- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിയാശാനും കൊടുത്തു അന്ന് കെഡിഎച്ച് വില്ലേജിൽ 25 സെന്റ്; പട്ടയം റദ്ദാക്കിയ ഉത്തരവ് റവന്യു വകുപ്പ് ഇറക്കിയപ്പോൾ മണിയാശാൻ പറഞ്ഞു ഒരുത്തനും ഇങ്ങോട്ട് കയറേണ്ടെന്ന്; വ്യാജനല്ലെന്ന് വിജിലൻസ് തീർപ്പാക്കിയിട്ടും ഉത്തരവിറക്കിയവർ പഠിക്കുന്നില്ല: എം ഐ രവീന്ദ്രൻ മറുനാടനോട്; പരമ്പരയുടെ അവസാന ഭാഗം
മൂന്നാർ മേഖലയിലെ രവീന്ദ്രൻ പട്ടയങ്ങൾ മുഴുവൻ വ്യാജ പട്ടയങ്ങളായിരുന്നോ, അതോ ഭാഗികമായി മാത്രം വ്യാജനോ? 1999 ൽ ദേവികുളം അഡീഷനൽ തഹസിൽദാറുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി തഹസിൽദാർ എം ഐ രവീന്ദ്രൻ ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി പട്ടയങ്ങൾ പതിച്ചു നൽകിയെന്നാണ് ഉയർന്നിരുന്ന ആരോപണം. സംസ്ഥാനം ഏറെ ചർച്ച ചെയ്ത മൂന്നാർ കയ്യേറ്റമൊഴിപ്പിക്കലിനു ശേഷം രവീന്ദ്രൻ പട്ടയം ഒരിക്കൽ കൂടി ചർച്ചയാവുകയാണ്. വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചതാണ് വിഷയത്തെ ഒരിക്കൽക്കൂടി ഇടുക്കിയിൽ ചൂടേറിയ ചർച്ചയാക്കിയത്.
മൂന്നാറിലെ കെ ഡി എച്ച് ഉൾപ്പെടെ ദേവികുളം താലൂക്കിലെ 9 വില്ലേജുകളിൽ വിതരണം ചെയ്തിട്ടുള്ള രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി, പുതിയ പട്ടയങ്ങൾ വിതരണം നടത്തുന്നതിനായി സർക്കാർ നടപടികൾ തുടങ്ങിയിരിക്കുകയാണ്. 1999 ൽ ലാൻഡ് അസൈന്മെന്റ് കമ്മിറ്റി ശുപാർശ പ്രകാരം എന്ന നിലയ്ക്ക് അന്നത്തെ അഡീഷണൽ തഹസിൽദാരായിരുന്ന എം ഐ രവീന്ദ്രൻ നൽകിയ 530 പട്ടയങ്ങൾ റദ്ദ് ചെയ്യാനാണ് ജില്ലാ കളക്ടർക്ക് റവന്യൂ വകുപ്പ് നിർദ്ദേശം നൽകിയിട്ടുള്ളത്.
ഭൂമിക്ക് അർഹരാണെങ്കിൽ അവരിൽ നിന്നും അപേക്ഷ സ്വീകരിച്ച് നിലവിലെ ചട്ടപ്രകാരം പട്ടയം നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഉത്തരവ് പ്രകാരം നിലവിൽ 270-ളം പട്ടയങ്ങൾ റദ്ദാക്കിയിട്ടുണ്ട്. 45 ദിവസത്തിനുള്ളിൽ പുതിയ പട്ടയങ്ങൾ നൽകുന്നത് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇത് നടപ്പിലാവില്ലന്ന് വ്യക്തമായതോടെ നടപടികൾ പൂർത്തീകരിക്കാൻ 3 മാസത്തെ സമയം കൂടി സർക്കാർ നീട്ടി നൽകി.
