കോഴിക്കോട്: നിങ്ങൾക്ക് സാമാന്യ ബോധമില്ലേ... നിങ്ങളൊരു വിഡ്ഡിയാണോ.. നിങ്ങൾ മനുഷ്യൻ തന്നെയോ.. അതോ മറ്റു വല്ലതുമാണോ... നിങ്ങളൊരു മൃഗമാണോ.... സബ് ഇൻസ്‌പെക്ടറെ വിഡ്ഡിയെന്ന് അധിക്ഷേപിക്കുകയും മൃഗത്തോട് ഉപമിക്കുകയും ചെയ്ത ഡെപ്യൂട്ടി പൊലീസ് കമ്മീഷണർക്കെതിരെ പൊലീസ് സേനയിൽ പ്രതിഷേധം പുകയുന്നു. പൊലീസ് അസോസിയേഷൻ പരാതി നൽകിയതിനെത്തുടർന്ന് ക്രമസമാധാന ചുമതല വഹിക്കുന്ന ഡിസിപി എം ഹേമലതയിൽ നിന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ വി ജോർജ്ജ് വിശദീകരണം തേടി.

വിശദീകരണം ലഭിച്ചശേഷം തുടർനടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്ന് കമ്മീഷണർ അറിയിച്ചു. വിഷുവിന്റെ തലേന്ന് ഏപ്രിൽ 13 ന് രാവിലെയായിരുന്നു സംഭവം. പതിവായി നടക്കുന്ന പ്രതിദിന അവലോകന യോഗത്തിനിടെയാണ് കൺട്രോൾ റൂം എസ് ഐയെ രൂക്ഷമായ ഭാഷയിൽ അധിക്ഷേപിച്ചത്.

ഫ്‌ളയിങ് സ്‌ക്വാഡിന്റെ എല്ലാ വാഹനങ്ങളിലും എസ്‌ഐ തലത്തിലുള്ള ഉദ്യോഗസ്ഥൻ വേണമെന്ന് നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇത് നടപ്പാവാത്തതാണ് ഡിസിപിയെ പ്രകോപിപ്പിച്ചത്. മറ്റ് ഉദ്യോഗസ്ഥരെല്ലാം കേൾക്കെയായിരുന്നു എസ് ഐയെ വയർലെസിലൂടെ പരസ്യമായി അപമാനിച്ചത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന പലരും അവധിയിൽ പോയതിനാലാണ് പട്രോളിങ് വാഹനങ്ങളിലെല്ലാം എസ് ഐമാർ വേണമെന്ന നിർദ്ദേശം പാലിക്കാനാകാതിരുന്നതെന്ന് ഇൻസ്‌പെക്ടർ വിശദീകരിക്കാൻ ശ്രമിച്ചിരുന്നു.

എന്നാൽ അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാൻ തയ്യാറാവാതെയായിരുന്നു ഡിസിപിയുടെ സംസാരം. ഒരു കാര്യം പറഞ്ഞാൽ പറഞ്ഞ ഉടൻ അനുസരിച്ചോളണം.. കഴിയില്ലെങ്കിൽ കഴിവുകേട് പറഞ്ഞു പുറത്തുപോകണം.. ഏഴു വാഹനങ്ങളിൽ ഇപ്പോഴും ഓഫീസർമാരില്ല. നിങ്ങൾ മനുഷ്യനോ അതോ മറ്റുവല്ലതുമാണോ.. നിങ്ങളൊരു വിഡ്ഡിയാണോ.. നിങ്ങൾ മൃഗമാണോ..എന്നൊക്കെയായിരുന്നു അവരുടെ സംസാരം.

പൊലീസിലെ ആൾക്ഷാമം മൂലമാണ് നിർദ്ദേശം നടപ്പാക്കാൻ കഴിയാത്തതെന്നാണ് പൊലീസുകാർ വ്യക്തമാക്കുന്നത്. ഒൻപത് ഫ്‌ളൈയിങ് സ്‌ക്വാഡുകൾ ഓടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ ഇരുപത് വണ്ടികളാണ് ഓടുന്നത്. എന്നാൽ ആവശ്യത്തിന് പൊലീസുകാരില്ലാത്ത അവസ്ഥയാണ്. ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെ ഡിസിപി അപമാനിക്കുകയായിരുന്നുവെന്നാണ് പൊലീസുകാർ വ്യക്തമാക്കുന്നത്.

പൊലീസുദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്നതും ആത്മാഭിമാനം ചോദ്യം ചെയ്യുന്നതുമാണ് മേലുദ്യോഗസ്ഥയുടെ നടപടിയെന്ന് ചൂണ്ടിക്കാട്ടി പൊലീസുകാർ വിമർശനവുമായി രംഗത്തെത്തിയതോടെയാണ് കമ്മീഷണർ ഇവരോട് വിശദീകരണം ആവശ്യപ്പെട്ടത്.
ഡി സി പി ഹേമലതയ്‌ക്കെതിരെ പൊലീസ് ഉദ്യോഗസ്ഥരിൽ നേരത്തെ തന്നെ എതിർപ്പുണ്ട്. സേനാംഗങ്ങളോട് മോശം പെരുമാറ്റമാണ് ഇവർക്കുള്ളതെന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു.