ലയാളികൾക്ക് എം ജി ശ്രീകുമാർ ഇന്നൊരു ഗായകൻ മാത്രമല്ല. സംഗീത സംവിധായകൻ, ചലച്ചിത്ര നിർമ്മാതാവ് എന്ന നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച എം ജി ശ്രീകുമാർ ചാനലുകളിലെ റിയാലിറ്റി ഷോകളുടെ വിധികർത്താവ് എന്ന നിലയിലും മലയാളി കുടുംബപ്രേക്ഷകരെ കൈയിലെടുത്തു.

പ്രശസ്തിക്കൊപ്പം വിവാദങ്ങളും ഈ ഗായകനെ വിടാതെ പിന്തുടർന്നിരുന്നു. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ് എം ജി ശ്രീകുമാർ രംഗത്തെത്തി. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് ഈ ഗായകൻ വിവാദ വിഷയങ്ങളിൽ പ്രതികരണവുമായി എത്തിയത്.

സംഗീതസംവിധാനത്തിലെ കോപ്പിയടിയെക്കുറിച്ചും പുതിയ പാട്ടുകാരെക്കുറിച്ചും റിയാലിറ്റിഷോകളെക്കുറിച്ചും ഗായകർക്ക് ലഭിക്കുന്ന അവസരങ്ങളെക്കുറിച്ചും അടുപ്പമുള്ളവരെയും എതിർപ്പുള്ളവരെയും കുറിച്ചെല്ലാം എം ജി ശ്രീകുമാർ അഭിമുഖത്തിൽ മനസുതുറക്കുന്നു.

നന്നായി പാടിയാൽ ആർക്കും ഇവിടെ അവസരങ്ങൾക്ക് ഒരു കുറവുമില്ലെന്നും അതല്ലാതെ എനിക്ക് കിട്ടേണ്ടതായിരുന്നു, അതവർക്ക് പോയി എന്നൊന്നും പരാതിപ്പെടുന്നതിൽ കാര്യമില്ല എന്നും ശ്രീകുമാർ പറഞ്ഞു.

സമകാലികരായ ഗായകരിൽ തനിക്ക് അടുപ്പം ദാസേട്ടനോടു മാത്രമാണെന്ന് എം ജി ശ്രീകുമാർ പറയുന്നു. മറ്റുള്ളവരോടൊക്കെ എവിടെയെങ്കിലും വച്ചു കാണുമ്പോഴുള്ള ഹലോ, ഹായ് ബന്ധം മാത്രമേയുള്ളൂ. ഏതു പാതിരാത്രിയിൽ വേണമെങ്കിലും ദാസേട്ടനെ വിളിക്കാം. സംഗീതത്തെക്കുറിച്ചുള്ള എന്തു സംശയം വേണമെങ്കിലും ചോദിക്കാം. എനിക്കദ്ദേഹം ജ്യേഷ്ഠസഹോദരനെപ്പോലെയാണ്. എന്നോട് അദ്ദേഹം തമാശ പറയാറുണ്ട്, കുടുംബകാര്യങ്ങൾ പറയാറുണ്ട്, അഡൽട്ട്‌സ് ഒൺലി വിഷയങ്ങൾ സംസാരിക്കാറുണ്ട്.

ദാസേട്ടനെ എപ്പോഴും ഫോണിൽ കിട്ടും. അതേസമയം സ്റ്റാർ സിങ്ങറിൽ നിന്നു വന്ന സന്നിദാനന്ദൻ എന്ന ഗായകനുമായി നമുക്കൊന്നു സംസാരിക്കണമെന്ന് തോന്നിയാൽ മൂന്ന് മാനേജർമാർ കഴിഞ്ഞേ പുള്ളിയെ കിട്ടൂ. അതാണ് പഴയ പാട്ടുകാരും പുതിയ പാട്ടുകാരും തമ്മിലുള്ള വ്യത്യാസമെന്ന് ശ്രീകുമാർ പറഞ്ഞു.

