- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുനീർ വിദേശത്തേക്ക് പറന്നത് 27 തവണ; കുഞ്ഞാലിക്കുട്ടിയും ഷിബു ബേബിജോണും 21 തവണ വീതം; മുഖ്യമന്ത്രി വിദേശത്ത് പോയത് ആറു തവണ മാത്രം; ഒരു തവണ പോയി ജയലക്ഷ്മിയും ഒരിക്കലും വിദേശത്ത് പോകാതെ സിഎൻ ബാലകൃഷ്ണനും
തിരുവനന്തപുരം: ദേശീയതലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകൾ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് വിവാദമാക്കിയത് അടുത്തകാലത്താണ്. മോദിക്ക് മുഴുവൻ സമയവും വിദേശത്തു ചുറ്റിയടിക്കലാണ് പരിപാടിയെന്ന വിധത്തിലാണ് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചത്. എന്നാൽ മോദിയുടെ വിദേശയാത്രകൾകൊണ്ട് രാജ്യത്തിന് ഗുണമുണ്ടായെന്നും അത് നയതന്ത്ര
തിരുവനന്തപുരം: ദേശീയതലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകൾ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് വിവാദമാക്കിയത് അടുത്തകാലത്താണ്. മോദിക്ക് മുഴുവൻ സമയവും വിദേശത്തു ചുറ്റിയടിക്കലാണ് പരിപാടിയെന്ന വിധത്തിലാണ് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചത്. എന്നാൽ മോദിയുടെ വിദേശയാത്രകൾകൊണ്ട് രാജ്യത്തിന് ഗുണമുണ്ടായെന്നും അത് നയതന്ത്ര വിജയമാണെന്നും അഭിപ്രായപ്പെട്ടത് ശശി തരൂർ ആയിരുന്നു. ഇങ്ങനെ കേന്ദ്രത്തെ വിദേശയാത്രകളുടെ പേരിൽ വിമർശിക്കുന്ന കോൺഗ്രസ് ഭരിക്കുന്ന കേരളത്തിലെ മന്ത്രിമാർ വിദേശയാത്രകളുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കം ഈ സർക്കാറിന്റെ കാലയളവിൽ നടത്തിയത് 205 വിദേശയാത്രകളാണ്. 2011 മേയിൽ അധികാരത്തിൽ എത്തിയതുമുതലുള്ള കണക്കാണ് ഇത്. നിയമസഭയിൽ വി. ചെന്താമരാക്ഷന്റെ ചോദ്യത്തിനുള്ള മറുപടിയായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
യാത്രബത്തയുടെയും ഫോൺവിളിയുടെയും കണക്കിൽ മുന്നിലെത്തിയ സാമൂഹ്യനീതി വകുപ്പ് മന്ത്രി എം.കെ. മുനീർ തന്നെയാണ് വിദേശയാത്രാ പട്ടികയിലെ മുമ്പൻ. വിദേശ യാത്രകൾളാണ് എം കെ മുനീർ നടത്തിയത്. 21 തവണ വീതം യാത്ര ചെയ്ത വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും തൊഴിൽ മന്ത്രി ഷിബു ബേബി ജോണും തൊട്ടു പിന്നിലെത്തി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആറു തവണ വിദേശ യാത്ര നടത്തി. മന്ത്രി പി.കെ. ജയലക്ഷ്മി ഒരു തവണമാത്രമാണ് വിദേശത്തേക്ക് പറന്നത്. സഹകരണ വകുപ്പ് മന്ത്രി സി.എൻ. ബാലകൃഷ്ണൻ ഒറ്റത്തവണ പോലും വിദേശയാത്ര നടത്താതെ പട്ടികയിൽ നിന്നു പുറത്തായി.
കെ.സി. ജോസഫ് 18 തവണയും എ.പി. അനിൽകുമാർ 14 തവണയും ഇ.ടി. ഇബ്രാഹിം കുഞ്ഞ് 11 തവണയും വിദേശത്തേക്ക് പറന്നു. അടൂർ പ്രകാശ് 11 തവണയും തിരുവഞ്ചൂർ രാധാകൃഷ്ണൻ 10 തവണയും വിദേശയാത്ര നടത്തിയതായി മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. യാത്രകൾക്കായി ആകെ ചെലവായത് 42,14,268 രൂപയാണ്.
ഈ റിപ്പോർട്ടുകൾ ഒക്കെ ഖജനാവിൽ നിന്നും പണം മുടക്കി നടത്തിയ ഔദ്യോഗികയാത്രകളെ കുറിച്ച് മാത്രമാണ്. മിക്ക മന്ത്രിമാരും ഒട്ടേറെ തവണ സ്വന്തം പണമോ സ്‌പോൺസേഴ്‌സിന്റെ പണമോ ഉപയോഗിച്ച് അനേകം തവണ വിദേശയാത്ര നടത്തിയിട്ടുണ്ട്. ഇതിന്റെ കണക്ക് നിയമസഭ രേഖകളിൽ ഇല്ല. ഇത് ലഭിക്കണമെങ്കിൽ മന്ത്രിമാരുടെ പാസ്‌പോർട്ട് പരിശോധന മാത്രമാണ് പോംവഴി.
