- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൗ ജിഹാദ് ജോസ് കെ മാണിയെ കൊണ്ട് പിണറായി പറയിപ്പിച്ചത്; പശ്ചിമ ബംഗാളിൽ മാത്രമല്ല, സിപിഎമ്മിന്റെ നിറം കേരളത്തിലും കാവിയാവുകയാണ്; വിമർശനവുമായി എം കെ മുനീർ
കോഴിക്കോട്: കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണിയുടെ ലൗ ജീഹാദ് പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് ഡോ. എംകെ മുനീർ. ജോസ് കെ മാണിയെ കൊണ്ട് ലൗ ജിഹാദിനെകുറിച്ച് പറയിപ്പിക്കുന്നത് പിണറായി വിജയനാണെന്ന് എം കെ മുനീർ ആരോപിച്ചു. പിണറായിയുടെ ഈ നീക്കം മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കി അവരുടെ സൗഹൃദം തകർക്കാനാണെന്നും മുനീർ പറഞ്ഞു.
പശ്ചിമ ബംഗാളിൽ മാത്രമല്ല, സിപിഎമ്മിന്റെ നിറം കേരളത്തിലും കാവിയാവുകയാണ്. കേരളത്തെ ഇല്ലാതാക്കാനാണ് സിപിഐഎമ്മും ആർഎസ്എസും കൈകോർത്ത് പിടിക്കുന്നതെന്നും എത്രയോ കാലമായി ആർഎസ്എസ്-സിപിഐഎം നിലനിൽക്കുന്നുണ്ടെന്നും മുനീർ പറഞ്ഞു.
ലൗ ജിഹാദ് വിഷയം പരിശോധിക്കപ്പെടണമെന്ന ജോസ് കെ മാണിയുടെ പ്രസ്താവന പുതിയ തെരഞ്ഞെടുപ്പ് ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്. ലൗ ജിഹാദ് വിഷയം ജനസമൂഹത്തിന് മുന്നിൽ ആവർത്തിച്ച് ഉയർന്നുവരികയാണെന്നും പരിശോധിച്ച് വ്യക്തത വരുത്തണമെന്നും പാലായിലെ എൽഡിഎഫ് സ്ഥാനാർത്ഥി ആവശ്യപ്പെട്ടു.
ഇതാദ്യമായാണ് എൽഡിഎഫ് നേതാക്കളിലൊരാൾ ലൗ ജിഹാദ് വിഷയം രാഷ്ട്രീയ ചോദ്യമായി ഉന്നയിക്കുന്നത്. ലൗ ജിഹാദ് തടയാൻ നിയമം കൊണ്ടുവരുമെന്ന് ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിൽ വാഗ്ദാനം ഉൾപ്പെടുത്തിയത് ചർച്ചയായതിന് പിന്നാലെയാണ് കേരള കോൺഗ്രസ് നേതാവിന്റെ പ്രസ്താവന. സിപിഐഎം ഈ വിഷയം തള്ളിക്കളഞ്ഞതാണല്ലോ എന്ന് ചോദിച്ചപ്പോൾ ജോസ് തന്റെ നിലപാട് ആവർത്തിച്ചു.