സൗഹൃദത്തിലൂടെ കയറി വന്ന ഗായകനാണ് താനെന്നും ഇപ്പോഴും ആ സൗഹൃദങ്ങളിലൂടെയാണ് താൻ വളരുന്നതെന്നും ഗൃഹലക്ഷ്മിയോട് ശ്രീകുമാർ പറഞ്ഞു. താൻ പാട്ടുകാരനാകണം എന്നത് തന്റെ വീട്ടുകാരേക്കാൾ കൂടുതൽ ആഗ്രഹിച്ചത് കൂട്ടുകാരാണ്. പ്രത്യേകിച്ച് പ്രിയദർശൻ. അങ്ങനെയൊരു ചങ്ങാതിയെ കിട്ടിയതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്നും ശ്രീകുമാർ പറഞ്ഞു.

കോളേജ് പഠനകാലത്താണ് മോഹൻലാലിനെ പരിചയപ്പെടുന്നത്. തിരുവനന്തപുരം ടാഗോൾ തിയറ്ററിൽ നടക്കുന്ന റോസ്‌ജേ എന്ന പരിപാടി കാണാൻ പോയ സമയത്താണ് ലാലിനെ പരിചയപ്പെട്ടത്. ഭംഗിയുള്ള പെൺപിള്ളേരെ കാണാൻ പറ്റുമല്ലോ എന്നതുകൊണ്ടാണ് ആ പരിപാടിക്ക് ഞങ്ങൾ സ്ഥിരമായി പോയിരുന്നത്. ലാൽ അന്ന് എംജി കോളേജിലെ ഗുസ്തി താരമാണ്.

മോഹൻലാലിന്റെ ശബ്ദവുമായുള്ള സാമ്യം അനുഗ്രഹമായാണ് കാണുന്നത്. 'എനിക്കുവേണ്ടി ശ്രീക്കുട്ടൻ പാടുമ്പോൾ ഭയങ്കര റിയാലിറ്റി തോന്നുന്നു' എന്ന് ലാൽ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ സാമ്യം കാരണം മമ്മൂട്ടിയുടെ പാട്ടുകൾ തനിക്ക് നഷ്ടമായിട്ടുണ്ടെന്നും ശ്രീകുമാർ പറഞ്ഞു. അല്ലെങ്കിലും ദാസേട്ടൻ പാടിയാലാണ് മമ്മൂട്ടിക്ക് കൂടുതൽ ചേർച്ചയെന്ന് തനിക്കും തോന്നിയിട്ടുണ്ടെന്ന് ശ്രീകുമാർ കൂട്ടിച്ചേർത്തു.

എതിർപ്പുകളെ അവഗണിച്ചുള്ള വിവാഹത്തെക്കുറിച്ചും പോകുന്നിടത്തെല്ലാം ഭാര്യ കൂടെ വരുന്നു എന്നുള്ള ആരോപണത്തെക്കുറിച്ചുമെല്ലാം ശ്രീകുമാർ പറയുന്നതിങ്ങനെ: ''ഞാൻ സ്‌നേഹിച്ച ലേഖ എന്റെ നിർബന്ധത്തിനും സ്‌നേഹത്തിനും വഴങ്ങി എന്റെ കൂടെ വരികയായിരുന്നു. വേറെയാരു വന്നാലും എന്റെ ജീവിതം ശരിയാകില്ല എന്നു തോന്നിയതുകൊണ്ട് കൂട്ടുവിളിച്ചതാണ്. 14 വർഷമാണ് വിവാഹത്തിനു മുമ്പ് ഞങ്ങൾ 'ലിവിങ് ടുഗതർ' ആയി ജീവിച്ചത്. അതുകഴിഞ്ഞ് നിയമപരമായി വിവാഹം കഴിച്ചു. സത്യത്തിൽ ലേഖ എനിക്കു സമ്മാനിച്ചത് പുതിയൊരു ജീവിതമാണ്''.

