- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിവർത്തനവാദി കോൺഗ്രസുകാരന്റെ ഭാര്യയായി അങ്കമാലിയിൽ എത്തി; പാരലൽ കോളേജ് അദ്ധ്യാപികയെ അങ്ങാടിക്കടവ് ബ്രാഞ്ചിൽ അംഗമാക്കിയത് സഖാവ് കുര്യൻ; എതിർപ്പുകളെ അവഗണിച്ച് തീപ്പൊരി പ്രസംഗവുമായി പാർട്ടിയെ വളർത്തി; വി എസ് പക്ഷത്ത് ഉറച്ചു നിന്ന ധീരത; എംസി ജോസഫൈൻ സിപിഎമ്മിന്റെ സ്ത്രീശക്തിയായ കഥ

കൊച്ചി: വൈപ്പിൻ മുരിക്കുംപാടത്തുനിന്ന് വിവാഹിതയായി അങ്കമാലിയിൽ എത്തിയ എം സി ജോസഫൈൻ പിന്നീട് നാട്ടുകാരുടെ സഖാവായി മാറുകയായിരുന്നു. വി എസ് അച്യുതാനന്ദൻ എന്ന നേതാവിന്റെ പഴയ വിശ്വസ്ത. സിപിഎമ്മിൽ പിണറായി യുഗം തുടങ്ങിയപ്പോഴും ജോസഫൈൻ സംഘടനയിലെ പ്രധാനിയായി തുടർന്നു. പാർലമെന്ററീ രംഗത്ത് വിജയം നേടാനായില്ലെങ്കിലും ജോസൈഫൻ സിപിഎമ്മിലെ സ്ത്രീ ശക്തിയുടെ പ്രതീകമായിരുന്നു. അങ്കമാലി കൗൺസിലറായും പ്രവർത്തിച്ചിട്ടുണ്ട്. ഒടുവിൽ പാർട്ടി കോൺഗ്രസ് വേദിയിൽ കുഴഞ്ഞു വീണ് മരണത്തേയും വരിച്ചു.
സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷയായിരിക്കെ ചെന്ന് പെട്ട വിവാദങ്ങൾ മാത്രമല്ല എം സി ജോസഫൈൻ എന്ന മുതിർന്ന നേതാവിന്റെ രാഷ്ട്രീയ പാരമ്പര്യം. വിട്ടു വീഴ്ചയില്ലാത്ത നിലപാടുകളുടെ പേരിൽ പലവട്ടം പഴി കേട്ടിട്ടുള്ള നേതാവ്. പാർട്ടിയുടെ സംഘടനാ രംഗത്തായിരുന്നു ദീർഘനാളായി പ്രവർത്തനം, അച്യുതാനന്ദൻ വിഭാഗത്തിൽ ഉറച്ചു നിന്ന നേതാവ്. പാർട്ടി വിഭാഗീയതയുടെ പേരിൽ തെരഞ്ഞെടുപ്പ് അവസരങ്ങൾ നിഷേധിക്കപ്പെട്ടിട്ടും ഉറച്ചു നിന്നു. എന്നും അടിയുറച്ച പാർട്ടിക്കാരിയായിരുന്നു. എല്ലാ സാഹചര്യത്തിലും പാർട്ടിക്കൊപ്പം നിന്നു. 2017 മാർച്ച് മുതൽ 2021വരെ സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷയായിരുന്നു. ആ കാലയളവിൽ വിവാദങ്ങൾക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല.
പഠനകാത്ത് തന്നെ മികച്ച വാഗ്മിയും സാമൂഹ്യ പ്രവർത്തകയുമായിരുന്നു ജോസഫൈൻ. പുരോഗമനവാദികളായ കോൺഗ്രസുകാർ എം എ ജോണിന്റെ നേതൃത്വത്തിൽ പരിവർത്തനവാദികളായി പ്രവർത്തിക്കുന്ന കാലത്താണ് സിപിഎമ്മിനൊപ്പം ജോസഫൈൻ എത്തുന്നത്. ഭർത്താവ് പി എ മത്തായിയും പരിവർത്തനവാദി കോൺഗ്രസിലായിരുന്നു. ജോസഫൈൻ അക്കാലത്ത് പാരലൽ കോളേജ് അദ്ധ്യാപികയായിരുന്നു.