കഴിഞ്ഞ ദിവസം ഇടുക്കി ജില്ല കളക്ടർ ഉൾപ്പെടെ ഉന്നതാധികൃതർ ദേവികുളം ആർഡിഒ ഓഫീസിൽ എത്തി രവീന്ദ്രൻ പട്ടയങ്ങൾ കൈവശമുള്ളവരെ വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. മാറിയ സാഹചര്യത്തിൽ പൂതിയ പട്ടയം നേടിയെടുക്കുന്നതിന് കടമ്പകൾ ഏറെയാണ്. അതുകൊണ്ട് തന്നെ രവീന്ദ്രൻ പട്ടയമുള്ള ഭൂമി കൈവശമുള്ളവരിൽ ഏറെപ്പേരും അങ്കലാപ്പിലാണ്. ഈ പശ്ചാത്തലത്തിൽ,പട്ടയ വിതരണത്തിന്റെ പിന്നാമ്പുറ കഥകൾ മറുനാടൻ മലയാളിയോട് പങ്കുവയ്ക്കുകയാണ് എം.ഐ.രവീന്ദ്രൻ. പരമ്പരയുടെ അവസാനഭാഗം:
മൂന്നാർ കെഡിഎച്ച് വില്ലേജിൽ വിതരണം ചെയ്ത പട്ടയങ്ങളിൽ ഒരെണ്ണം അന്നത്തെ സി പി എം ജില്ലാ സെക്രട്ടറിയായിരുന്ന എം എം മണിയുടെ പേരിലുള്ളതാണ്. 25 സെന്റ് ഭൂമിക്കാണ് പട്ടയം കൊടുത്തിട്ടുള്ളത്. വെറും ഭൂമിക്കാണ് അന്ന് പട്ടയം കൊടുത്തത്. അതിന് ശേഷമാണ് അദ്ദേഹത്തിന്റെ പാർട്ടി ഓഫീസ് അവിടെ സ്ഥാപിക്കപ്പെട്ടത്.
ഈ ഓർഡർ ഇറങ്ങിയ ശേഷം മണിയാശാന്റെ പ്രതികരണം പുറത്തുവന്നിരുന്നു. കെഡിഎച്ച് വില്ലേജിൽ എന്റെ പേരിൽ പട്ടയം കിട്ടിയിട്ടുള്ള സ്ഥലത്തേയ്ക്ക് ഒരു ഓർഡറുമായി ഒരുത്തനും കേറണ്ടെന്നും കയറിയാൽ ബാക്കി കാര്യങ്ങൾ നോക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അദ്ദേഹം പറയുന്നതിൽ കാര്യമുണ്ട്. ഏത് കളക്ടർ ആയാലും സിപിഐ നേതാവായാലും അവിടെ കയറാമെന്ന് കരുതണ്ട, അതുനടക്കില്ല. അക്കാര്യം തറപ്പിച്ചുതന്നെ പറയാം.
2003-ൽ ഞാൻ ചാർജ്ജിൽ ഉണ്ടായിരുന്ന സമയത്ത് ഉപയോഗിച്ചിരുന്നത് ബ്രിട്ടീഷുകാരുടെ കാലത്തുള്ള ശംഖ് മുദ്രയുള്ള സീലാണ്. ചാർജ്ജ് വിട്ടപ്പോൾ ഇതും ഉത്തരവാദിത്തപ്പെട്ടവരെ ഏൽപ്പിച്ചിരുന്നു. അതിനും രേഖയുണ്ട്. ചാർജ്ജ് ലിസ്റ്റും സൂക്ഷിച്ചിട്ടുണ്ട്. ഞാൻ ഓഫീസ് വിട്ട് രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ആ ശംഖ് മുദ്രയുള്ള സീൽ ഓഫീസിൽ നിന്നും അപ്രത്യക്ഷമായി. ഞാൻ കൊടുത്തിട്ടുപോന്ന പട്ടയഫോറങ്ങൾ പലതും അപ്രത്യക്ഷമായി.
ഇതിന് ശേഷമിറങ്ങിയ പട്ടയങ്ങളിൽ ശംഖ് മുദ്ര കാണാനില്ല, ആന എംബ്ലമാണ് കാണുന്നത്. ഇത് നിർമ്മിച്ചത് ആരാണെന്ന് അറിയില്ല, ഒരു കാര്യം വ്യക്തമായി പറയാം, ഞാൻ വിതരണം ചെയ്ത 530 പട്ടയങ്ങളിൽ ശംഖ മുദ്രയും എന്റെ ഒപ്പുമുണ്ട്. അതുകൊണ്ട് ഈ പട്ടയങ്ങൾ തിരിച്ചറിയാൻ ഒരു പ്രയാസവുമില്ല. അത് ലാന്റ് അസൈമെന്റ് കമ്മിറ്റി അംഗീകരിച്ചതാണ്. അതിൽ വ്യാജനില്ല.
