പരിശോധിക്കും. പികെ ശ്രീമതി അടക്കമുള്ളവർ അടുത്ത വനിതാ കമ്മീഷൻ അധ്യക്ഷയാകാനുള്ള പരിഗണനാ പട്ടികയിലുണ്ട്. ജോസഫൈനെ ഉടൻ മാറ്റുന്ന കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് മാത്രമാകും ഇനി നിർണ്ണായകം.

ഭരണം മാറുമ്പോൾ വനിതാ കമ്മിഷൻ പോലെയുള്ള രാഷ്ട്രീയ നിയമനങ്ങൾ നേടിയവർ രാജി വയ്ക്കുകയാണ് പതിവ്. എന്നാൽ തുടർഭരണം ആയതോടെ ഇതു വേണ്ടിവന്നില്ല. വിവാദങ്ങളുടെ സാഹചര്യത്തിൽ ഭരണം മാറുന്ന ഘട്ടത്തിൽ ചെയ്യുന്ന അഴിച്ചുപണി കമ്മിഷനിലും പാർട്ടി പരിഗണിക്കും. പ്രതികരണത്തെ ആദ്യം ന്യായീകരിച്ച ജോസഫൈൻ ഒടുവിൽ ഖേദത്തിനു തയാറായത് സിപിഎം നിർദ്ദേശ പ്രകാരമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായം കൂടി പരിഗണിച്ച് കോടിയേരി ബാലകൃഷ്ണനാണ് ഖേദ പ്രകടനം വേണമെന്ന് നിർദ്ദേശിച്ചത്.

സിപിഎം കേന്ദ്രകമ്മിറ്റി അംഗമാണ് ജോസഫൈൻ. ഉയർന്ന ഘടകത്തിൽ അംഗമായ മുതിർന്ന വനിതാ നേതാവിനെ പുറത്താക്കാൻ നേതൃത്വത്തിനു ബുദ്ധിമുട്ടുണ്ട്. വി എസ് അച്യൂതാനന്ദനൊപ്പം ചേർന്ന് നിന്ന നേതാവ് കൂടിയാണ് ജോസഫൈൻ. ഇതെല്ലാം പരിഗണിച്ച് കരുതലോടെയാകും തീരുമാനം. 'മാറണം മനോഭാവം സ്ത്രീകളോട്' എന്ന പേരിൽ സിപിഎമ്മിന്റെ ജനാധിപത്യ മഹിളാ അസോസിയേഷൻ ക്യാംപെയ്ൻ പ്രഖ്യാപിച്ച വേളയിൽ ആരുടെ മനോഭാവമാണ് മാറേണ്ടത് എന്ന ചോദ്യം ജോസഫൈനെ മുന്നിൽ നിർത്തി സോഷ്യൽ മീഡിയയിൽ സജീവമാണ്.

നേരത്തെ കോടതിയും പൊലീസ് സ്റ്റേഷനും എല്ലാം പാർട്ടി തന്നെ എന്ന ജോസഫൈന്റെ പ്രതികരണവും ചില്ലറ പരുക്കല്ല സിപിഎമ്മിനു വരുത്തിയത്. 87 വയസ്സുള്ള പരാതിക്കാരിയെ അധിക്ഷേപിച്ചുവെന്നു ചൂണ്ടിക്കാട്ടി മുൻപ് കഥാകൃത്ത് ടി.പത്മനാഭനും ജോസഫൈന് എതിരെ പ്രതികരിച്ചിരുന്നു. സിപിഎമ്മിന്റെ സൈബർ സഖാക്കളും പാർട്ടി അനുഭാവികളായ എഴുത്തുകാരും എല്ലാം ജോസഫൈന് എതിരാണ്. നേരത്തെ കമ്മിഷന് ഉള്ളിൽനിന്നു തന്നെ ജോസഫൈനെതിരേ പ്രതിഷേധം ഉരുണ്ടു കൂടിയിരുന്നു. ജീവനക്കാരായ സ്ത്രീകളോട് മയമില്ലാതെ പെരുമാറുന്നുവെന്ന ആക്ഷേപം ഉയരുകയും ചെയ്തു.

ജോസഫൈനെതിരെ നടി സാധിക വേണുഗോപാൽ അടക്കമുള്ളവർ രംഗത്തു വന്നു. ഇവരെ വിളിച്ചു പരാതി പറയുന്നതിലും നല്ലത് മരിക്കുന്നതു തന്നെയാണെന്ന് സാധിക പറയുന്നു. ഇതിലും ഭേദം ആത്മഹൂതി തന്നെയാ! പട പേടിച്ചു പന്തളത്തു ചെന്നപ്പോ പന്തം കൊളുത്തി പട എന്നൊക്കെ കേട്ടിട്ടേ ഉള്ളു. ഇതാ ഇപ്പൊ കാണുകയും ചെയ്തു. ഇവരെ ഒക്കെ വിളിച്ചു പരാതി പറയുന്നതിലും നല്ലത് മരിക്കുന്നതു തന്നെയാ. പ്രശ്‌നത്തിൽ നിൽക്കുന്നവർക്ക് ഉപദേശം കൊടുക്കാനല്ല ഒരാളെ ആവശ്യം, അവരെ ഒന്ന് കേൾക്കാൻ ആണ്. ഇവരുടെ ഒക്കെ വീട്ടിൽ ഉള്ള ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും അവസ്ഥ എന്താണോ എന്തോ?.-സാധികയുടെ ഈ വാക്കുകളാണ് സമൂഹത്തിന്റെ പൊതുവികാരം.

ജോസഫൈനെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നത് വരെ വഴിയിൽ തടയുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ നാലര വർഷം ഇത്തരമൊരു വിപത്തിനെ സ്ത്രീകൾക്ക് മേൽ കെട്ടിവെച്ച സർക്കാർ തെറ്റു തിരുത്തി അപമാനിതരായ സ്ത്രീകളോട് മാപ്പ് പറയണം. ജോസഫൈൻ ഇനിയും അധികാരത്തിൽ തുടരാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നും സുധാകരൻ വ്യക്തമാക്കി.

ഇനിയും ജോസഫൈനെ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ ആണ് ഭാവമെങ്കിൽ അത് സമൂഹത്തിനും, സ്ത്രീകൾക്കും, കുട്ടികൾക്കും എതിരായ സർക്കാരിന്റെ വെല്ലുവിളിയാണ്. ആദ്യമായിട്ടല്ല ഇവർ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് ഇരുന്ന് ഇത്തരത്തിൽ ഇരകളെ അപമാനിക്കുന്ന പരസ്യ പ്രസ്ഥാവന നടത്തുന്നത്. അങ്ങേയറ്റം പിന്തിരിപ്പൻ മാനസികാവസ്ഥയിൽ നിന്നുകൊണ്ടാണ് അവർ ഇരകളാക്കപ്പെട്ട സ്ത്രീകളെ വിചാരണ ചെയ്യുന്നതും അപമാനിക്കുന്നതും. പരസ്യമായി ഇത്രയും ധിക്കാരം പീഡിതരായ സ്ത്രീകളോട് കാണിക്കുന്നുവെങ്കിൽ അവർക്ക് മുൻപിൽ എത്തുന്ന സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നും സുധാകരൻ ചോദിച്ചു.