- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഗീത നാടക അക്കാദമി ചെയർമാനായി എം ജി ശ്രീകുമാറിനെ നിയമിക്കുന്നതിൽ നിന്നും സർക്കാർ പിന്തിരിഞ്ഞേക്കും; നിയമന കാര്യത്തിൽ തീരുമാനം ആയില്ലെന്ന് മന്ത്രി സജി ചെറിയാൻ; സർക്കാറിന്റെ പുനരാലോചന ഗായകന്റെ ബിജെപി ബന്ധം സോഷ്യൽ മീഡിയയിൽ സജീവ ചർച്ച ആയതോടെ
തിരുവനന്തപുരം: സംഗീത നാടക അക്കാദമി ചെയർമാനായി ഗായകൻ എം. ജി ശ്രീകുമാറിനെ നിയമിക്കുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല എന്ന് മന്ത്രി സജി ചെറിയാൻ. എം. ജി ശ്രീകുമാറിനെ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനെതിരെ ഇടതുകേന്ദ്രങ്ങളിൽനിന്നുതന്നെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്ന പശ്ചാത്തലത്തില സർക്കാർ തീരുമാനത്തിൽനിന്ന് പിൻവലിയുന്നതിന്റെ സൂചനയാണ് മന്ത്രി നൽകിയത്.
നിയമനകാര്യത്തിൽ ഇനിയും തീരുമാനം കൈക്കൊണ്ടിട്ടില്ല എന്നാണ് മന്ത്രി ചൊവ്വാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചത്. കേരള സംഗീത നാടക അക്കാദമി ചെയർമാനായി എം.ജി ശ്രീകുമാറിനെ നിയമിക്കാനുള്ള സിപിഎം തീരുമാനത്തിനെതിരെ ഇടതുപക്ഷ പ്രമുഖരിൽ നിന്നടക്കം വ്യാപക വിമർശനം ഉയർന്നിരുന്നു.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ അടക്കം എം.ജി. ശ്രീകുമാർ ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയിരുന്നെന്നും ബിജെപി സംസ്ഥാനം ഭരിക്കണം എന്ന തലത്തിൽ പ്രസംഗിച്ചു എന്നും തെളിവുകൾ നിരത്തിയാണ് ഇടതുപക്ഷ അനുയായികൾ തന്നെ നിയമനത്തിനെതിരെ രംഗത്തുവന്നിരുന്നത്. ഒരേസമയം ഹിന്ദുത്വ ഫാസിസത്തിന് വേണ്ടി ആഹ്വാനം ചെയ്യാനും അതേസമയം, ഇടതുപക്ഷ സഹയാത്രികൻ ആകാനും കഴിയുന്ന പ്രത്യേക പ്രിവിലേജുകൾ ചിലർക്കുണ്ടെന്നാണ് എം.ജി ശ്രീകുമാറിനെ ചൂണ്ടിക്കാട്ടി സമൂൾമാധ്യമങ്ങളിൽ ഉയരുന്ന വ്യാപക വിമർശനം.
തീരുമാനം പുനഃപരിശോധിക്കണം എന്നും തെറ്റ് തിരുത്തണം എന്നും ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്. നടി കെ.പി.എ.സി ലളിതയാണ് നിലവിൽ സംഗീത നാടക അക്കാദമി ചെയർമാൻ. എംജി ശ്രീകുമാറിനെ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ വി. ടി ബൽറാം, സിനിമാ സംവിധായകൻ ജിയോ ബേബി, എംഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ തുടങ്ങിയവരാണ് വിമർശനവുമായി രംഗത്തു വന്നത്.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് മത്സരിച്ച വി. മുരളീധരന്റെ ഫേസ്ബുക്ക് പേജ് ഉദ്ഘാടനം ചെയ്തു കൊണ്ടുള്ള എം.ജി ശ്രീകുമാറിന്റെ വീഡിയോയാണ് വിമർശകർ പ്രധാനമായും ഉയർത്തിക്കാട്ടുന്നത്. കഴക്കൂട്ടത്ത് താമര വിരിയാൻ ആഗ്രഹിച്ച ഗായകനെത്തന്നെ ചെയർമാനാകാൻ തീരുമാനിച്ചത് ശരിയോ എന്നാണ് സമൂഹ മാധ്യമങ്ങളിലെ ഇടത് കൂട്ടായ്മയിലെ ഇപ്പോഴത്തെ ചർച്ച.
പാർട്ടി അച്ചടക്കം പാലിക്കേണ്ടതിനാൽ ചർച്ചകളിൽ ഭൂരിഭാഗവും സ്വകാര്യ വാട്സാപ്പ് ഗ്രൂപ്പുകളിലാണ്. എങ്കിലും പാർട്ടി അനുഭാവികളായി തുടരുന്നവർ ഫേസ്ബുക്കിലും പ്രതികരിക്കുന്നുണ്ട്. തീരുമാനങ്ങളിലെ വിവരക്കേട് തിരുത്തുന്നതാകും നല്ലത് എന്നാണ് വിമർശകർ പറയുന്നത്. പാർട്ടിയുമായി ചങ്ങാത്തം സ്ഥാപിച്ചിരിക്കുന്ന പുതിയ വർഗത്തിലെ പ്രതിനിധികൾക്കാണ് ഇപ്പോൾ നിയമനം ലഭിക്കുന്നതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞയാഴ്ച നടന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ചലച്ചിത്ര പിന്നണി ഗായകൻ എം.ജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയർമാനായി നിശ്ചയിച്ചത്. ബിജെപി നേതാക്കളുമായി അടുപ്പം സൂക്ഷിക്കുന്ന എം.ജി ശ്രീകുമാറിന് നിയമനം ലഭിച്ചത് വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്.
മറുനാടന് മലയാളി ബ്യൂറോ