- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷൊർണൂർ മേളം തീയറ്റർ ഇനി എം ലാൽ സിനിപ്ളക്സ്! സിനിമാ പ്രേമികളുടെ ഹരമായ മേളം തീയറ്റർ ഉദ്ഘാടനം ചെയ്തു മോഹൻലാൽ
ഷൊർണൂർ: ഷൊർണൂരിന്റെ അഭിമാനമായിരുന്നു മേളം തിയേറ്റർ ഇനി മുതൽ എം ലാൽ സിനി പ്ലക്സ്. സിനിമാ പ്രേമികളുടെ ഹരമായിരുന്ന തീയറ്റർ സൂപ്പർതാരം മോഹൻലാൽ പുലർച്ചെ 4.30ന് തിയേറ്റർ ഉദ്ഘാടനം ചെയ്തു. ആശിർവാദ് സിനിമാസിന്റെയും മോഹൻലാലിന്റെയും ഉടമസ്ഥതയിലാണ് എം ലാൽ സിനിപ്ളക്സ്.താൻ ഏറെ സ്നേഹിക്കുന്ന വള്ളുവനാടൻ മണ്ണിനും, ജനങ്ങൾക്കുമുള്ള സ്നേഹോപഹാരമാണ് ഈ തിയറ്റർ സമുച്ഛയമെന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത ശേഷം ലാൽ പറഞ്ഞു.
'നിളാതീരത്തോടുള്ള ആരാധനയുടെയും, കടപ്പാടിന്റെയും പ്രതിഫലനം കൂടിയാണിത്. മലയാള സിനിമയും, ഷൊർണൂരിന്റെ മണ്ണും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. പതിറ്റാണ്ടുകൾ നീണ്ട ദൃഢബന്ധം. നൂറ് കണക്കിന് സിനിമകൾ പിറന്ന മണ്ണ്. ആ മണ്ണിനോടും, മനുഷ്യരോടും കടപ്പെട്ടിരിക്കുന്നു. അഭിനയ ജീവിതത്തിൽ മൂന്നര പതിറ്റാണ്ട് മുൻപ് തുടങ്ങിയതാണ് ഈ നിളാതീരത്തോടുള്ള സ്നേഹ ബന്ധം. ഈ മണ്ണിൽ ചവിട്ടി എത്രയോ കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കാൻ കഴിഞ്ഞു. നിളയെന്ന പുണ്യം പുതിയ സംരംഭത്തിനും അനുഗ്രഹമാവട്ടെ. ഇന്നത്തെ പുലരി ഷൊർണൂരിന് പുതുപുലരി സമ്മാനിക്കട്ടെ.. പുതു പ്രതീക്ഷ നിറയ്ക്കട്ടെ ... പുതിയ കാഴ്ചകൾ സമ്മാനിക്കട്ടെ...'-മോഹൻലാലിന്റെ വാക്കുകൾ.
1980കൾ മുതൽ ഷൊർണൂരിൽ സജീവമായിരുന്ന തിയേറ്റർ ആയിരുന്നു മേളം.900 സീറ്റുകളുള്ള തിയേറ്ററായിരുന്നു. ഷൊർണൂർ റെയിൽവേ സ്റ്റേഷന് എതിർവശത്തായുള്ള മേളത്തിൽ 'ആരംഭം' എന്ന സിനിമയാണ് ആദ്യമായി പ്രദർശിപ്പിച്ചത്. 2019ലായിരുന്നു തിയേറ്റർ പ്രദർശനം നിർത്തിയത്.അതേസമയം, മോഹൻലാൽ നായകനാകുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം ഡിസംബർ 2ന് റിലീസിന് ഒരുങ്ങുകയാണ്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.
മറുനാടന് ഡെസ്ക്