- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാഷൻ ഗോൾഡ് കേസിലെ മുഖ്യപ്രതി പൂക്കോയ തങ്ങളെ എന്തു കൊണ്ട് പിടിക്കുന്നില്ല? കേരളത്തിലെ പൊലീസിന് ഇത് വലിയ പ്രശ്നമാണോ? പിടിക്കാൻ വിചാരിച്ചാൽ പൊലീസിന് പിടിക്കാൻ സാധിക്കും; തന്നെ കുടുക്കുക മാത്രമായിരുന്നു സർക്കാറിന്റെ ലക്ഷ്യം; ജാമ്യത്തിലിറങ്ങിയ എം സി കമറുദ്ദീൻ പൊലീസിനെതിരെ
കാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പു കേസിലെ മുഖ്യപ്രതിയും സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറുമായ പൂക്കോയ തങ്ങളെ എന്തു കൊണ്ട് പൊലീസ് പിടിക്കുന്നില്ലെന്ന് എം.സി കമറുദ്ദീൻ എംഎൽഎ. കേരളത്തിലെ പൊലീസിന് ഇത് വലിയ പ്രശ്നമാണോയെന്നും അദ്ദേഹം ചോദിച്ചു. പിടിക്കാൻ വിചാരിച്ചാൽ പൊലീസിന് പിടിക്കാൻ സാധിക്കും. അത്ര ദുർബലമാണോ പിണറായി വിജയന്റെ പൊലീസെന്നും തന്നെ കുടുക്കുക മാത്രമായിരുന്നു സർക്കാറിന്റെ ലക്ഷ്യമെന്നും കമറുദ്ദീൻ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കമറുദ്ദൂൻ ജാമ്യത്തിൽ പുറത്തിറങ്ങിയത്. ഫാഷൻ ഗോൾഡ് കേസിൽ നാലു പ്രതികളാണുള്ളത്. സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ പൂക്കോയ തങ്ങളാണ് മുഖ്യപ്രതി. കേസന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെയാണ് സർക്കാർ നിയോഗിച്ചത്. എന്നാൽ, കമറുദ്ദീന്റെ അറസ്റ്റോടെ അന്വേഷണം നിലച്ച നിലയിലായി. പൂക്കോയ തങ്ങളുടെ മകൻ ഇഷാം, ജനറൽ മാനേജർ സൈനുൽ ആബിദ് എന്നിവരെല്ലാം അറസ്റ്റിന് പുറത്തായി.
കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന എം.സി. കമറുദ്ദീന് 148 കേസുകളിലും ഹോസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി (ഒന്ന്) ജാമ്യം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന കമറുദ്ദീൻ മോചിതനായി. ജാമ്യവ്യവസ്ഥ അനുസരിച്ച് കേസുകളുള്ള പൊലീസ് സ്റ്റേഷൻ പരിധികളിൽ പ്രവേശിക്കാൻ പാടില്ല. എന്നാൽ, പ്രതിനിധാനം ചെയ്യുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ പ്രവേശിക്കാനാണ് കോടതി ഇളവ് അനുവദിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയെ നിർണയിക്കുന്ന അവസരത്തിലാണ് ഖമറുദ്ദീൻ ജയിലിൽ നിന്നും ഇറങ്ങുന്നത്. കേസിന് പിന്നാലെ മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ്, യു.ഡി.എഫ് ജില്ല ചെയർമാൻ സ്ഥാനങ്ങൾ അദ്ദേഹത്തിൽ നിന്ന് എടുത്തുമാറ്റിയിരുന്നു. അതേസമയം, രക്തസാക്ഷി പരിവേഷത്തിൽ കമറുദ്ദീനെ അവതരിപ്പിക്കണമെന്ന വാദം മുസ് ലിം ലീഗിൽ ശക്തമാണ്.
നവംബർ ഏഴിനാണ് മഞ്ചേശ്വരം എംഎൽഎയായ എം.സി. കമറുദീനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ച സ്വർണവും പണവും തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലായിരുന്നു അറസ്റ്റ്. 2007ൽ രജിസ്റ്റർ ചെയ്ത സ്ഥാപനം ഓഹരിയായല്ല പണം കൈപ്പറ്റിയതെന്നാണ് ഫാഷൻ ഗോൾഡിനെതിരായ പ്രധാന ആക്ഷേപം. നിക്ഷേപിക്കുന്ന പണത്തിന് ഓരോ മാസവും നിശ്ചിത തുക ലാഭ വിഹിതമായി നൽകാമെന്ന കരാർ പ്രകാരമാണ് പണം സ്വീകരിച്ചതെന്നും പരാതിയുണ്ട്.