2014-ൽ രവീന്ദ്രൻ പട്ടയം വ്യാജനാണെന്ന് പ്രചരിച്ചതിന്റെ അടിസ്ഥാനത്തിൽ കോട്ടയം വിജിലൻസ് യൂണിറ്റ് ഡിവൈഎസ്‌പി ഈ പട്ടയങ്ങളെല്ലാം വിശദമായി പരിശോധിച്ചു. താമസിയാതെ വിജിലൻസ് ദേവികുളം തഹസീൽദാർക്ക് റിപ്പോർട്ടും നൽകി. കൊടുത്തിട്ടുള്ള പട്ടയങ്ങൾ റഗുലറൈസ് ചെയ്യണമെന്നായിരുന്നു പരിശോധിച്ച പട്ടയങ്ങളുടെ ലിസ്റ്റ് സഹിതം നൽകിയ റിപ്പോർട്ടിലെ പ്രധാന ശുപാർശ. ഇതിർത്ഥം രവീന്ദ്രൻ കൊടുത്ത പട്ടയങ്ങൾ വ്യാജനല്ല എന്ന് തന്നെയാണ്.
ഈ അന്വേഷണ റിപ്പോർട്ടിന് എന്ത് സംഭിച്ചു എന്ന കാര്യം ഇപ്പോഴും അജ്ഞാതമാണ്. ഇത് നടപ്പിലാക്കാൻ സർക്കാർ തയ്യാറാവാതിരുന്നതിന് പിന്നിൽ വ്യക്തമായ അജണ്ടയുണ്ടെന്നാണ് കരുതുന്നത്. ഈ റിപ്പോർട്ട് നടപ്പിലായിരുന്നെങ്കിൽ അന്നെ ഈ പട്ടയങ്ങളെ ചൊല്ലിയുള്ള പ്രശ്നങ്ങൾ അവസാനിക്കുമായിരുന്നു.
കെ ഡി എച്ച് വില്ലേജിനെ ഒഴിവാക്കിയത് മണിയാശാനെ പേടിച്ച്
രവീന്ദ്രൻ പട്ടയങ്ങളുടെ സമാപനം എന്ന് പറയുന്നത് 18-2-22-ൽ റവന്യൂവകുപ്പിൽ നിന്നിറക്കിയ ഒരു ഉത്തരവാണ്. ദേവികുളം താലൂക്കിൽ അഡീഷണൽ തഹസീൽദാർ ആയിരുന്ന എം ഐ രവീന്ദ്രൻ അധികാര പരിധി മറികടന്ന് , അനധികൃതമായി നൽകിയ പട്ടയങ്ങൾ( രവീന്ദ്രൻ പട്ടയങ്ങൾ) റദ്ദുചെയ്യുന്നതിന് ഇടുക്കി ജില്ലാകളക്ടറെ ചുമതലപ്പെടുത്തിക്കൊണ്ടുള്ളതാണ് ഉത്തരവ്. ഇതിൽ എടുത്ത് പറയേണ്ട കാര്യം കെഡിഎച്ച് വില്ലേജിനെ ഈ ഉത്തരവിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ്. മണിയാശാനെ പേടിച്ചിട്ടാണ് ഇത്തരത്തിൽ ഒരു ഭേദഗതിക്ക് ബന്ധപ്പെട്ടവർ തയ്യാറായതെന്നാണ് ഉറച്ച് വിശ്വസിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് പരിശോധി്ക്കപ്പെടേണ്ട രണ്ട് കാര്യങ്ങളുണ്ട്. കെ ഡി എച്ച് റിസംക്ഷൻ (resumption )ആക്ട് അനുസരിച്ച് ലാന്റ്ബോർഡ് അവാർഡ് പ്രകാരം സർക്കാർ മിച്ചഭൂമി ഏറ്റെടുത്തിട്ടുണ്ട്. ഈ ഭൂമിക്ക് പട്ടയം കൊടുക്കുന്നതിനുള്ള അധികാരം ജില്ല കളക്ടറിൽ നിക്ഷിപ്തമാണ്്. ഇത് നിയമപരമായിട്ട് ശരിയാണ്. പക്ഷേ അന്ന് കെഡിഎച്ച് വില്ലേജിന്റെ ഭാഗമായിരുന്നു ഇന്നത്തെ മാങ്കുളം വില്ലേജ്. ഈ മാങ്കുളം വില്ലേജിലാണ് പട്ടയം കൊടുക്കാനുള്ള 5754 ഏക്കർ സ്ഥലം ഉള്ളത്.