സോഷ്യലിസ്റ്റ് ആശയങ്ങളോട് വിദ്യാർത്ഥിയായിരിക്കെ കൂറുപുലർത്തിയ ജോസഫൈനെയും മത്തായിയെയും സിപിഎമ്മിന്റെ പ്രധാന പ്രവർത്തകരാക്കാൻ മുൻകൈയെടുത്തത് പരേതനായ മുൻ സ്പീക്കർ എ പി കുര്യനാണ്. 1978ൽ ജോസഫൈൻ സിപിഎം അങ്കമാലി അങ്ങാടിക്കടവ് ബ്രാഞ്ചിൽ അംഗമായി. വനിതകൾക്ക് കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനത്തിലേക്ക് കടന്നുവരാൻ കുടുംബപരവും സാമൂഹ്യവുമായ ഒത്തിരി എതിർപ്പുകൾ നേരിടേണ്ടിവന്ന അക്കാലത്ത് ജോസഫൈൻ മുഴുവൻ സമയ പ്രവർത്തകയായി മാറി.
അവിടന്നങ്ങോട്ട് അങ്കമാലിയിലെ മാത്രമല്ല എറണാകുളം ജില്ലയിലെയാകെ കമ്യൂണിസ്റ്റ് പാർട്ടി യോഗങ്ങളിൽ ജോസഫൈന്റെ പ്രസംഗം ആവേശമായിരുന്നു. ജില്ലയുടെ കിഴക്കൻ കാർഷികമേഖലയിലും പടിഞ്ഞാറൻ തീരമേഖലയിലുമൊക്കെ സഞ്ചരിച്ച് മഹിളാ അസോസിയേഷൻ കെട്ടിപ്പടുത്ത ജോസഫൈൻ സംഘടനയുടെ അഖിലേന്ത്യാ വൈസ് പ്രസിഡന്റുവരെയായി ഉയർന്നു. 2002 മുതൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവുമാണ്.
സംസ്ഥാന വനിതാ കമ്മിഷൻ മുൻ അധ്യക്ഷയാണ് (2017 2021). ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോർപറേഷൻ ചെയർപേഴ്സൺ, വിശാലകൊച്ചി വികസന അഥോറിറ്റി ചെയർപേഴ്സൺ എന്നീ സ്ഥാനങ്ങൾ വഹിച്ചു. വിദ്യാർത്ഥി - യുവജന - മഹിളാ പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുരംഗത്തെത്തിയത്. 1984ൽ സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായി. 1987ൽ സംസ്ഥാന കമ്മിറ്റിയിലുമെത്തി. 2002 മുതൽ കേന്ദ്ര കമ്മിറ്റി അംഗമാണ്. 1996ൽ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റായി. സംസ്ഥാന വെയർഹൗസിങ് കോർപറേഷൻ എംപ്ലോയീസ് യൂണിയൻ (സിഐടിയു) സെക്രട്ടറിയും പ്രൈവറ്റ് ഹോസ്പിറ്റൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) പ്രസിഡന്റുമായിരുന്നു. അങ്കമാലി (1987), മട്ടാഞ്ചേരി (2011) നിയമസഭാ മണ്ഡലങ്ങളിലേക്കും 1989ൽ ഇടുക്കി ലോക്സഭാ മണ്ഡലത്തിലേക്കും മത്സരിച്ചു.
13 വർഷം അങ്കമാലി നഗരസഭാ കൗൺസിലറായിരുന്നു. നിലവിൽ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗമാണ്. വൈപ്പിൻ മുരിക്കുംപാടം സെന്റ് മേരീസ് സ്‌കൂൾ, ഓച്ചന്തുരുത്ത് സാന്താക്രൂസ് ഹൈസ്‌കൂൾ, ആലുവ സെന്റ് സേവ്യേഴ്സ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജിൽനിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി. 1948 ഓഗസ്റ്റ് മൂന്നിന് മുരിക്കുംപാടം മാപ്പിളശേരി ചവര - മഗ്ദലേന ദമ്പതികളുടെ മകളായി ജനനം. ഭർത്താവ് മത്തായി സിഐടിയു അങ്കമാലി ഏരിയ സെക്രട്ടറിയായിരുന്നു.
പാർട്ടി കോൺഗ്രസ് വേദിയിൽവെച്ച് ശനിയാഴ്ച വൈകീട്ടാണ് ഹൃദയാഘാതമുണ്ടായത്. ഉടൻ കണ്ണൂർ എ.കെ.ജി ആശുപത്രിയിലെ ഐ.സി.യുവിലേക്ക് മാറ്റിയിരുന്നു. എന്നാൽ, ആരോഗ്യനില അപകടകരമല്ലെന്ന് ആശുപത്രി അധികൃതർ നേരത്തേ അറിയിച്ചിരുന്നെങ്കിലും പിന്നീട് ഗുരുതരമാകുകയായിരുന്നു. നേരത്തെയും ഹൃദയസംബന്ധമായ അസുഖത്തിന് ജോസഫൈൻ ചികിത്സ തേടിയിരുന്നു.


