'നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു. എന്നാൽ ഉപ്പിനു ഉറകെട്ടുപോയാൽ അതിനു എങ്ങിനെ ഉറകൂട്ടും? പുറത്തേയ്ക്കു വലിച്ചെറിഞ്ഞു മനുഷ്യരാൽ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും അതു കൊള്ളുകയില്ല.'

മത്തായിയുടെ സുവിശേഷം, 5-ആം അധ്യായം, 13-ആം വാക്യം.

ആകയാൽ സഖാക്കളെ,

കാര്യത്തിലേയ്ക് കടക്കാം.

എൽ ഡി എഫിന് പോലും ഓർക്കാനിഷ്ടമില്ലാത്ത നാളുകളായിരിക്കും 1996-2001-കാലഘട്ടം. സിപിഎമ്മിലെ വിഭാഗീയത അതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ വളർന്ന കാലം. കമ്യൂണിസ്റ്റ് നിഘണ്ടുക്കളിൽ ഇല്ലാത്ത പദങ്ങളും കമ്യൂണിസ്റ്റുകാർക്ക് പരിചിതമല്ലാത്ത പ്രയോഗരീതികളും പാർട്ടിയിൽ പൂണ്ടുവിളയാടിയ കാലം. ഞാനെന്റെ സഖാവിന്റെ കാവൽക്കാരനോ എന്ന് സഖാക്കൾ പുച്ഛിച്ച കാലം. അനീതിക്കെതിരെ നിങ്ങളുടെ രക്തം തിളയ്ക്കുന്നു എങ്കിൽ നമ്മൾ സഖാക്കളാണ് എന്ന ക്ലാസിക്കൽ നിർവ്വചനം പാർട്ടി ഓഫീസുകളുടെ മൂലയിൽ അനാഥമായി വലിച്ചറിയപ്പെട്ടു കിടന്ന കാലം. പരിമിതമെങ്കിലും പാർട്ടി അംഗീകരിച്ച ജനാധിപത്യ രീതികൾ പോലും അപ്രത്യക്ഷമായ കാലം. പണത്തിനു മീതെ പാർട്ടി പറക്കാതായ കാലം. പാർട്ടിക്ക് മാനേജർമാരും പുത്തൻകൂറ്റു ബന്ധുക്കളും ഉണ്ടായ കാലം 1998-ലെ പാലക്കാട് സമ്മേളനം എല്ലാ വഷളത്തത്തിനും അലുക്കു പിടിപ്പിച്ച കാലം.

സിപിഎമ്മിന്റെ ഒരു തലമുറ തന്നെ പട്ടുപോയ ആ കാലത്ത്, വിഭാഗീയതയൊരുക്കിയ വിടവിലൂടെ പല പ്രവണതകളും പാർട്ടിയിൽ കടന്നുകൂടി. എളുപ്പ വഴിയിൽ ക്രിയ ചെയ്യുക പല തലത്തിലുമുള്ള സഖാക്കളും ശീലമാക്കി. സഖാക്കൾ നേതാക്കളും അനുയായികളുമായി മാറി എന്നതായി അതിന്റെ ബാക്കി പത്രം.

അതിന്റെ പ്രതിഫലനം ഭരണത്തിലുമുണ്ടായി. ലാവലിൻ അവതരിച്ചു, പാർട്ടിയിൽത്തന്നെ ഭിന്നതയ്ക്കു കാരണമായി. ഐസ്‌ക്രീം പാർലർ കേസ്--അതത്ര ചെറിയ കേസല്ല, രണ്ടു പെൺകുട്ടികളുടെ, ഒരു സാധാരണ മനുഷ്യന്റെ -- ഒക്കെ ജീവിതം അകാലത്തിൽ തീർന്നുപോയ കാര്യമാണ്--ഉണ്ടായി, ഇല്ലാതായി. മാർട്ടിൻ ബോണ്ട് പോലും അതിന്റെ ബാക്കിപത്രങ്ങളിൽ ഒന്നാണ് എന്ന് ഞാൻ പറയും: അക്കാലത്ത് പാർട്ടി പഠിച്ചെടുത്ത വേണ്ടാതീനങ്ങളുടെ വല്ലാത്ത തിരുശേഷിപ്പ്.