മറ്റു മന്ത്രിമാരുടെ യാത്രകളുടെ എണ്ണം ഇങ്ങനെ: മുഖ്യമന്ത്രി (6),
പി.കെ. അബ്ദുറബ്ബ് (9), അടൂർ പ്രകാശ് (10), എ.പി. അനിൽകുമാർ (14), ആര്യാടൻ മുഹമ്മദ് (4), ഇബ്രാഹിംകുഞ്ഞ് (11), പി.ജെ. ജോസഫ് (3), കെ.സി. ജോസഫ് (18), കുഞ്ഞാലിക്കുട്ടി (21), കെ.എം. മാണി (6), കെ.പി. മോഹനൻ (13), ഷിബു ബേബിജോൺ (21), വി എസ്. ശിവകുമാർ (6), തിരുവഞ്ചൂർ രാധാകൃഷ്ണൻ(10), അനൂപ് ജേക്കബ് (9), മഞ്ഞളാംകുഴി അലി (2), രമേശ് ചെന്നിത്തല (4). മന്ത്രിയായിരുന്നപ്പോൾ കെ.ബി. ഗണേശ്കുമാർ എട്ട് വിദേശ യാത്രകൾ നടത്തി.
മുഖ്യമന്ത്‌റി 89062 രൂപ വിദേശ യാത്രകൾക്ക് ചെലവഴിച്ചു. എ.പി. അനിൽകുമാർ (6,53,727), ഗണേശ്കുമാർ (1,48,813), ടി.എം. ജേക്കബ് (3,99,352), പി.ജെ. ജോസഫ് (7,03,299), കെ.സി. ജോസഫ് (3,96,505), പി.കെ. കുഞ്ഞാലിക്കുട്ടി (74,007), കെ.എം. മാണി (2,86,821), ഷിബു ബേബിജോൺ (9,92,902), അനൂപ് ജേക്കബ് (1,96,880), രമേശ് ചെന്നിത്തല (2,72,900) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ ചെലവ്. വിദേശ യാത്രയ്ക്കിടെ താമസത്തിനായി ഷിബു ബേബിജോൺ 1,22,394 രൂപയും അനൂപ് ജേക്കബ് 26,350 രൂപയും രമേശ് ചെന്നിത്തല 98,460 രൂപയും ചെലവഴിച്ചു.
കഴിഞ്ഞമാസം പുറത്തുവന്ന ഫോൺവിളിയുടെ കണക്കുകൾ പ്രകാരം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു ഇക്കാര്യത്തിൽ മുന്നിൽ. പത്ത് ലക്ഷം രൂപയാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഫോൺവിളിക്കായി സർക്കാർ ഖജനാവിൽ നിന്നും ചെലവിട്ടത്. മന്ത്രിമാരുടെ മൊത്തം ഫോൺവിളികൾക്കായി നാല് വർഷത്തിനുള്ളിൽ 1.18 കോടി രൂപയും ചെലവായിരുന്നു.
മന്ത്രിമാരുടെ ഓഫീസിലെയും വസതിയിലെയും മണ്ഡലത്തിലെയും ഫോണുകളിൽ നിന്നും മൊബൈൽഫോണുകളിൽ നിന്നു വിളിച്ച തുകയാണിത്. പൊതുഭരണവകുപ്പിന്റെ കണക്കനുസരിച്ച് ഫോൺ വിളിയിൽ മുന്നിൽ മുഖ്യമന്ത്രിയാണ്. 9.98ലക്ഷം രൂപയുടെ വിളിയാണ് അദ്ദേഹം നടത്തിയത്. ഓഫീസിൽ നിന്നു 629372 രൂപയ്ക്കും വസതിയിൽനിന്നു 303570 രൂപയ്ക്കും മണ്ഡലത്തിലെ ഫോണിൽ നിന്നു 54101 രൂപയ്ക്കും മൊബൈൽ ഫോണിൽ നിന്നു 11,864 രൂപയ്ക്കും വിളിച്ചു.
ഫോൺ വിളിയുടെ കാര്യത്തിൽ രണ്ടാമൻ സാമൂഹികക്ഷേമ മന്ത്രി ഡോ. എം.കെ മുനീറാണ്. 9.66 ലക്ഷമാണു മന്ത്രി കൈപ്പറ്റിയത്. ഓഫീസിൽനിന്നു 4.60 ലക്ഷത്തിനും വസതിയിലെ ഫോണിൽനിന്നു 3.95ലക്ഷത്തിനും മണ്ഡലത്തിൽ അനുവദിച്ച ഫോണിൽനിന്നു 75,422 രൂപയ്ക്കും മൊബൈൽഫോണിൽനിന്നു 35,529 രൂപയ്ക്കുമാണു മുനീർ വിളിച്ചിരിക്കുന്നത്.
2.04 ലക്ഷത്തിനു മാത്രം വിളിച്ച് പട്ടികവർഗ ക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്മിയാണ് ഇക്കാര്യത്തിൽ ഏറ്റവും പിന്നിലുള്ളത്. മണ്ഡലത്തിൽ അനുവദിച്ച ഫോൺ വാങ്ങിക്കാതെ ഓഫീസിൽനിന്നു 1.24 ലക്ഷത്തിനും വസതിയിൽ 40,4844 രൂപയ്ക്കും മൊബൈൽഫോണിൽ നിന്നും38,944 രൂപയ്ക്കുമുള്ള വിളികളാണ് ജയലക്ഷ്മി നടത്തിയിരിക്കുന്നത്. ഫോൺ വിളിയിൽ മൂന്നാമൻ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയാണ് 7.76 ലക്ഷം രൂപ.ഇതിൽ 3.44 ലക്ഷം രൂപയും മൊബൈൽ ഫോൺ ചാർജ് ചെയ്യാനാണ് ഉപയോഗിച്ചിരിക്കുന്നത്.