തിരുവനന്തപുരം: താലിബാൻ വിസ്മയമാണെന്ന് ചിന്തിക്കുന്ന ഒരു വിഭാഗം കേരളത്തിലുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീർ എംഎ‍ൽഎ. ജമാത്ത് ഇ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടെയും ആശയങ്ങൾ ലീഗിന്റെ ആശയങ്ങളുമായി പൊരുത്തപ്പെടുന്നതല്ല. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും ഒരുപോലെ എതിർക്കാൻ ലീഗിനെ കഴിയു എന്നും മുനീർ ഒരു വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

താലിബാനെ ഒരു വിസ്മയമായിക്കാണുന്ന കുറച്ചുപേരെങ്കിലും നമുക്ക് ഇടയിൽ ഉണ്ട്. വലിയൊരു ഭൂരിപക്ഷം ഉണ്ടെന്ന് ഞാൻ അവകാശപ്പെടുന്നില്ല. ഇവർ വ്യാഖ്യാനിച്ചു കൊണ്ടുവരുന്നിടത്തല്ല ഞങ്ങൾ പഠിച്ച ഇസ്ലാമുള്ളത്. ഏതു തരത്തിലുള്ള വർഗീയതയും, അത് തീവ്രവാദ ചിന്ത വരുന്ന ന്യൂനപക്ഷത്തിന്റെ അകത്തുനിന്നുള്ള ആശയമായാലും ഇപ്പുറത്ത് ഭൂരിപക്ഷത്തിന്റെ പേരിൽ നടത്തുന്ന വർഗീയതയാണെങ്കിലും അതിനെ ഒരേപോലെ എതിർക്കാൻ സാധിക്കുന്നത് അതുകൊണ്ടാണെന്നും മുനീർ അഭിപ്രായപ്പെട്ടു.

നേരത്തെ താലിബാനെതിരായി ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടതിനെത്തുടർന്ന് മുനീറിന് ഭീഷണിക്കത്ത് ലഭിച്ചിരുന്നു. താലിബാൻ ഒരു വിസ്മയം എന്ന പേരിലാണ് കത്ത് ലഭിച്ചത്. ഫേസ്‌ബുക്ക് പോസ്റ്റ് ഉടൻ പിൻവലിക്കണം. താലിബാന് എതിരായ പോസ്റ്റ് ആയിട്ടല്ല അതിനെ കാണുന്നത്. മറിച്ച് മുസ്ലിം വിരുദ്ധ പോസ്റ്റാണത്. 24 മണിക്കൂറിനുള്ളിൽ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ നിന്നേയും കുടുംബത്തേയും തീർപ്പ് കൽപിക്കുമെന്നും ഭീഷണിക്കത്തിൽ പറയുന്നുണ്ട്.