പുറത്ത് എന്തു പറഞ്ഞാലും സി പി എം എന്ന പാർട്ടിയുടെ ഉള്ളു ദ്രവിച്ചു തുടങ്ങിയത് ആ കാലത്താണ്. പാർട്ടിയുടെ അടിസ്ഥാന സ്വഭാവമായിരുന്നുലാളിത്യവും ആദർശബോധവുമൊക്കെ പതുക്കെപ്പതുക്കെ വിലയില്ലാച്ചരക്കുകളാകുന്ന ലക്ഷണം കാണിച്ചു തുടങ്ങി. വിമര്ശനമേയുള്ളൂ, സ്വയം വിമർശനമില്ല എന്ന നിലയായി. വൻതോക്കുകൾ അവരുടെ നിക്ഷിപ്ത താൽപ്പര്യങ്ങൾ അത്രയും വച്ചുകൊണ്ടു പാർട്ടിയുടെ സുഹൃത്തുക്കളും ബന്ധുക്കളുമായി മാറിത്തുടങ്ങി.

20 കൊല്ലം മുൻപ് ഉൾപ്പാർട്ടി ജനാധിപത്യത്തിനേറ്റ തിരിച്ചടി പാർട്ടിയെ എങ്ങിനെ ബാധിച്ചുവോ, അത്തരം ബാധ ഇപ്പോഴും പാർട്ടിയെ പിടികൂടിത്തുടങ്ങി എന്ന് ഞാൻ കരുതുന്നു. യാദൃശ്ചികതയല്ല: ഐസ്‌ക്രീം പാർലർ കേസ് പൊങ്ങിവന്നു, ലോട്ടറി പൊങ്ങി വന്നു, ഭൂമാഫിയക്കഥകൾ പൊങ്ങി വന്നു. അവരെയൊക്കെ സംരക്ഷിച്ചുനിർത്തിയ, രക്ഷിച്ചുകൊടുത്ത അവതാരങ്ങൾ വീണ്ടും അരങ്ങത്തു വന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാൻ മനസ്സിലാക്കുന്നത് സി പി എമ്മിന്റെ സാധാരണ പ്രവർത്തകർ അങ്ങേയറ്റം അസ്വസ്ഥരാണ് എന്നാണ്. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സി പി എമ്മിനോ പ്രവർത്തകർക്കോ ഒരിക്കലും അംഗീകരിക്കാനാകാത്ത പ്രവർത്തങ്ങളിൽ ഏർപ്പെടുന്നവർ നിയമത്തിന്റെ കൈയിൽ നിന്നും രക്ഷിക്കാൻ മുൻപിട്ടിറങ്ങുന്നു എന്നത് അവരെ അങ്ങേയറ്റം അസ്വസ്ഥരാക്കുന്നു. അങ്ങേയറ്റം കടുത്ത വെല്ലുവിളികളെയും പ്രലോഭനങ്ങളെയും നേരിട്ടു തങ്ങൾ വിശ്വസിക്കുന്ന പ്രസ്ഥാനത്തെ ഒരിക്കൽക്കൂടി ഈ നാടിന്റെ നേർക്കാഴ്‌ച്ചയായി ഉയർത്തിക്കാട്ടി നെഞ്ചു വിരിച്ചു നടന്നവർ ഇപ്പോൾ നിരാശരാണ്. അവരുടെ തല താണു തുടങ്ങി. അവരുടെ ചോര തണുത്തു തുടങ്ങി. അവരുടെ വിശദീകരണങ്ങൾ മൂളലുകളി ഒതുങ്ങി.

ജീവിതത്തിൽ ഇന്നുവരെ ചെങ്കൊടി പിടിച്ചിട്ടില്ലാത്ത, സിപിഐ എം സിന്ദാബാദ് എന്ന് വിളിച്ചിട്ടില്ലാത്ത എന്നെപ്പോലുള്ളവരുടെ അസ്വസ്ഥതകൾ വിട്ടുകളയൂ. പക്ഷെ പാതി കുനിഞ്ഞ ശിരസ്സുമായി നടക്കുന്ന പതിനായിരക്കണക്കിന് പാർട്ടി അംഗങ്ങങ്ങളെയും ലക്ഷക്കണക്കിന് അനുയായികളെയും കണ്ടില്ലെന്നു നടിക്കാൻ ഈ പാർട്ടിക്ക് ആകുന്നു എന്നത് എന്നെ അമ്പരപ്പിക്കുന്നു.