ടി കെ ജോസ് ജില്ലാ കളക്ടർ ആയിരുന്ന സമയത്ത് അവിടെ കുറച്ച് പട്ടയം വിതരണം ചെയ്തു. അതിന് ശേഷം അവിടെ പട്ടയം കൊടുത്തിട്ടില്ല. കെഡിഎച്ച് വില്ലേജിൽ ഇപ്പോഴും കെഡിഎച്ച് റിസംക്ഷൻ ആക്ട് നിലിൽക്കുന്നു എന്ന ധാരണയാണ് റവന്യൂവകുപ്പിന് ഉള്ളത്. ഇതാണ് അധികാര ദുർവ്വിനിയോഗം ചെയ്ത് രവീന്ദ്രൻ പട്ടയം വിതരണം ചെയ്തു എന്ന കണ്ടെത്തലിന് പിന്നിലുള്ളത്. സത്യത്തിൽ ഗൃപാഠം ചെയ്യാതെയാണ് ഇവർ ഇത്തരം കണ്ടെത്തലുകൾ നടത്തിയിട്ടുള്ളതും ഉത്തരവ് ഇറക്കിയിട്ടുള്ളതും.
രണ്ടാമത്തെ കാര്യം രവീന്ദ്രന് അധികാരമില്ല എന്നുള്ളതാണ്. എനിക്ക് പട്ടയം ഒപ്പിടാനുള്ള അധികാരം ഉണ്ടായിരുന്നു. കളക്ടർ ആണ് രേഖാ മൂലം ആ അധികാരം നൽകിയത്. പട്ടയം അനുവദിച്ച് തന്നത് ലാന്റ് അസൈമെന്റ് കമ്മറ്റിയാണ്. എനിക്ക് തോന്നുന്നവർക്ക് പട്ടയം കൊടുക്കുന്ന പരിപാടിയല്ല അവിടെ നടന്നത്. ഇത് കൃത്യമായി അന്വേഷിക്കണം.
ഇത് അഴിമതിക്കുവേണ്ടിയുള്ള കളിയാണ്. ഈ ഉത്തരവ് തെറ്റാണ്്. 10000 രൂപ വാർഷിക വരുമാനമാണ് അന്ന് പട്ടയം ലഭിക്കുന്നതിനായുള്ള മാനദണ്ഡം. ഇത്തരത്തിൽ വാർഷിക വരുമാനം ഉള്ള വ്യക്തി പട്ടയത്തിന് അപേക്ഷ നൽകി, പട്ടയം ലഭിച്ചിട്ടുണെങ്കിൽ, അയാൾക്ക് കേരളത്തിൽ മറ്റൊരിടത്തും സ്ഥലം ഇല്ലെങ്കിൽ ആ പട്ടയം റദ്ദുചെയ്യാൻ നിയമമില്ല. ഇതൊന്നും നോക്കാതെയാണ് ഇപ്പോൾ ജില്ല കളക്ടർ കൂടടച്ച് ഉത്തരവ് ഇറക്കിയിരിക്കുന്നത്.
ഇത് അടുത്തൊന്നും തീരുന്ന വിഷയമല്ല. കണ്ണൻ ദേവൻ കമ്പനി വൻതോതിൽ ഭൂമി കയ്യേറിയിട്ടുണ്ടെന്നുള്ള ആരോപണം നിയമസഭാ സമിതി പരിശോധിക്കുകയും 50000 ഏക്കറിലേറെ ഭൂമി കയ്യേറിയിട്ടുണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. സാറ്റ്ലൈറ്റ് സർവ്വെ നടത്തിയിട്ടുപോലും ഈ സ്ഥലം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൂക്കുകൊണ്ട് സർവ്വെ നടത്തിയല്ല പട്ടയം കൊടുക്കുന്നത്. ഇതൊന്നും നടക്കുന്ന കാര്യമല്ല. ഫണ്ട് ലഭ്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യം മാത്രമാണ് ഇതിന് പിന്നിലുള്ളത്. കോടതിയിൽ കേസുകൾ നിലിൽക്കുന്നതിനാൽ ഈ ഉത്തരവിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല.