''മുമ്പും ആളുകൾ ചോദിച്ചിരുന്നു, താങ്കൾ പോകുന്നിടത്തൊക്കെ എന്തിനാ ഭാര്യയെ കൊണ്ടുപോകുന്നത് എന്ന്. അക്കാലത്ത് ദാസേട്ടൻ മാത്രമേ പ്രഭച്ചേച്ചിയെ കൂടെ കൂട്ടാറുള്ളൂ. ബാക്കി ആരും കൊണ്ടുപോകില്ല. ഭാര്യയെ കൂടെ കൊണ്ടു നടക്കുന്നു എന്നു പറഞ്ഞ് കളിയാക്കിയവർ പോലും ഇപ്പോൾ ഭാര്യയെ കൂട്ടാതെ എവിടെയും പോകില്ല.''- ശ്രീകുമാർ പറഞ്ഞു.

ഇക്കാലത്ത് സംഗീതസംവിധാനം എന്നുപറയുന്നത് കോപ്പിയടി മാത്രമാണെന്ന ആരോപണത്തെക്കുറിച്ച് ശ്രീകുമാർ പ്രതികരിച്ചതിങ്ങനെ- ''സിറ്റ്‌വേഷനുവേണ്ടി മാത്രമായി പാട്ടുണ്ടാക്കുമ്പോഴാണ് മോഷണം വേണ്ടിവരുന്നത്. അത്തരം പാട്ടുകളിൽ മിക്കവയും മോഷണമാണ്. ഇംഗ്ലീഷ്, സ്പാനിഷ് പാട്ടുകൾ കേട്ട് നേരെയിങ്ങോട്ട് പകർത്തും. 'ഇൻസ്പയർ' ചെയ്തു എന്നാണ് ഇതിന് പറയുക. ഇത്തരം പാട്ടുകൾക്കൊന്നും ആയുസ് കാണില്ല. ഈയിടെ ഒരു സംവിധായകൻ എന്നോട് പറഞ്ഞു, 'ഹൈടെക് ആയിട്ട് ഒരെണ്ണം വേണം' എന്ന്. ഞാൻ പറഞ്ഞു എനിക്ക് പറ്റില്ലെന്ന്. കാരണം അതുവേണമെങ്കിൽ ഞാനും കോപ്പിയടിക്കേണ്ടി വരും.''

പുതിയ പാട്ടുകാരിൽ മുദ്ര പതിപ്പിക്കാൻ സാധിച്ചത് വളരെ കുറച്ചുപേർക്കുമാത്രമാണ്. രാഹുൽ നമ്പ്യാർ, നജിം അർഷാദ് എന്നിവർ മാത്രമേ തന്റെ ഓർമയിൽ വരുന്നുള്ളെന്നും മറ്റുള്ളവർ പാടിപ്പോകുന്നതല്ലാതെ മറ്റുള്ളവരുടെ മനസിൽ ആഴത്തിൽ പതിയാൻ കഴിഞ്ഞിട്ടില്ലെന്നും ശ്രീകുമാർ പറഞ്ഞു.

റിയാലിറ്റിഷോകളാണ് ഇതിന് കാരണമെന്ന വാദവും ശ്രീകുമാർ തള്ളിക്കളഞ്ഞു. മുതിർന്ന ഗായകരേക്കാൾ, വിദേശ രാജ്യങ്ങളിലുൾപ്പെടെ മികച്ച അവസരമാണ് ഷോയിലെ വിജയികൾക്ക് കിട്ടുന്നത്. പുതിയ ഗായകർ തന്റെ അവസരം കുറച്ചിട്ടുണ്ടോ എന്ന കാര്യത്തെക്കുറിച്ച് ആലോചിച്ച് ടെൻഷൻ ഇല്ലെന്നും ശ്രീകുമാർ പറഞ്ഞു.