കുട്ടിക്കുരങ്ങിനെക്കൊണ്ട് ചുടുചോറ് വാരിക്കുക എന്ന് കേട്ടിട്ടില്ലേ? അത് തീരെ ചെറിയ ഒരു പരിപാടിയല്ല. നിങ്ങൾ കുട്ടിക്കുരങ്ങിനെക്കൊണ്ട് ചുടുചോറ് വാരിച്ചാൽ അതിന്റെ കൈ പൊള്ളും. പക്ഷെ കൈയിലിരിക്കുന്ന ചോറിന്റെ ചൂടുകൊണ്ടാണ് കൈ പൊള്ളുന്നതെന്നു അതിനു മനസ്സിലാവില്ല. അവസാനം മുഴുവൻ വേദനയും സഹിച്ച് കൈ പൊള്ളി തൊലി പോകും. അപ്പോഴും ചോറിലെ പിടി വിട്ടിട്ടുണ്ടാവില്ല.

സി പി എം ഇത്തരമൊരവസ്ഥയിലാണ് എന്നാണ് എന്റെ വിലയിരുത്തൽ. ഈ പാർട്ടിയിലെ സാധാരണക്കാരായ പ്രവർത്തകരുടെ, ചെങ്കൊടി തങ്ങളുടെ അവകാശമാണ് എന്ന് കരുതുന്ന സഖാക്കളുടെ കൈയല്ല, ഉള്ളാണ് ഉരുകുന്നത്, നേതാക്കൾ ചില അവതാരങ്ങളെചേർത്തു പിടിക്കുമ്പോൾ. ഈ പാർട്ടിയോടോ, അതിന്റെ വലിയ ചരിത്രത്തോടൊ ഇത്തിരിയെങ്കിലും ബഹുമാനമുള്ളവർ ഈ ചുടുചോറ് വാരലിനു കൂട്ടു നിൽക്കരുത്, ഇതു വിട്ടുകളയണം എന്ന് ഉറച്ചു പറയേണ്ട സമയമാണ് ഇത്.

പാർട്ടി അതിന്റെ സ്വാഭാവിക രസം വീണ്ടെടുത്തില്ലെങ്കിൽ, പഴയ പ്രേതങ്ങൾക്കും ദുരാത്മാക്കൾക്കും വിളയാടാനായി കളമൊരുക്കിക്കൊടുക്കുകയാണെങ്കിൽ, പഴയ പാപങ്ങളുടെ കരിനിഴൽ ഈ ഭരണത്തെയും പിന്തുടരും. ക്രമേണ അതില്ലാതാകും.

വിമർശനവും സ്വയം വിമർശനവും ഈ പാർട്ടിയുടെ സ്വാഭാവിക രസക്കൂട്ടാണ്, അതിന്റെ സ്വഭാവം നിശ്ചയിക്കുന്ന ഗുണമാണ്. ഉപ്പിനു ഉപ്പുരസം പോലെ. അതില്ലാതാകുമ്പോൾ, സഖാക്കൾ നേതാക്കളും അനുയായികളും ആകുമ്പോൾ, ആളുകൾ കാര്യം പറയാൻ മടിക്കുമ്പോൾ നമ്മൾ മത്തായിയുടെ സുവിശേഷം ഒരിക്കൽക്കൂടി ഓർക്കും.

' നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു. എന്നാൽ ഉപ്പിനു ഉറകെട്ടുപോയാൽ അതിനു എങ്ങിനെ ഉറകൂട്ടും? പുറത്തേയ്ക്കു വലിച്ചെറിഞ്ഞു മനുഷ്യരാൽ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും അതു കൊള്ളുകയില്ല.'

ലേഖകൻ ഡെക്കാൺ ക്രോണിക്കലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററും ഇടതു മുന്നണി അധികാരത്തിൽ വരേണ്ടത് ആവശ്യമാണ് എന്ന നിലയ്ക്ക് ശക്തമായ സോഷ്യൽ മീഡിയ ഇടപെടൽ നടത്തിയ ആളാണ്. ഫേസ്‌ബുക്കിൽ എഴുതിയ ഈ കുറിപ്പ് വ്യക്തിപരമായ അഭിപ്രായം ആണ് എന്ന് ലേഖകൻ മറുനാടനോട് വ്യക്തമാക്കിയിട്ടുണ്ട് - എഡിറ്റർ.