27 ഏക്കറിൽ കയ്യേറ്റം, പിന്നിൽ രാഷ്ട്രീയക്കാരുടെ ബിനാമികൾ, കണ്ടില്ലെന്ന് നടിച്ച് ഉദ്യോഗസ്ഥരും
ലോകത്തിലെ ഒന്നാം നമ്പർ ടൂറിസ്റ്റ് കേന്ദ്രമാണ് മൂന്നാർ. ഇവിടെ സ്ഥലത്തിന്റെ മാർക്കറ്റ് വില സെന്റിന് 18,19 ലക്ഷമൊക്കെയാണ്. ഇത് കേരളത്തിൽ എവിടെയൊക്കെ ഉണ്ടെന്നറിയില്ല. മൂന്നാറിൽ ഒരു സെന്റ് സ്ഥലത്തിന്റെ മോഹവില 45 ലക്ഷത്തിന് മുകളിൽ വരെ എത്തിക്കഴിഞ്ഞു. ഇവിടെ സർക്കാർ ഭൂമി ഇഷ്ടം പോലെ കിടക്കുന്നുണ്ട്. ഇത്രയും വിലയുള്ള വസ്തു ആരും നോക്കാനില്ലാതെ കിടക്കുമ്പോൾ കയ്യേറ്റം ഉണ്ടാകുക സ്വാഭാവികമാണ്.
കേരളത്തിലെ വനഭൂമി വനംവകുപ്പ് ജണ്ടയിട്ട് തിരിച്ചാണ് സംരക്ഷിച്ചുവരുന്നത്. അല്ലാതെ വനത്തിന് ചുറ്റും കാവലിന് ആളെ നിർത്തിയിട്ടില്ല. ജണ്ടയ്ക്കുള്ളിൽ കടന്നാൽ അവർ കേസെടുക്കും ആളെ പിടിക്കും. ഇത്തരത്തിൽ റവന്യൂവകുപ്പും അവരുടെ സ്ഥലം ജണ്ടയിട്ട് സംരക്ഷിക്കാൻ തയ്യാറാവണം. ഇവിടെ വരുന്ന ഉദ്യോഗസ്ഥർക്ക് റവന്യൂഭൂമി സംരക്ഷിക്കുന്ന കാര്യത്തിൽ താൽപര്യമില്ല. ഇതിനുള്ള നിർദ്ദേശം നൽകാൻ മാറി മാറി വരുന്ന കളക്ടർമാർ തയ്യാറാവുന്നുമില്ല.
ഈ അലംഭാവം രാഷ്ട്രീയ സ്വാധീനമുള്ളവർക്കും കുത്തുകമുതലാളിമാർക്കും കയ്യേറ്റത്തിന് അവസരം ഒരുക്കുന്നു. ഒരു തവണ കയ്യേറും, ആരെങ്കിലും പരാതി ഉന്നയിച്ചാൽ ഇറക്കി വിടും. പിന്നെയും കയറും, വ്യാജ രേഖകൾ സംഘടിപ്പിക്കും, സ്വന്തമാക്കും. ഇതാണ് ഇപ്പോൾ മൂന്നാറിൽ നടക്കുന്നത്. ഇത് അവസാനിപ്പിക്കാൻ എന്തുചെയ്യാൻ കഴിയുമെന്ന് ഈ ഘട്ടത്തിൽ ആലോചിക്കുന്നത് നന്നായിരിക്കും.
ഇവിടെ വൈദ്യുത വകുപ്പിന് 27 ഏക്കർ സ്ഥലം കൈവശമുണ്ട്. 1957-മുതൽ അവരുടെ കൈവശത്തിലുള്ള സ്ഥലമാണ്. ഇതുവരെ പൊസഷൻ സർട്ടിഫിക്കറ്റോ പട്ടയമോ റവന്യൂവകുപ്പ് നൽകിയിട്ടില്ല. ജില്ലാ കളക്ടർക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി പലവട്ടം വൈദ്യുത വകുപ്പ് കത്തെഴുതിയിരുന്നു. ഈ സ്ഥലങ്ങൾ ഇന്ന് ഉന്നതർ ഉൾപ്പെടെയുള്ളവർ സാമ്പത്തിക -രാഷ്ടീയ സ്വാധീനത്താൽ കൈയടക്കി വച്ചിരിക്കുകയാണ്. ഇതൊന്നും കാണാത്ത റവന്യൂവകുപ്പ്്, കൃത്യമായി നടപ്പാക്കാൻ കഴിയാത്ത ഉത്തരവിന്റെ പിറകെ ഖജനാവിൽ നിന്നും വൻതുക ചിലവഴിച്ച് വട്ടം ചുറ്റന്നതിനെക്കുറിച്ച് ഹാ..കഷ്ടം എന്നെ പറയാനുള്ളു.
(അവസാനിച്ചു)
മറുനാടന് മലയാളി ലേഖകന്.